Connect with us

SUBAIR MURDER

സുബൈറിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് എഫ് ഐ ആര്‍

പ്രതികള്‍ക്കായി അന്വേഷണം തമിഴ്‌നാട്ടിലേക്കും: കബറടക്കം ഇന്ന്‌

Published

|

Last Updated

പാലക്കാട് | എലപ്പുള്ളിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പോലീസ് എഫ് ഐ ആര്‍. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള അരുംകൊലയാണ് നടന്നത്. കൊല്ലണമെന്ന ഉദ്ദേശത്തോടെ നേരത്തെ തീരുമാനിച്ച് ഉറപ്പിച്ച് നടത്തിയതാണെന്നും എഫ് ഐ ആറില്‍ പറയുന്നു.
സുബൈറിനെ വെട്ടികൊലപ്പെടുത്തിയ ബി ജെ പി- ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ തമിഴ്നാട്ടിലേക്ക് കടന്നതായാണ് പോലീസ് സംശയിക്കുന്നത്. ഇതേ തുടര്‍ന്ന് അന്വേഷണം തമിഴ്‌നാട്ടിലേക്ക ്‌വ്യാപിപ്പിച്ചിട്ടുണ്ട്.

അഞ്ചുപേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട സുബൈറിന്റെ നീക്കങ്ങള്‍ ദിവസങ്ങളായി സംഘം നിരീക്ഷിച്ചതായാണ് വിവരം. അഞ്ച് മാസം മുമ്പ് കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നീളുന്നുണ്ട്.

അതിനിടെ കൊല്ലപ്പെട്ട സുബൈറിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ രാവിലെ പത്ത് മണിയോടെ ആരംഭിക്കും. ഉച്ചയോടെ വിലാപയാത്രയായി സ്വദേശമായ എലപ്പുള്ളി പാറയിലേക്ക് കൊണ്ടുപോകും. പൊതുദര്‍ശനത്തിന് ശേഷം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. വിലാപയാത്ര കടന്നുപോകുന്ന വഴിയില്‍ ശക്തമായ പോലീസ് സുരക്ഷ ഒരുക്കും.
ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിവിധയിടങ്ങളിലായി പരിശോധനകള്‍ തുടരുകയാണ്. പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി നേതൃത്വം നല്‍കുന്ന സംഘത്തില്‍ മൂന്ന് സിഐമാരുണ്ട്.

ഇന്നലെ ഉച്ചക്ക് 1.30നാണ് സുബൈര്‍ കൊല്ലപ്പെടുന്നത്. പിതാവിനൊപ്പം ജുമാ നിസ്‌കാരത്തിന് കഴിഞ്ഞ് ബൈക്കില്‍ പള്ളിയില്‍ നിന്ന് മടങ്ങിവരുകയായിരുന്ന സുബൈറിനെ രണ്ട് കാറുകളിലത്തിയ ആര്‍ എസ് എസ് സംഘം വെട്ടിക്കൊല്ലുകയായിരുന്നു.