Connect with us

National

സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക് എന്ന പരിഗണന നല്‍കാനാവില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

സഹകരണ സംഘങ്ങള്‍ (കോഓപ്പറേറ്റീവ് സൊസൈറ്റികള്‍) ബാങ്കുകളല്ലെന്നാണ് റിസര്‍വ് ബാങ്ക് നേരത്തെ വ്യക്തമാക്കിയത്.

Published

|

Last Updated

ന്യൂഡല്‍ഹി| സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക് എന്ന പരിഗണന നല്‍കാനാവില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്കിംഗ് നിയമപ്രകാരം ലൈസന്‍സില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതു സംബന്ധിച്ച റിസര്‍വ് ബാങ്ക് നിലപാടില്‍ ഇടപെടണമെന്നുള്ള കേരളത്തിന്റെ അഭ്യര്‍ഥന തള്ളിയാണ് ധനമന്ത്രിയുടെ വിശദീകരണം. സഹകരണ സംഘങ്ങള്‍ (കോഓപ്പറേറ്റീവ് സൊസൈറ്റികള്‍) ബാങ്കുകളല്ലെന്നാണ് റിസര്‍വ് ബാങ്ക് നേരത്തെ വ്യക്തമാക്കിയത്.

1949ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ട് സെക്ഷന്‍ ഏഴ് പ്രകാരം റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതിയുള്ള സ്ഥാപനങ്ങളെ മാത്രമാണ് ബാങ്കുകളായി കണക്കാക്കുക. നിക്ഷേപം സ്വീകരിക്കുന്നതില്‍ ആര്‍ബിഐ സഹകരണ സംഘങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സൊസൈറ്റി അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കില്ലെന്നാണ് വ്യക്തമാക്കിയത്. സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 15,000ത്തോളം വരുന്ന സഹകരണ സംഘങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണ് ആര്‍.ബി.ഐയുടെ നിലപാട്. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി അനുസരിച്ചാണ് റിസര്‍വ് ബാങ്കിന്റെ പുതിയ ഉത്തരവ്. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്ലാത്ത സഹകരണ സംഘങ്ങള്‍ ബാങ്ക്, ബാങ്കിങ്, ബാങ്കര്‍, എന്നിങ്ങനെ പേരിനൊപ്പം ചേര്‍ക്കാന്‍ പാടില്ലെന്ന് വിലക്കിയിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. 2020 സെപ്തംബര്‍ 29ന് ഈ നിയമം നിലവില്‍ വന്നെങ്കിലും കേരളത്തില്‍ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.

 

Latest