Connect with us

Kerala

കോണ്‍ഗ്രസില്‍ സാമ്പത്തിക പ്രതിസന്ധി ; പ്രധാന നേതാക്കളുടെ പ്രചാരണ പരിപാടികള്‍ വെട്ടിച്ചുരുക്കും

പ്രചരണത്തിന് പിസിസികളും സ്ഥാനാര്‍ഥികളും സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം.

Published

|

Last Updated

കോട്ടയം | ആദായനികുതി വകുപ്പ് പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കടക്കം പണമില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ് കോണ്‍ഗ്രസ്. പ്രധാന നേതാക്കളുടെ പ്രചാരണ പരിപാടികള്‍ വെട്ടിച്ചുരുക്കാനാണ് തീരുമാനം. പണം കണ്ടെത്താന്‍ തിരഞ്ഞെടുപ്പിന് മുമ്പ് അടിയന്തര പണപ്പിരിവിന് ഒരുങ്ങുകയാണ് കെപിസിസി. പ്രചരണത്തിന് പിസിസികളും സ്ഥാനാര്‍ഥികളും സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം.

നേതാക്കളുടെ അടക്കം യാത്ര ചെലവ് പ്രതിസന്ധിയിലാണെന്നും കേരളത്തില്‍ പാര്‍ട്ടി വലിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബല്‍റാം പറഞ്ഞു. പ്രചാരണത്തില്‍ അടക്കം ഇത് ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണം പണമില്ലെങ്കിലും കനക്കുമെന്നും നേതാക്കള്‍ പറയുന്നു. അതേസമയം, ഉത്തരേന്ത്യയിലും പാര്‍ട്ടി ഭരണത്തില്‍ ഇല്ലാത്ത മറ്റു സംസ്ഥാനങ്ങളിലും സാമ്പത്തിക പ്രതിസന്ധി പ്രതികൂലമായി ബാധിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തില്‍ പ്രചാരണം നടത്താനാണ് പാര്‍ട്ടി തീരുമാനം.

പാര്‍ട്ടിയുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിച്ചതിനാല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലെന്ന് രാഹുല്‍ ഗാന്ധി നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. പോസ്റ്ററുകള്‍ അടിക്കാനും പത്രങ്ങളില്‍ പരസ്യം നല്‍കാനും കഴിയുന്നില്ല. പ്രചാരണം മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുകയാണെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സഹായിക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നുമാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്.

 

Latest