Connect with us

food debate

കെട്ടടങ്ങാതെ കലോത്സവ അടുക്കളയിൽ നിന്നുയർന്ന തീയും പുകയും

ഭക്ഷണത്തിന്റെ പേരില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന വര്‍ത്തമാന ഇന്ത്യയില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് ഏറെ വ്യാപ്തിയുണ്ടെന്നാണു വിലയിരുത്തപ്പെടുന്നത്.

Published

|

Last Updated

കോഴിക്കോട് | കലയുടെ നാനാതരം വിഭവങ്ങള്‍ വിളമ്പിയും രുചിച്ചും സ്‌കൂള്‍ കലാമേളക്കു കൊടിയിറങ്ങിയെങ്കിലും ഭക്ഷണപ്പുരയുടെ അടുക്കളയില്‍ നിന്നുയര്‍ന്ന തീയും പുകയും കെട്ടടങ്ങിയിട്ടില്ല. കലോത്സവത്തിലെ മുഖ്യപാചകക്കാരനായ പഴയിടം മോഹനന്‍ നമ്പൂതിരി സ്‌കൂള്‍ പാചകപ്പുരയോട് വിടചൊല്ലിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഭക്ഷണത്തെ മുന്‍ നിര്‍ത്തിയുള്ള സംവാദത്തിന് കരുത്തേറിയിരിക്കയാണ്. ഭക്ഷണത്തിന്റെ പേരില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന വര്‍ത്തമാന ഇന്ത്യയില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് ഏറെ വ്യാപ്തിയുണ്ടെന്നാണു വിലയിരുത്തപ്പെടുന്നത്. മുൻ മാധ്യമ പ്രവര്‍ത്തകനും നിലവിൽ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനുമായ ഡോ.അരുണ്‍കുമാര്‍ കലോല്‍സവം തുടങ്ങിയ ജനുവരി നാലിന് തന്റെ  ഫേസ്ബുക്ക് പേജില്‍ കുറിച്ച വാക്കുകളാണ് കലോത്സവ ഭക്ഷണപ്പുരയെ ചര്‍ച്ചയുടെ കേന്ദ്രസ്ഥാനത്തെത്തിച്ചത്.

ഇങ്ങനെയായിരുന്നു ആ വാക്കുകള്‍: ജാതി പ്രവര്‍ത്തിക്കുന്നത് ശുദ്ധി – അശുദ്ധി ബോധ്യങ്ങളിലൂടെയാണ്. ചിലപ്പോഴൊക്കെ അത് വേഷം മാറി സുരക്ഷിത വെജിറ്റേറിയന്‍ ഭക്ഷണം എന്ന രൂപത്തില്‍ എത്താറുണ്ട്. ഭൂരിപക്ഷം കുട്ടികളും നോണ്‍ വെജ് ആയ കലോത്സവത്തില്‍, ഈ വെജിറ്റേറിയന്‍ ഫണ്ടമെന്റലിസം ജാതി വിശ്വാസത്തിന്റെ പ്രതിഫലനമാണ്. ഈ സീനൊക്കെ അവസാനിപ്പിക്കേണ്ട കാലമായി. നല്ല കോയിക്കോടന്‍ രുചി കൊടുത്താണ് താത്പര്യമുള്ള കുട്ടികളെ തിരിച്ചയക്കേണ്ടത്. ഇത് പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണ്. നവോത്ഥാനം തോല്‍ക്കുന്നത് ഇങ്ങനെയൊക്കെയാണ്. സവര്‍ണ്ണന്‍ ദേഹണ്ഡപുരയില്‍ എത്തുന്നതല്ല, നാനാതരം രുചിഭേദങ്ങളും ആഘോഷപൂര്‍വ്വം വിതരണം ചെയ്യപ്പെടുമ്പോഴും രുചി വൈവിധ്യത്തില്‍ ശുദ്ധികലര്‍ത്താതിരിക്കുമ്പോഴുമാണ് അത് വിജയിക്കുന്നത്.

