Connect with us

Kuwait

കുവൈത്തിലെ തീപ്പിടിത്തം; കര്‍ശന നടപടിയെന്ന് കുവൈത്ത് പ്രഥമ ഉപപ്രധാനമന്ത്രി

തീ നിയന്ത്രണ വിധേയമാക്കുന്നതിലും പരുക്കേറ്റവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിലും ആഭ്യന്തര മന്ത്രാലയവും അഗ്‌നിശമന സേനയും നടത്തിയ തീവ്രശ്രമങ്ങളെ ഫഹദ് അല്‍ യൂസഫ് പ്രശംസിച്ചു.

Published

|

Last Updated

കുവൈത്ത് സിറ്റി | മംഗഫ് ബ്ലോക്ക് നാലിലെ തീപ്പിടത്തമുണ്ടായ സ്ഥലം കുവൈത്ത് പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍-യൂസഫ് സൗദ് അല്‍ സബാഹ് പരിശോധിച്ചു.

ബുധനാഴ്ച പുലര്‍ച്ചയാണ് തീപ്പിടിത്തമുണ്ടായത്.അപകടത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച് ഫോറന്‍സിക് തെളിവുകള്‍ പൂര്‍ത്തിയാകുന്നതുവരെ കമ്പനി ഉദ്യോഗസ്ഥരില്‍ ഒരാളെയും ബില്‍ഡിംഗ് ഗാര്‍ഡിനെയും കസ്റ്റഡിയിലെടുക്കാന്‍ അല്‍ യൂസഫ് ഉത്തരവിട്ടു.

തീ നിയന്ത്രണ വിധേയമാക്കുന്നതിലും പരുക്കേറ്റവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിലും ആഭ്യന്തര മന്ത്രാലയവും അഗ്‌നിശമന സേനയും നടത്തിയ തീവ്രശ്രമങ്ങളെ ഫഹദ് അല്‍ യൂസഫ് പ്രശംസിച്ചു. റിയല്‍ എസ്റ്റേറ്റ് ഉടമകളുടെ ഭാഗത്തുനിന്നുള്ള അവഗണന ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും വസ്തു ഉടമ അടക്കം ലംഘനത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും കര്‍ശന നടപടിക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 41 പേര്‍ മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പരുക്കേറ്റവരെ അദാന്‍, ജാബിര്‍, ഫര്‍വാനിയ എന്നിവിടങ്ങളിലെ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചത്.
കെട്ടിടത്തിലെ വിവിധ ഫ്ളാറ്റുകളിലായി 195 പേരാണ് താമസിച്ചിരുന്നത്. താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ ആളുകള്‍ നല്ല ഉറക്കത്തിലായിരുന്ന സമയത്തായിരുന്നു തീപ്പിടിത്തം.