Kerala
ഏനാത്ത് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ തീപ്പിടുത്തം; ബ്രാഞ്ച് മാനേജര്‍ക്ക് പരുക്ക്
ബ്രാഞ്ചിനുള്ളില്‍ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന വലിയ ഡെക്കറേഷന്‍ ലൈറ്റ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു
പത്തനംതിട്ട | ഏനാത്ത് പോലീസ് സ്റ്റേഷനു സമീപം ഉള്ള രണ്ടുനില കെട്ടിടത്തില്‍ തീപ്പിടുത്തം. കെട്ടിടത്തിന്‍രെ ഒന്നാം നിലയില്‍ സ്ഥിതിചെയ്യുന്ന മുത്തൂറ്റ് ഫിന്‍കോര്‍പിന്റെ ശാഖയില്‍ ആണ് തീപിടുത്തം ഉണ്ടായത്. അപകടം നടക്കുന്ന സമയത്ത് 4 ജീവനക്കാര്‍ മാത്രമാണ് ബ്രാഞ്ചിനുള്ളില്‍ ഉണ്ടായിരുന്നത്. ഉച്ച കഴിഞ്ഞതിനാല്‍ ഇടപാടുകാര്‍ ആരും ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
വിവരമറിഞ്ഞ് ഏനാത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ അടൂര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. ബ്രാഞ്ചിനുള്ളില്‍ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന വലിയ ഡെക്കറേഷന്‍ ലൈറ്റ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ തന്നെ ശാഖയിലെ ഒരു ജീവനക്കാരന്‍ ഇവിടെ ഉണ്ടായിരുന്ന ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ പ്രവര്‍ത്തിപ്പിച്ച് തീ നിയന്ത്രണ വിധേയമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണം എന്ന് അനുമാനിക്കുന്നു. പ്രകാശ വിളക്കിന് ചുവടെ ഇരുന്ന് ജോലി ചെയ്യുകയായിരുന്ന ബ്രാഞ്ച് മാനേജര്‍ മിനി ഷാജിയുടെ മുകളിലേക്ക് ആണ് ലൈറ്റ് വന്ന് പതിച്ചത്. നിസ്സാരമായ പരുക്കേറ്റ ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എ. എസ് അനൂപ്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ശ്രീജിത്ത്, അനീഷ് കുമാര്‍. എ, അഭിജിത്ത്. എസ്, രാജീവ് എം.എസ്, പ്രകാശ് കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് സ്ഥലത്ത് എത്തിയിരുന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണുവിന്റെ നേതൃത്വത്തില്‍ ഉള്ള ഏനാത്ത് പോലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു