Connect with us

Kerala

പടക്കക്കടയ്ക്ക് തീപിടിച്ച സംഭവം; അനുമതിയില്ലാതെ സ്ഫോടകവസ്തു സൂക്ഷിച്ചതിന് ഉടമയ്ക്കെതിരെ കേസ്

കോഴഞ്ചേരി കേദാരം നന്ദകുമാറിനെതിരേയാണ് കേസെടുത്തത്.

Published

|

Last Updated

പത്തനംതിട്ട | കോഴഞ്ചേരി വണ്ടിപ്പേട്ടക്ക് സമീപത്തെ പടക്കക്കട കത്തിനശിച്ച സംഭവത്തില്‍ ഉടമയ്ക്കെതിരെ ആറന്മുള പോലീസ് കേസെടുത്തു. ആര്‍ എസ് എസ് നേതാവ് കൂടിയായ കോഴഞ്ചേരി കേദാരം നന്ദകുമാറിനെതിരേയാണ് കേസെടുത്തത്.

സ്ഫോടകവസ്തുക്കള്‍ വില്‍ക്കുന്നതിനും സൂക്ഷിച്ചു വയ്ക്കുന്നതിനും നിയമാനുസരണമുള്ള അനുമതിയില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചുവന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായ സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസം മൂന്നുമണിയോടെയാണ് സംഭവം. കടയിലെ ജീവനക്കാരന്‍ റാന്നി ഉതിമൂട് മണ്ടപ്പതാലില്‍ വീട്ടില്‍ വിനോദെന്ന ബിനു (40)വിന് സ്‌ഫോടനത്തില്‍ പരുക്കേറ്റിരുന്നു. സാരമായ പൊള്ളലേറ്റ ബിനുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ 10 വര്‍ഷമായി ഇവിടെ ജോലി ചെയ്തുവരികയാണ് ബിനു. ദോശക്കല്ല് ഗ്രൈന്‍ഡിംഗ് മെഷീന്‍ ഉപയോഗിച്ച് ഗ്രൈന്‍ഡ് ചെയ്തപ്പോള്‍ തീപ്പൊരി തെറിച്ചുവീണ് കടയില്‍ സൂക്ഷിച്ചിരുന്ന ഓലപ്പടക്കം പൊട്ടിയും, പേപ്പര്‍, കമ്പി പൂത്തിരി എന്നിവ കത്തിയുമാണ് അപകടമുണ്ടായതെന്നാണ് പറയുന്നത്. ആറന്മുള പോലീസ് ഇന്‍സ്‌പെക്ടര്‍ വി എസ് പ്രവീണ്‍, എസ് ഐ. വി വിഷ്ണു എന്നിവരുടെ നേതൃത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.

 

Latest