Bahrain
ബഹ്‌റൈനിലെ ഓള്‍ഡ് മനാമ മാര്‍ക്കറ്റിലുണ്ടായ തീപ്പിടിത്തം; ഒരാളുടെ മൃതദേഹം കണ്ടെത്തി
തീപിടിത്തത്തില്‍ പരുക്കേറ്റ ആറുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മനാമ|ബഹ്‌റൈനിലെ ഓള്‍ഡ് മനാമ മാര്‍ക്കറ്റിലുണ്ടായ തീപിടിത്തത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തീ അണച്ച ശേഷം സിവില്‍ ഡിഫന്‍സ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തീപിടിത്തത്തില്‍ പരുക്കേറ്റ ആറുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തീപ്പിടിച്ച കെട്ടിടത്തില്‍നിന്ന് ചാടിയവരും പുക ശ്വസിച്ച് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടവരുമാണ് ചികിത്സയിലുള്ളത്.
ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് ശൈഖ് അബ്ദുല്ല റോഡിലെ സിറ്റി മാക്‌സ് ഷോപ്പിന് പിറകിലുളള ഷോപ്പിന് തീപിടിച്ചത്. തീ അടുത്തടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളിപ്പടരുകയായിരുന്നു.
ചെരിപ്പുകടകളും വസ്ത്രഷോപ്പുകളും പെര്‍ഫ്യും ഷോപ്പുകളുമടക്കം നിരവധി സ്ഥാപനങ്ങളാണ് മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്നത്. 25 കടകള്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ടെന്നാണ് വിവരം. അപകടവിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തി. പുലര്‍ച്ചയോടെയാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത്. തീ പിടിച്ച കെട്ടിടങ്ങളുടെ മുകളിലത്തെ നിലയില്‍ ആഫ്രിക്കന്‍ വംശജരാണ് താമസിച്ചിരുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.