Articles
ധനഞെരുക്കം: ഉത്തരവാദി ആര്?
ഈ വര്‍ഷം കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന തുകകളിലും വായ്പാനുപാതത്തിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 57,400 കോടി രൂപയാണ് കുറവ് വന്നിട്ടുള്ളത്
നിര്‍മലാ സീതാരാമന്‍ കഴിഞ്ഞയാഴ്ച കേരളത്തില്‍ വന്ന് നടത്തിയ പ്രസംഗത്തില്‍ സംസ്ഥാനത്തിന് കേന്ദ്രം നല്‍കുന്ന ധനവിഹിതം സംബന്ധിച്ച വിഷയങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന ചില കാര്യങ്ങള്‍ പരാമര്‍ശിക്കുകയുണ്ടായി. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിനു മുമ്പ് ആമുഖമായി ചില കാര്യങ്ങള്‍ പറയേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ തനത് വരുമാനം വര്‍ധിക്കുകയാണോ, കുറയുകയാണോ? കേന്ദ്ര ധനസഹായം വര്‍ധിക്കുകയാണോ, കുറയുകയാണോ? കേന്ദ്രം കേരളത്തിന് എടുക്കാന്‍ പറ്റുന്ന വായ്പക്ക് നല്‍കുന്ന അനുമതിയുടെ തുകയില്‍ എന്തൊക്കെ വ്യതിയാനമാണ് വരുത്തിയത് എന്നൊക്കെ പരിശോധിക്കേണ്ടതുണ്ട്.
സംസ്ഥാന സര്‍ക്കാറിന്റെ ധനസ്രോതസ്സുകള്‍ പ്രധാനമായും മൂന്നാണ്. തനത് റവന്യൂ വരുമാനം, കേന്ദ്ര വിഹിതം, വായ്പ എന്നിവയാണ്. തനത് നികുതി വരുമാനം 2022 മാര്‍ച്ചില്‍ 58,300 കോടി രൂപയായിരുന്നു. എന്നാല്‍ 2023 മാര്‍ച്ചില്‍ ഇത് 71,900 കോടി രൂപയായി വര്‍ധിച്ചു. അതേസമയം കേന്ദ്ര റവന്യൂ വിഹിതം 2022 മാര്‍ച്ചില്‍ 47,800 കോടി ആയിരുന്നത് 2023 മാര്‍ച്ചില്‍ 45,608 കോടിയായി കുറഞ്ഞു. കേന്ദ്രം കേരളത്തിന് എടുക്കാന്‍ അനുവാദം നല്‍കിയ വായ്പ 2020-21ല്‍ 28,566 കോടിയാണ്. 2021-22ല്‍ 27,000 കോടിയും 22-23ല്‍ 30,800 കോടിയും. ഈ വര്‍ഷം റവന്യൂ കമ്മി ഗ്രാന്റില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8,400 കോടി രൂപയാണ് കുറയുന്നത്. ഒപ്പം ജി എസ് ടി നഷ്ടപരിഹാരം നിര്‍ത്തിയതിലൂടെ 12,000 കോടി രൂപയുടെ നഷ്ടം വേറെയുമുണ്ട്. അതായത് മൊത്തത്തില്‍ പരിശോധിച്ചാല്‍, കേന്ദ്ര വിഹിതത്തിലും വായ്പയുടെ അനുമതിയിലും വരുത്തിയ കുറവാണ് സംസ്ഥാനത്തിന്റെ മൊത്ത വരുമാനത്തെ ബാധിക്കുന്നത്. അതേസമയം, സംസ്ഥാനം തനത് നികുതി വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
അടുത്തതായി കേരള സര്‍ക്കാറിന്റെ ചെലവിന്റെ വിഷയത്തിലേക്ക് വരാം. പൊതുവായി പറഞ്ഞാല്‍ ഒരു സര്‍ക്കാറിന്റെ ചെലവ് രണ്ട് തരത്തിലുള്ളതാണ്. റവന്യൂ ചെലവും മൂലധന ചെലവും. റവന്യൂ ചെലവ് എന്നാല്‍ ശമ്പളം, പെന്‍ഷന്‍, വായ്പയുടെ തിരിച്ചടവ് തുടങ്ങിയ ആവര്‍ത്തന ഇനങ്ങളാണ്. മൂലധന ചെലവ് എന്നത് റോഡ്, പാലം തുടങ്ങിയവക്ക് നടത്തുന്ന നിക്ഷേപങ്ങളാണ്. മൊത്തം ചെലവ് പരിശോധിച്ചാല്‍ 2021 മാര്‍ച്ചില്‍ 1.39 ലക്ഷം കോടി രൂപയായിരുന്നത് 2023 മാര്‍ച്ചില്‍ 1.59 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. 2022 മാര്‍ച്ചിലെയും 2023 മാര്‍ച്ചിലെയും വരവും ചെലവും താരതമ്യപ്പെടുത്തിയാല്‍ കേരളം ഇന്ന് നേരിടുന്ന ധന ഞെരുക്കത്തിന്റെ അടിസ്ഥാന കാരണം കേന്ദ്ര റവന്യൂ വിഹിതത്തിലും വായ്പാ അനുമതിയിലും വന്ന കുറവാണെന്ന് വ്യക്തമാണ്.