ആ വാക്കുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ ഉയര്‍ത്തിവിട്ടു. ഭക്ഷണം പാകം ചെയ്യുന്ന സവര്‍ണന്‍ കേരളത്തില്‍ നടന്ന സവോത്ഥാനത്തിന്റെ  സംഭാവനയാണ് എന്നായിരുന്നു എഴുത്തുകാരന്‍ അശോകന്‍ ചരുവിലിന്റെ പ്രതികരണം. തുണിയലക്കുന്ന, നിലമുഴുന്ന, വിറകുവെട്ടുന്ന, കല്ലുടയ്ക്കുന്ന, ചെരുപ്പുകുത്തുന്ന നമ്പൂതിരിമാരും ഇന്നുണ്ട്. അവരൊക്കെ വെളിച്ചത്തുവരട്ടെ (ശുചീകരണ വേലക്ക് സവര്‍ണ ജാതിക്കാര്‍ക്ക് പ്രത്യേക സംവരണം അനുവദിക്കാവുന്നതാണ്). നമ്പൂതിരിയെ മനുഷ്യനാക്കണം എന്ന ഇ എം എസിന്റെ ഓങ്ങല്ലൂര്‍ പ്രസംഗം കേട്ട് ആവേശഭരിതനായി പട്ടാമ്പി ചന്തയില്‍ നിന്ന് കൈക്കോട്ടു വാങ്ങുന്നു ഒരു നമ്പൂതിരിയെക്കുറിച്ച്  വി ടിയുടെ ഒരു ചെറുകഥയുണ്ട്… എന്നും അശോകന്‍ ചരുവില്‍ എഴുതി.

അശോകന്‍ ചരുവിലിന്റെ കുറിപ്പിനോടു പ്രതികരിച്ച കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം ഒരു പടികൂടി കടന്നു ബ്രാഹ്മണ പാചകത്തിനെതിരെ കത്തിക്കയറുകയാണു ചെയ്തത്. സ്‌കൂള്‍ കലോത്സവത്തില്‍ ശുദ്ധ വെജിറ്റേറിയനു പകരം സസ്യേതര ഭക്ഷണവും വിളമ്പണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭക്ഷണം ബ്രാഹ്മണരേക്കൊണ്ട് പാചകം ചെയ്യിച്ചാലേ വിശിഷ്ടമാവുകയുള്ളൂ എന്ന ചിന്ത നവോത്ഥാനത്തിനും എത്രയോ മുന്‍പേയുള്ളതാണ്. പ്രധാന സദ്യകളുടെയൊക്കെ പാചകക്കാര്‍ അന്നേ ബ്രാഹ്മണര്‍ തന്നെയാണ്. ബ്രാഹ്മണരോ സവര്‍ണ്ണരോ അല്ലാത്തവര്‍ കൈകൊണ്ട് തൊട്ടാലോ അടുത്തെങ്ങാനും പോയാല്‍പ്പോലുമോ ഭക്ഷണം അശുദ്ധമാവുമെന്ന ജാതി, അയിത്ത സങ്കല്‍പ്പങ്ങളിലൂന്നിയ പ്രാകൃത ചിന്തയും ഇതിന് കാരണമായി ഉണ്ട്. ‘ശുദ്ധ’മായ വെജിറ്റേറിയന്‍ ഭക്ഷണവും അതുണ്ടാക്കുന്ന കൈപ്പുണ്യമുള്ള ബ്രാഹ്മണനും ഇന്നും കൂടുതല്‍ ആവേശം പകരുന്നത് ജാതിബോധത്തിലധിഷ്ഠിതമായ ശുദ്ധി-അശുദ്ധി സങ്കല്‍പ്പങ്ങള്‍ മനസ്സില്‍പ്പേറുന്നവര്‍ക്കാണ്. 

