Connect with us

National

സാമ്പത്തിക തട്ടിപ്പ് കേസ്; ഹാര്‍ദിക് പാണ്ഡ്യയുടെ അര്‍ദ്ധ സഹോദരന്‍ വൈഭവ് പാണ്ഡ്യ അറസ്റ്റില്‍

ഹാര്‍ദിക്കിന്റെയും സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യയുടെയും സംരംഭത്തില്‍ നിന്നും 4.3 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് വൈഭവിനെ അറസ്റ്റ് ചെയ്തത്.

Published

|

Last Updated

മുംബൈ| സാമ്പത്തിക തട്ടിപ്പ് കേസില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്ടന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അര്‍ദ്ധ സഹോദരന്‍ വൈഭവ് പാണ്ഡ്യ അറസ്റ്റില്‍. മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റന്വേഷണ വിഭാഗമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹാര്‍ദിക്കിന്റെയും സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യയുടെയും സംരംഭത്തില്‍ നിന്നും 4.3 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് വൈഭവിനെ അറസ്റ്റ് ചെയ്തത്.
ഫണ്ട് തിരിമറി, പങ്കാളിത്ത ഉടമ്പടി ലംഘനം എന്നീ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് വൈഭവ് പാണ്ഡ്യയെ അറസ്റ്റ് ചെയ്തത്.

മൂന്ന് വര്‍ഷം മുമ്പ് ഹാര്‍ദ്ദിക്കും ക്രുനാലും വൈഭവ് പാണ്ഡ്യയും ചേര്‍ന്ന് പോളിമര്‍ ബിസിനസില്‍ നിക്ഷേപം നടത്തിയിരുന്നു. 40 ശതമാനം വീതം ഹാര്‍ദ്ദിക്കും ക്രുനാലും 20 ശതമാനം വിഹിതം വൈഭവിനും എന്ന കരാറിലായിരുന്നു നിക്ഷേപം നടത്തിയത്. ഇതിനുപുറമെ സ്ഥാപനത്തിന്റെ കാര്യങ്ങള്‍ നോക്കാനുള്ള ചുമതലയും വൈഭവിനാണ് നല്‍കിയിരുന്നത്.

നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ ലാഭവിഹിതം വീതിക്കുമെന്നായിരുന്നു ഇവര്‍ തമ്മിലുള്ള കരാര്‍. എന്നാല്‍ ഹാര്‍ദ്ദിക്കിനെയും ക്രുനാലിനെയും അറിയിക്കാതെ വൈഭവ് മറ്റൊരു പോളിമര്‍ ബിസിനസ് സ്ഥാപനം തുടങ്ങി. ഇത് ഇരുവരുമായുള്ള പങ്കാളിത്ത കരാര്‍ ലംഘിക്കുന്നതാണ്. പുതിയ പോളിമര്‍ ബിസിനസ് തുടങ്ങിയതോടെ ആദ്യ സ്ഥാപനത്തില്‍ നിന്നുള്ള ലാഭം കുത്തനെ ഇടിയുകയായിരുന്നു. മൂന്ന് കോടി രൂപയാണ് നഷ്ടം വന്നത്.

ഇത് കൂടാതെ വൈഭവ് സംയുക്ത പങ്കാളിത്തത്തില്‍ തുടങ്ങിയ സ്ഥാപനത്തിലെ നിക്ഷേപം ഹാര്‍ദ്ദിക്കിന്റെയും ക്രുനാലിന്റെയും അനുമതിയില്ലാതെ 33.3 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു.  തുടര്‍ന്നാണ് വൈഭവിനെതിരെ പങ്കാളിത്ത ഉടമ്പടി ലംഘനത്തിന് പരാതി നല്‍കിയത്. അതേസമയം സംഭവത്തെക്കുറിച്ച് പാണ്ഡ്യ സഹോദരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

 

 

Latest