ഇനി കേന്ദ്ര ധനമന്ത്രി ഉന്നയിച്ച വിഷയങ്ങളിലേക്ക് വരാം. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ റവന്യൂ കമ്മി ഗ്രാന്റായി 37,814 കോടി രൂപയാണ് കേരളത്തിന് നിശ്ചയിച്ചത്. 2021-22ല്‍ 19,891 കോടി, 2022-23ല്‍ 13,174 കോടി, 2023-24ല്‍ 4,749 കോടി. അടുത്ത രണ്ട് വര്‍ഷങ്ങളില്‍ ഈ ഇനത്തില്‍ കേരളത്തിന് ഒരു രൂപ പോലും നിശ്ചയിച്ചിട്ടുമില്ല. റവന്യൂ കമ്മി ഗ്രാന്റ് കേരളത്തിന് കേന്ദ്രം അനുവദിച്ച സൗജന്യമല്ല. യഥാര്‍ഥത്തില്‍ കേരളത്തിന് കേന്ദ്ര നയങ്ങള്‍ മൂലം ഉണ്ടായ വരുമാന നഷ്ടത്തിന്റെ പകുതി പോലും റവന്യൂ കമ്മി ഗ്രാന്റിലൂടെ പരിഹരിക്കപ്പെട്ടിട്ടില്ല.
ഈ വര്‍ഷം കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന തുകകളിലും വായ്പാനുപാതത്തിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 57,400 കോടി രൂപയാണ് കുറവ് വന്നിട്ടുള്ളത്. വായ്പാനുമതിയില്‍ 19,000 കോടി രൂപ നിഷേധിച്ചു. റവന്യൂ കമ്മി ഗ്രാന്റില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8,400 കോടി രൂപ കുറഞ്ഞു. ജി എസ് ടി നഷ്ടപരിഹാരം 12,000 കോടിയോളം രൂപ ഇല്ലാതായി. നികുതി വിഹിതം 3.58 ശതമാനത്തില്‍ നിന്ന് 1.925 ശതമാനമായി കുറച്ചതിലൂടെ 18,000 കോടി രൂപയാണ് വരുമാന നഷ്ടം. കേന്ദ്ര സര്‍ക്കാറിന് നികുതിയായി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗമാണ് കേന്ദ്ര ധനകാര്യ കമ്മീഷന്‍ തീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ നികുതി വിഹിതമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ തീര്‍പ്പ് അനുസരിച്ച് നിലവില്‍ കേന്ദ്രത്തിന് ലഭിക്കുന്ന തുകയുടെ 41 ശതമാനമേ സംസ്ഥാനങ്ങള്‍ക്ക് വിഭജിക്കുന്നുള്ളൂ. 14ാം ധനകാര്യ കമ്മീഷന്റെ കാലത്ത് കേന്ദ്രത്തിന് ലഭിച്ചിരുന്ന തുകയുടെ 42 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്കായി വിഭജിച്ചു നല്‍കിയത്.