ഇപ്പോഴും കടുമാങ്ങ മുതല്‍ വറ്റല്‍ മുളക് വരെ ബ്രാഹ്മണരുടെ ലേബലിലാവുമ്പോള്‍ കൂടുതല്‍ വ്യാപാര വിജയം നേടുന്നതും മേല്‍പ്പറഞ്ഞ ജാതിബോധം പ്രബലമായിത്തന്നെ ഇവിടെ തുടരുന്നതിനാലാണ്. യഥാര്‍ത്ഥത്തില്‍ നവോത്ഥാനത്തിന്റെ അട്ടിമറിയാണിത്. ജാതീയതയെ മറികടക്കുക എന്ന നവോത്ഥന ദൗത്യത്തിന്റെ പരാജയമാണിത്. സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളിലടക്കം ശക്തമായി നിലനില്‍ക്കുന്ന ഈ നവോത്ഥാന വിരുദ്ധതയെയാണ് നാം തിരിച്ചറിയേണ്ടതും തിരുത്തേണ്ടതും. അബ്രാഹ്മണര്‍ പാചകം ചെയ്യുന്ന സസ്യേതര വിഭവങ്ങള്‍ കൂടി വിളമ്പപ്പെടുന്ന ഇടങ്ങളായി നമ്മുടെ കലോത്സവ വേദികള്‍ നാളെകളിലെങ്കിലും മാറട്ടെ.

എന്നായിരുന്നു വി ടി ബല്‍റാം കുറിച്ചത്.

തന്റെ പ്രസ്താവന പഴയിടത്തെ അല്ല ഉദ്ദേശിച്ചതെന്നു പറഞ്ഞ് രക്ഷപ്പെടാന്‍  പിന്നീട് വി ടി ബലറാം ശ്രമിച്ചെങ്കിലും ചര്‍ച്ചകള്‍ ചൂടുപിടിച്ചു കഴിഞ്ഞിരുന്നു. ഇതിനിടെ വിവാദങ്ങള്‍ക്കു കരുത്തു പകരാന്‍ പഴയ അഭിമുഖങ്ങളും രംഗം കീഴടക്കി. ഭക്ഷണം മനുഷ്യരുടെ സ്വഭാവത്തെ നിര്‍ണയിക്കും എന്ന തരത്തില്‍ പഴയിടം പറഞ്ഞ വാക്കുകളും തന്റെ വീട്ടില്‍ പ്യൂര്‍ വെജിറ്റേറിയാനാണെന്നു പറഞ്ഞ ഡോ.അരുണ്‍കുമാറിന്റെ വാക്കുകളും ആയുധങ്ങളായി. കലോത്സവ സമാപന വേദിയില്‍ വിദ്യാഭ്യാസ മന്ത്രി ഈ ചര്‍ച്ചകളെ മുഖവിലക്കെടുത്തു. എന്റെ കുട്ടികള്‍ക്കു കോഴിക്കോടന്‍ ബിരിയാണി നല്‍കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും നടന്നില്ലെന്നു പറഞ്ഞ അദ്ദേഹം ഭക്ഷണ വൈവിധ്യങ്ങള്‍ രുചിക്കാനുള്ള സ്വാതന്ത്ര്യത്തെ പരാമര്‍ശിച്ചു. കലോത്സവ മാന്വല്‍ പരിഷ്‌കരിക്കുമ്പോള്‍ മെനുവില്‍ സസ്യേതര ഭക്ഷണം കൂടി ഉള്‍പ്പെടുത്താന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞത് വന്‍ ഹര്‍ഷാരവത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.

