Kerala
ഫയര്‍ ഫോഴ്സിന്റെ മൂന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; കക്കൂസ് കുഴിയില്‍ വീണ ഗര്‍ഭിണിയായ പശുവിനെ രക്ഷപ്പെടുത്തി
കുഴിയില്‍ വായു സഞ്ചാരം കുറവായിരുന്നതും മണ്ണ് ഇടിഞ്ഞുവീഴാന്‍ സാധ്യതയുള്ളതും കണക്കിലെടുത്ത് എയര്‍ സിലണ്ടര്‍ തുറന്നു വിട്ടായിരുന്നു രക്ഷാ പ്രവര്‍ത്തനം
പത്തനംതിട്ട| 30 അടി താഴ്ചയുള്ള കക്കൂസ് കുഴിയില്‍ സ്ളാബ് തകര്‍ന്ന് വീണ എട്ട് മാസം ഗര്‍ഭിണിയായ പശുവിനെ മുന്നു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഫയര്‍ ഫോഴ്സ് രക്ഷപ്പെടുത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് ചെന്നീര്‍ക്കര അമ്മിണിയുടെ വീട്ടിലെ കക്കൂസ് കുഴിയില്‍ അയല്‍വാസിയായ തോമ്പി പടിഞ്ഞാറ്റില്‍ ഗോപിയുടെ പശു വീണത്. ഉപയോഗശ്യൂന്യമായിരുന്ന കുഴിയില്‍ വായു സഞ്ചാരം കുറവായിരുന്നതും മണ്ണ് ഇടിഞ്ഞുവീഴാന്‍ സാധ്യതയുള്ളതും കണക്കിലെടുത്ത് എയര്‍ സിലണ്ടര്‍ തുറന്നു വിട്ടായിരുന്നു രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്.
ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫിസര്‍മാരായ അസീം എസ്, വിഷ്ണു കെ ആര്‍ എന്നിവര്‍ എയര്‍ സിലിണ്ടറിന്റെ സഹായത്തോടെ കുഴിയില്‍ അകപ്പെട്ട പശുവിനെ ഹോസും റോപ്പും ഉപയോഗിച്ച് കെട്ടികയറ്റാന്‍ ശ്രമിച്ചു. കുഴിയില്‍ പശു ഞെരുങ്ങിയിരുന്നതിനാലും ഗര്‍ഭിണി ആയിരുന്നതിനാലും ഈ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് സമീപത്തുകൂടി ഒഴുകുന്ന അച്ചന്‍കോവിലാറ്റില്‍ നിന്നും കുഴിയിലേക്ക് വെള്ളം പമ്പ് ചെയ്ത് നിറച്ച് പശുവിനെ ഹോസില്‍ പിടിച്ച് ഉയര്‍ത്തി രക്ഷപ്പെടുത്തി കരയില്‍ എത്തിച്ച് ഉടമസ്ഥനെ ഏല്‍പ്പിക്കുകയായിരുന്നു.
പത്തനംതിട്ട ഫയര്‍ സ്റ്റേഷന്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എ സാബുവിന്റെ നേതൃത്വത്തില്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എസ് രഞ്ജിത്ത്, പി തൃതീപ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ വി ഷൈജു, ഷമ്ജികുമാര്‍, മോഹനന്‍ ജെ, എസ് എന്‍ അജു, ഫയര്‍ വുമണ്‍ മാരായ അഞ്ജലി അനില്‍കുമാര്‍, മായ എം, ഹോം ഗാര്‍ഡ് മാരായ മുരളീധരന്‍ ടി ആര്‍, സന്തോഷ് വി എന്നിവര്‍ രക്ഷപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.