Connect with us

National

വനിതാ ഹോസ്റ്റലില്‍ തീപ്പിടിത്തം; രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിക്ക് പരിക്ക്

എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്ന് നോയിഡ ചീഫ് ഫയര്‍ ഓഫീസര്‍ പറഞ്ഞു

Published

|

Last Updated

നോയിഡ | ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഹോസ്റ്റലില്‍ വന്‍ തീപിടിത്തം. നോളജ് പാര്‍ക്കിലെ അന്നപൂര്‍ണ ഗേള്‍സ് ഹോസ്റ്റലില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം.

160ഓളം പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ തീ പടര്‍ന്നതോടെ വിദ്യാര്‍ഥിനികള്‍ ബാല്‍ക്കണി വഴി താഴേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കവെ വഴുതി വീണ് ഒരു കുട്ടിക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹോസ്റ്റലില്‍ സ്ഥാപിച്ചിരുന്ന ഒരു എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്ന് നോയിഡ ചീഫ് ഫയര്‍ ഓഫീസര്‍ പ്രദീപ് കുമാര്‍ പറഞ്ഞു. പിന്നീട് എല്ലാവരെയും രക്ഷപ്പെടുത്താന്‍ സാധിച്ചതായും അധികൃതര്‍ അറിയിച്ചു. തീപിടിത്തം സംബന്ധിച്ച വിവരം ലഭിച്ചതിന് പിന്നാലെ രണ്ട് അഗ്‌നിശമന സേനാ വാഹനങ്ങള്‍ എത്തി തീ നിയന്ത്രിച്ചു.

പ്രദേശവാസികളുടെ സഹായത്തോടെ എല്ലാ വിദ്യാര്‍ഥികളെയും അപകടമൊന്നുമില്ലാതെ പുറത്തിറക്കാന്‍ സാധിച്ചതായും ചീഫ് ഫയര്‍ ഓഫീസര്‍ അറിയിച്ചു. ബാല്‍ക്കണിക്ക് പുറത്ത് നാട്ടുകാര്‍ കൊണ്ടുവെച്ചു കൊടുത്ത ഗോവണിയിലൂടെ കുട്ടികള്‍ താഴേക്ക് ഇറങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇങ്ങനെ ഇറങ്ങുമ്പോഴാണ് ഒരു കുട്ടിക്ക് വീണ് പരിക്കേറ്റത്. മറ്റാര്‍ക്കും പരിക്കുകളില്ലെന്നും തുടര്‍ന്ന് ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അഗ്‌നിശമന സേന അറിയിച്ചു.

 

Latest