International
തായ്‌ലാന്‍ഡിലെ ചതുചക്ക് മാര്‍ക്കറ്റില്‍ തീപിടുത്തം; 100ഓളം കടകള്‍ കത്തി നശിച്ചു
ആയിരത്തിലേറെ മൃഗങ്ങള്‍ ചത്തതായാണ് റിപ്പോര്‍ട്ടുകള്‍.
ബാങ്കോക്ക്| തായ്‌ലാന്‍ഡിലെ പ്രശസ്തമായ ചതുചക്ക് മാര്‍ക്കറ്റില്‍ തീപിടുത്തം. ചൊവ്വാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 4.10ഓടെയുണ്ടായ തീപിടുത്തത്തില്‍ 100ഓളം കടകള്‍ കത്തി നശിച്ചു. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ആയിരത്തിലേറെ മൃഗങ്ങള്‍ ചത്തതായാണ് റിപ്പോര്‍ട്ടുകള്‍. പക്ഷികള്‍, നായകള്‍, പൂച്ചകള്‍, പാമ്പുകള്‍, എലികള്‍, പെരുമ്പാമ്പുകള്‍, ഗെക്കോ പല്ലികളുമാണ് ചത്തവയില്‍ ഉള്‍പ്പെടുന്നത്. 15000 സ്‌ക്വയര്‍ ഫീറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന കടകളാണ് അഗ്‌നിബാധയില്‍ കത്തി നശിച്ചത്.
ഒരു മണിക്കൂറിലേറെ നേരത്തെ പ്രയത്‌നത്തിനൊടുവിലാണ് തീ മറ്റ് ഭാഗത്തേക്ക് പടരാതെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്.
തായ്ലന്‍ഡിലെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നാണ് ജെജെ മാര്‍ക്കറ്റ് എന്നുകൂടി അറിയപ്പെടുന്ന ഈ ചന്ത. 15000ലേറെ കടകളും 11505 കച്ചവടക്കാരുമാണ് മാര്‍ക്കറ്റിലുള്ളത്.