FIRE
റിയാദിൽ കാർ സർവീസ് സ്റ്റേഷനിൽ തീപ്പിടിത്തം; തിരുവനന്തപുരം സ്വദേശി മരിച്ചു
ഉറക്കത്തിലായിരുന്ന റോബർട്ടിനെ സഹപ്രവർത്തകർ വിളിച്ചുണർത്തിയെങ്കിലും തീ പടർന്നതോടെ മറ്റുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു.
റിയാദ് | റിയാദിൽ കാർ സർവീസ് സ്റ്റേഷനിലുണ്ടായ തീപ്പിടിത്തത്തിൽ തിരുവനന്തപുരം സ്വദേശി മരിച്ചു. തിരുവനന്തപുരം മണ്ണാംകോണം സ്വദേശി റോബർട്ട് ജോൺ (52) ആണ് റിയാദ് സുലൈയിൽ നാഷനൽ ഗാർഡ് ആശുപത്രിക്ക് സമീപത്തെ സർവീസ് സ്റ്റേഷനിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ തീപ്പിടിത്തത്തിൽ മരിച്ചത്. ദീർഘകാലം പ്രവാസിയായിരുന്ന റോബർട്ട് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയെങ്കിലും രണ്ട് മാസം മുൻപ് വിസയിൽ സഊദിയിൽ തിരികെയെത്തുകയായിരുന്നു.
അഗ്നിബാധയുണ്ടായ സമയത്ത് 18 പേരായിരുന്നു സർവീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നത്. ഉറക്കത്തിലായിരുന്ന റോബർട്ടിനെ സഹപ്രവർത്തകർ വിളിച്ചുണർത്തിയെങ്കിലും തീ പടർന്നതോടെ മറ്റുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു.
മാതാവ് : സിൽവി. ഭാര്യ: ശശികല. മക്കൾ: സരിൻ ജോൺ, സാൻ ജോൺ. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.
---- facebook comment plugin here -----