മൂല്യവര്‍ധിത നികുതി(വാറ്റ്)യില്‍ നിന്ന് ജി എസ് ടിയിലേക്കുള്ള മാറ്റം സംസ്ഥാനത്തിന് കടുത്ത വരുമാന നഷ്ടമാണുണ്ടാക്കിയത്. പെട്രോള്‍, ഡീസല്‍, മദ്യം എന്നിവയില്‍ മാത്രമായി സംസ്ഥാന നികുതി അധികാരം ചുരുങ്ങി. ഇരുനൂറില്‍പരം ആഡംബര ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും 35 മുതല്‍ 45 ശതമാനംവരെ മൂല്യവര്‍ധിത നികുതി ഉണ്ടായിരുന്നു. ജി എസ് ടിയില്‍ ഇവയെല്ലാം 28 ശതമാനത്തിലേക്ക് താഴ്ത്തി, പിന്നീട് 18 ശതമാനത്തിലേക്കും കേന്ദ്ര സര്‍ക്കാര്‍ ചുരുക്കി. ഇതുമൂലം സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് വിലക്കുറവുണ്ടായതുമില്ല. എന്നാല്‍, സംസ്ഥാന വരുമാനത്തെയാണ് ബാധിച്ചത്. വാറ്റ് നികുതി പൂര്‍ണമായും സംസ്ഥാനത്തിന് അവകാശപ്പെട്ടതായിരുന്നു. ജി എസ് ടിയിലാകട്ടെ, പകുതി കേന്ദ്ര സര്‍ക്കാറിന് പോകും. ജി എസ് ടി സംബന്ധിച്ച എല്ലാ വിഷയങ്ങളുടെയും ഏതാണ്ട് പൂര്‍ണ നിയന്ത്രണം കേന്ദ്ര സര്‍ക്കാറിനാണ്.
കേരളത്തിന്റെ ധനകാര്യം സംബന്ധിച്ച വിഷയങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ സമര്‍പ്പിച്ചിട്ടില്ലെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. എന്നാല്‍ കേന്ദ്ര ധനമന്ത്രിയെ കേരള ധനമന്ത്രി ഈ വര്‍ഷത്തില്‍ തന്നെ ജൂലൈ 12നും ഒക്ടോബര്‍ ഏഴിനും നേരിട്ടുകണ്ട് സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നിവേദന രൂപത്തില്‍ നല്‍കി. മുഖ്യമന്ത്രി കേരളത്തിന്റെ സാമ്പത്തിക വിഷയങ്ങള്‍ പ്രധാനമന്ത്രിയെ നേരിട്ട് ധരിപ്പിച്ചിട്ടുമുണ്ട്. ധനകാര്യ സെക്രട്ടറി ഉള്‍പ്പെടെ വിവിധ വകുപ്പുമേധാവികള്‍ നിവേദനത്തിന്റെ രൂപത്തിലും കത്ത് മുഖേനയും പലതവണ കേന്ദ്ര സര്‍ക്കാറിന്റെ മേധാവികളെ വിഷയങ്ങള്‍ അറിയിച്ചിട്ടുണ്ട്.
2021-22ലെ സംസ്ഥാനത്തിന്റെ വരവ് ചെലവുകള്‍ സംബന്ധിച്ച് എ ജി സാക്ഷ്യപ്പെടുത്തിയ കണക്കുകള്‍ നല്‍കിയില്ല എന്നത് മുമ്പും ഉന്നയിച്ച ആക്ഷേപമാണ്. സംസ്ഥാനം എ ജിക്ക് കൃത്യമായ കണക്കുകള്‍ നല്‍കിയിരുന്നു. ഇത് സാക്ഷ്യപ്പെടുത്തി കേന്ദ്രത്തിന് നല്‍കുന്നതില്‍ എ ജിയാണ് വീഴ്ച വരുത്തിയത്. പിന്നീട് എ ജി കണക്കുകള്‍ സാക്ഷ്യപ്പെടുത്തി കേന്ദ്രത്തിന് നല്‍കി. പകര്‍പ്പ് കേരളത്തിനും ലഭിച്ചു.