എന്നാല്‍ കലോത്സവ ഭക്ഷണപ്പുരയില്‍ ഭക്ഷണ വൈവിധ്യങ്ങള്‍ കടന്നുവരുമെന്നു കേട്ടതോടെ വിറളി പിടിച്ചതു സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്കാണ്. കലോത്സവ ഭക്ഷണപ്പുരയില്‍ ഹലാല്‍ ഭക്ഷണം വിളമ്പിയാല്‍ തടയുമെന്നു വരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഭീഷണി ഉയര്‍ത്തിക്കഴിഞ്ഞു. അത്തരം പിത്തലാട്ടങ്ങളോടു ഡോ. അരുണ്‍കുമാര്‍ തന്നെ പ്രതികരിച്ചിട്ടുണ്ട്. ഭക്ഷണവും ബിക്കിനിയും തപ്പി നടക്കുന്ന മനുഷ്യരില്‍ നിന്ന് വേറെന്താണ് പ്രതീക്ഷിക്കുക. പന്നികളോട് ഗുസ്തി പാടില്ലെന്ന് ബര്‍ണാഡ് ഷാ പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞ കുറിപ്പില്‍ താന്‍ പ്യൂര്‍ വെജ് എന്ന തന്റെ പഴയ വാക്ക് റേസിസ്റ്റ്  പ്രയോഗമാണെന്നും തിരുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു. പഴയിടം ഇനിയും കലോല്‍സവ ടെന്‍ഡറിംഗില്‍ പങ്കെടുക്കണം എന്നു തുടങ്ങുന്ന കുറിപ്പില്‍, വെജിറ്റേറിയന്‍ ഭഷണത്തിന്റെ സാത്വികത എന്നതിനോട് വിയോജിക്കുന്നുവെന്നും കുറിച്ചു

ആശയങ്ങളെ ആളുകളില്‍ കെട്ടി ആളിനെയല്ല തല്ലിക്കൊല്ലേണ്ടത്. ഹിന്ദുത്വത്തിനെതിരെ എന്നാല്‍ ഹിന്ദുക്കള്‍ക്കെതിരെ എന്ന നരേഷന്‍ ഫാസിസ്റ്റു യുക്തിയാണ്.  കല സമം വെജിറ്റേറിയന്‍ എന്ന ശുദ്ധി സങ്കല്‍പങ്ങളെ ചോദ്യം ചെയ്യുന്നത് അതിനു പിന്നിലെ ദൃഢീകരിക്കപ്പെട്ട ജാതി ബോധ്യങ്ങളെ വിമര്‍ശിക്കുന്നത് ഒരു വ്യക്തിയിലേക്ക് ചുരുക്കുന്നതാണ് കണ്ടത്. 16 വര്‍ഷത്തെ കോണ്‍ട്രാക്റ്റ് ഉപേക്ഷിച്ച് അങ്ങ് പോയി മറ്റൊരാള്‍ അയാള്‍ നായരോ നായാടിയോ എത്തിയാലും ഇതേ മെനുവാണെങ്കില്‍ ഇതേ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. നല്ല നിലയില്‍ സതി അനുഷ്ഠിച്ചതില്‍ നിന്ന്, തൊട്ടുകൂടായ്മയില്‍ നിന്ന്, ജാതി അടിമത്തത്തില്‍ നിന്ന് ഒക്കെ പൊരുതിയും ചോദിച്ചും ഒക്കെയാണ് മനുഷ്യര്‍ ആ നിലകളെ താണ്ടിയത്. വൈവിധ്യങ്ങളുടെ ആഘോഷമാണ് ജനാധിപത്യത്തിന്റെ രുചി. എന്ന് അരുണ്‍കുമാര്‍ തിരിച്ചടിച്ചു.

ചര്‍ച്ചകള്‍ കൊടുമ്പിരിക്കൊള്ളുകയാണ്. നാനാത്വത്തില്‍ ഏകത്വമെന്ന രാജ്യത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഭക്ഷണ വൈവിധ്യങ്ങള്‍ക്കും പങ്കുണ്ട്. ആ അര്‍ഥത്തില്‍ വൈവിധ്യങ്ങളുടെ ആഘോഷമായി എല്ലാ അര്‍ഥത്തിലും സ്‌കൂള്‍ കലാമേള നവീകരിക്കപ്പെടുന്നതിനുള്ള മുന്നോടിയായിരിക്കും ഈ ചര്‍ച്ചകള്‍ എന്നാണു കരുതുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest