International
ഫ്‌ലോറിഡയില്‍ പറക്കാനായി റണ്‍വേയിലേക്കെത്തിയ വിമാനത്തിന്റെ ചിറകില്‍ തീ പടര്‍ന്നു; ആര്‍ക്കും പരുക്കില്ല, വന്‍ ദുരന്തം ഒഴിവായി
വിമാനത്താവളത്തിലെ അഗ്‌നിശമന ഉദ്യോഗസ്ഥരെത്തി തീ കെടുത്തി. എഞ്ചിനില്‍ തീ പടരാനുണ്ടായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല.

ടലഹാസി| ഫ്‌ലോറിഡയിലെ ഓര്‍ലാന്റോ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്നും പറക്കാനായി റണ്‍വേയിലെക്ക് എത്തിയ വിമാനത്തിന്റെ ചിറകില്‍ തീ പടര്‍ന്നു. 294 യാത്രക്കാരുമായി ടേക്ക് ഓഫിന് തയാറെടുത്ത ഡെല്‍റ്റ എയര്‍ലൈന്‍ വിമാനത്തില്‍ നിന്നാണ് തീ പടര്‍ന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. സംഭവത്തില്‍ ആര്‍ക്കും പരുക്കുകളില്ലെന്നും എല്ലാവരും സുരക്ഷിതരായി ഇരിക്കുന്നെന്നും ഡെല്‍റ്റ എയര്‍ലൈന്‍സ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. എയര്‍ ബസ് എ 330 എയര്‍ ക്രാഫ്റ്റില്‍ 282 യാത്രക്കാരും 10 ഫ്‌ലൈറ്റ് അറ്റന്റര്‍മാരും രണ്ട് പൈലറ്റുമാരുമായിരുന്നു ഉണ്ടായിരുന്നത്.
വിമാനം റണ്‍വേയില്‍ നിര്‍ത്തിയിട്ടിരിക്കുമ്പോള്‍ ഒരു ചിറകില്‍ നിന്നും കടുത്ത പുകയുയരുന്നതും പിന്നാലെ തീ പടരുന്നതിന്റെയും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഓര്‍ലാന്റോയില്‍ നിന്നും അറ്റ്‌ലാന്റയിലേക്ക് പോവാന്‍ തയ്യാറെടുത്ത ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ഫ്‌ലൈറ്റ് 1213ന്റെ എഞ്ചിനിലാണ് തീ പടര്‍ന്നത്. വിമാനത്തിന്റെ രണ്ടാമത്തെ എഞ്ചിനിലാണ് തീ പിടിത്തമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംഭവം കണ്ട ഉടന്‍ യാത്രക്കാരെ എമര്‍ജന്‍സി വാതില്‍ വഴി പുറത്തിറക്കി സുരക്ഷിത സ്ഥാനത്തേക്കെത്തിച്ചെന്ന് എയര്‍ലൈന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ക്യാബിന്‍ ക്രൂവിന്റെ പെട്ടെന്നുള്ള ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി.വിമാനത്താവളത്തിലെ അഗ്‌നിശമന ഉദ്യോഗസ്ഥരെത്തി തീ കെടുത്തി. അതേസമയം വിമാനത്തിന്റെ രണ്ടാമത്തെ എഞ്ചിനില്‍ തീ പടരാനുണ്ടായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല.