Ongoing News
ഫിനിഷിംഗ് കിംഗിന് ഒരടി പിഴച്ചു; രാജസ്ഥാന് മൂന്ന് റൺസ് ജയം
സന്ദീപ് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ ധോണി നടത്തിയ സിക്‌സര്‍ പരമ്പരക്കൊടുവില്‍ ടീം വിജയ ലക്ഷ്യത്തിലേക്കെന്ന് തോന്നിപ്പിച്ചു. എന്നാൽ, അഞ്ച് റൺസ് വേണ്ടിയിരുന്ന അവസാന പന്തിൽ ഫിനിഷിംഗ് കിംഗ് ധോണിക്ക് പിഴച്ചു.
ചെന്നൈ | അവസാന പന്ത് വരെ നീണ്ട രാജസ്ഥാന്‍- ചെന്നെെ ആവേശപ്പോരില്‍ മൂന്ന് റൺസ് വിജയം നേടി രാജസ്ഥാൻ. 176 റൺസ് വിജയലക്ഷ്യം മുന്നിൽ കണ്ട് ഗ്രീസിലിറങ്ങിയ ചെന്നൈ 15 ഓവറില്‍ 113ന് ആറ് എന്ന നിലയില്‍ പരുങ്ങിയ സമയത്ത് ഒരുമിച്ച കാപ്റ്റന്‍ ധോണിയും രവീന്ദ്ര ജഡേജയും നടത്തിയ രക്ഷാപ്രവർത്തനം സൂപ്പര്‍ കിംഗ്‌സിനെ വിജയത്തോടടുപ്പിച്ചെങ്കിലും മൂന്ന് റൺസ് അകലെ പോരാട്ടം അവസാനിച്ചു.
സന്ദീപ് ശര്‍മ എറിഞ്ഞ അവസാന ഓവറിലെ 2,3 പന്തുകൾ സിക്‌സര്‍ പറത്തിയ ധോണി ടീമിനെ വിജയത്തിലെത്തിക്കുമെന്ന് തോന്നിപ്പിച്ചു. ഫിനിഷിംഗ് കിംഗ് എം എസ് ധോണി ഗ്രീസിലുള്ളത് തന്നെയായിരുന്നു ചെന്നൈ പ്രേമികളുടെ മുഴുവൻ പ്രതീക്ഷയും. എന്നാൽ, അഞ്ച് റൺസ് വേണ്ടിയിരുന്ന അവസാന പന്തിൽ ഫിനിഷിംഗ് കിംഗ് ധോണിക്ക് പിഴച്ചു. സിംഗിളെടുക്കാൻ മാത്രമാണ് സാധിച്ചത്. സ്‌കോര്‍: രാജസ്ഥാന്‍: 20ഓവറില്‍ എട്ടിന് 175. ചെന്നൈ: 20 ഓവറില്‍ ആറിന് 172.
38 പന്തില്‍ 50 റണ്‍സ് നേടിയ ഓപണര്‍ ഡിവോണ്‍ കോണ്‍വെ, 19 ബോളില്‍ 31 റണ്‍സ് നേടിയ അജങ്ക്യ രഹാനെ എന്നിവര്‍ ചെന്നൈ ബാറ്റിംഗില്‍ തിളങ്ങി. പിന്നീട് ഏഴാം വിക്കറ്റില്‍ ധോണി- ജഡേജ കൂട്ടുകെട്ട് അടിച്ചുകൂട്ടിയ 60 റണ്‍സ് പാര്‍ട്ണര്‍ഷിപ്പാണ് ചെന്നൈയിയെ വിജയത്തോടടുപ്പിച്ചെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. ധോണി 32 റൺസും ജഡേജ 25 റൺസും നേടി.
ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ജയത്തോടെ രാജസ്ഥാൻ പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി. ചെന്നൈ അഞ്ചാം സ്ഥാനത്താണ്.