Connect with us

Kerala

സപ്ലൈകോയിലും സാമ്പത്തിക പ്രതിസന്ധി; ശമ്പളം മുടങ്ങി

അവശ്യസാധനങ്ങൾക്ക് ക്ഷാമം

Published

|

Last Updated

തിരുവനന്തപുരം | സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സപ്ലൈകോയിൽ ജീവനക്കാരുടെ ശമ്പളം മുടങ്ങി. അഞ്ചാം തീയതി ലഭിക്കേണ്ട മെയിലെ ശമ്പളം ഇന്നലെയും ജീവനക്കാർക്ക് ലഭിച്ചിട്ടില്ല. ശമ്പളം എത്താൻ പത്താം തീയതി കഴിഞ്ഞേക്കുമെന്നാണ് സപ്ലൈകോയുടെ വിശദീകരണം. കെ എസ് ആർ ടി സിക്ക് പിന്നാലെയാണ് സപ്ലൈകോയിലും ശമ്പളം മുടങ്ങുന്നത്.
പുതിയ അധ്യയന വർഷാരംഭമായതിനാൽ വലിയ ചെലവ് വരുന്ന സമയമാണ്.

ഈ അവസരത്തിൽ ശമ്പളം മുടങ്ങിയതോടെ ആയിരക്കണക്കിന് വരുന്ന സപ്ലൈകോ ജീവനക്കാർ പ്രതിസന്ധിയിലാണ്.സപ്ലൈകോയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ മാർച്ചിൽ സർക്കാർ 200 കോടി രൂപ അനുവദിച്ചിരുന്നു. സർക്കാറിന്റെ വിപണി ഇടപെടൽ പ്രവർത്തനങ്ങൾ നടപ്പാക്കിയതിന്റെ ഭാഗമായായിരുന്നു തുക അനുവദിച്ചത്. ഈ ഫണ്ട് ശമ്പള വിതരണത്തിന് ഉപയോഗിക്കാനാകില്ലെങ്കിലും വിപണി ഇടപെടലിന് ഉപയോഗിക്കാമെന്ന് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ, 200 കോടി രൂപ അനുവദിച്ചിട്ടും വിപണിയിൽ അവശ്യമായ സാധനങ്ങൾ എത്തിക്കാൻ സപ്ലൈകോക്ക് സാധിച്ചിട്ടില്ല.

അനുവദിച്ച തുക അപര്യാപ്തമായതാണ് കാരണം. കഴിഞ്ഞ ഓണത്തിന് ശേഷം സപ്ലൈകോ വിതരണ കേന്ദ്രങ്ങളിൽ പഞ്ചസാര എത്തിയിട്ടില്ല. കുടിശ്ശിക പണം ലഭിക്കാത്തതിനാൽ വിതരണം നടത്തിക്കൊണ്ടിരുന്ന ഏജൻസികൾ പിന്മാറിയതാണ് പഞ്ചസാര വിൽപ്പന നിലക്കാൻ കാരണം. 200 കോടി രൂപ കുടിശ്ശിക നൽകാനുണ്ടെന്നാണ് വിവരം. ഒരു വർഷമായി കരാറുകാർ പഞ്ചാസാര വിതരണത്തിന് ടെൻഡർ എടുക്കുന്നില്ല. പഞ്ചസാര കൂടാതെ വൻപയർ, തുവര, കുത്തരി എന്നിവക്കും വിവിധ വിതരണ കേന്ദ്രങ്ങളിൽ ക്ഷാമം നേരിടുന്നുണ്ട്.

Latest