National
കുംഭമേളയില്‍ വീണ്ടും തീപിടിത്തം; ടെന്റുകള്‍ കത്തിനശിച്ചു, ആളപായമില്ല
തീ പൂര്‍ണമായി നിയന്ത്രണവിധേയമാക്കിയശേഷം നാശനഷ്ടം വിലയിരുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
![](https://assets.sirajlive.com/2025/02/fire-897x538.jpg)
ലക്‌നോ| ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ കുഭമേള നഗരിയില്‍ വീണ്ടും തീപിടിത്തം. പ്രയാഗ്രാജിലെ ശങ്കരാചാര്യ മാര്‍ഗിലെ സെക്ടര്‍ 18ലാണ് ഇന്ന് രാവിലെ തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ നിരവധി ടെന്റുകള്‍ കത്തി നശിച്ചു. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഓള്‍ഡ് ജിടി റോഡിലെ തുള്‍സി ചൌരയിലെ ക്യാമ്പിലാണ് അഗ്‌നിബാധയുണ്ടായതെന്ന് ഖാക് ചൌക് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ യോഗേഷ് ചതുര്‍വേദി പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീ പൂര്‍ണമായി നിയന്ത്രണവിധേയമാക്കിയശേഷം നാശനഷ്ടം വിലയിരുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
കുംഭമേള നടക്കുന്ന സ്ഥലത്തെ രണ്ടാമത്തെ തീപിടിത്തമാണിത്. ജനുവരി 13നാണ് കുംഭമേള ആരംഭിച്ചത്. ജനുവരി 29ന് കുംഭമേള സ്ഥലത്തുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 30 പേര്‍ മരിച്ചിരുന്നു.