Connect with us

Kerala

സാമ്പത്തിക ക്രമക്കേട് കേസ്; തപാല്‍ വകുപ്പ് ഉദ്ദ്യോഗസ്ഥക്കും ഏജന്റിനും ആറ് വര്‍ഷം വരെ കഠിന തടവും പിഴയും

ഡെപ്പോസിറ്റ് തുക അധികമായി കാണിച്ച് 9,400 രൂപ വെട്ടിപ്പ് നടത്തിയ കേസ്സിലാണ് കോടതി നടപടി

Published

|

Last Updated

പത്തനംതിട്ട |  സാമ്പത്തിക ക്രമക്കേടിന് തപാല്‍ വകുപ്പ് ഉദ്ദ്യോഗസ്ഥയെയും ഏജന്റിനേയും ആറ് വര്‍ഷം വരെ കഠിന തടവും പിഴയും ശിക്ഷ.നാഷണല്‍ സേവിങ്സ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന എം സി ശാന്തകുമാരി അമ്മ, കോന്നി പോസ്റ്റോഫീസിലെ സ്റ്റാന്‍ഡേര്‍ഡെസ് ഏജന്റ് സിസ്റ്റത്തിലെ ഏജന്റായിരുന്ന സി കെ മുരളീധരന്‍ എന്നിവരെ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് തിരുവനന്തപുരം വിജിലന്‍സ് കോടതി കഠിന തടവിനും പിഴ ഒടുക്കുന്നതിനും ബുധനാഴ്ച ശിക്ഷ വിധിച്ചത്.

2005-2006 കാലഘട്ടത്തില്‍ പത്തനംതിട്ട കോന്നി പോസ്റ്റോഫീസില്‍ എസ് എ എസ് (സ്റ്റാന്‍ഡേര്‍ഡെസ് ഏജന്റ് സിസ്റ്റം) ഏജന്റായി പ്രവര്‍ത്തിച്ചു വന്ന സി കെ മുരളീധരന്‍, പത്തനംതിട്ട ഡെപ്യൂട്ടി ഡയറക്ടര്‍ നാഷണല്‍ സേവിങ്സ് എം സി ശാന്തകുമാരി അമ്മ എന്നിവര്‍ ചേര്‍ന്ന് ഡെപ്പോസിറ്റ് തുക അധികമായി കാണിച്ച് 9,400 രൂപ വെട്ടിപ്പ് നടത്തിയ കേസ്സിലാണ് കോടതി നടപടി. ഒന്നാം പ്രതിയായ സി കെ മുരളീധരന് വിവിധ വകുപ്പുകളിലായി അഞ്ചു വര്‍ഷം കഠിന തടവും 20000 പിഴയും രണ്ടാം പ്രതിയായ എം സി ശാന്തകുമാരി അമ്മയ്ക്ക് വിവിധ വകുപ്പുകളിലായി ആറ് വര്‍ഷം കഠിനതടവും 30,000 രൂപ പിഴയുമാണ് കോടതി വിധിച്ചിട്ടുള്ളത്.

പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് ഡി വൈ എസ് പി ആയിരുന്ന വി അജിത് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ ഡി വൈ എസ് പി മാരായിരുന്ന പി ഡി രാധാകൃഷ്ണപിള്ള, സജി എന്നിവര്‍ അന്വേഷണം നടത്തുകയും ഡി വൈ എസ് പി ചാര്‍ജ്ജ് വഹിച്ചിരുന്ന റെജി എബ്രഹാം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് വിധി ന്യായത്തില്‍ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ വീണാ സതീശന്‍ ഹാജരായി.

Latest