vizhinjam police station attack
വിഴിഞ്ഞത്ത് തീക്കളി പരിഹാരമല്ല
വിദേശ വ്യാപാരത്തിന്റെ കേന്ദ്രമായി കേരളത്തെ മാറ്റാന്‍ പര്യാപ്തമാണ് വിഴിഞ്ഞം പദ്ധതിയെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട്, സന്തുലിതമായ നിലപാടാണ് ഇക്കാര്യത്തിലുണ്ടാകേണ്ടത്. തീരദേശക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കുടുസ്സായ താത്പര്യങ്ങള്‍ സമരക്കാരെ നയിക്കുന്നുണ്ടെങ്കില്‍ അവരത് ഉപേക്ഷിക്കണം.
വിഴിഞ്ഞത്ത് സ്ഥിതിഗതികള്‍ അങ്ങേയറ്റം സ്‌ഫോടനാത്മകമാണ്. കത്തോലിക്കാ അതിരൂപതയുടെ നേതൃത്വത്തില്‍ അവിടെ നടന്നു വരുന്ന സമരം പിടിവിട്ട നിലയിലേക്ക് പോകുകയാണ്. സമരം സംഘര്‍ഷത്തിലേക്കും അക്രമത്തിലേക്കും വഴിമാറുന്നത് ഒരു നിലക്കും ആശാസ്യമല്ല. ഏത് ആശങ്കകളും സംയമനത്തോടെയാണ് പരിഹരിക്കേണ്ടത്. ജനാധിപത്യ സമൂഹത്തില്‍ സമരങ്ങള്‍ അനാവശ്യമല്ല. അധികാരികളുടെ ശ്രദ്ധ ക്ഷണിക്കാനും പരിഹാര നടപടികളിലേക്ക് അവരെ കൊണ്ടുവരാനും പൊതു സമൂഹത്തിന്റെ ചര്‍ച്ചയാക്കി മാറ്റാനും സമര രൂപങ്ങള്‍ പുറത്തെടുക്കേണ്ടി വരും. എന്നാല്‍ ഈ പ്രതിഷേധ മാര്‍ഗങ്ങളൊന്നും കൈവിട്ട് പോയിക്കൂടാ. മതനേതൃത്വം കൂടി ഉള്‍പ്പെട്ട ഒരു സമരസമിതി നിലനില്‍ക്കുമ്പോള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ് വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം കണ്ടത്.
പോലീസ് സ്റ്റേഷന്‍ സമരക്കാര്‍ അടിച്ചുതകര്‍ത്തു. വൈദികരടക്കമുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്. പോലീസ് വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരുക്കേറ്റു. പരുക്കേറ്റവരെ കൊണ്ടുപോകുന്ന ആംബുലന്‍സ് തടയുന്ന സാഹചര്യവും ഉണ്ടായി. സ്ഥലത്തെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേയും കൈയേറ്റമുണ്ടായി. ആര്‍ച്ച് ബിഷപ്പുള്‍പ്പെടെ വൈദികര്‍ക്കും സമരക്കാര്‍ക്കുമെതിരെ പോലീസ് കേസെടുത്തതാണ് ഞായറാഴ്ച രാത്രി നടന്ന കലാപസമാനമായ സംഭവങ്ങളുടെ ആധാരം. വധശ്രമം, ഗൂഢാലോചന, കുറ്റകരമായ സംഘം ചേരല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. രണ്ട് ലക്ഷത്തിലേറെ രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതിനും സുപ്രീം കോടതിയുടെ വിലക്ക് ലംഘിച്ച് അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അതീവ സുരക്ഷാ മേഖലയിലുള്ള തുറമുഖ പ്രദേശത്ത് അതിക്രമിച്ചു കടന്നതിനും ഓഫീസ് അടിച്ചുതകര്‍ത്തതിനും കേസെടുത്തിട്ടുണ്ട്.
ഈ സമരത്തോട് മൃദു സമീപനമാണ് സര്‍ക്കാര്‍ ഇതുവരെ തുടര്‍ന്നിരുന്നത്. പ്രകോപനപരമായ സാഹചര്യങ്ങളുണ്ടായപ്പോഴെല്ലാം സംയമന നിലപാട് സ്വീകരിക്കുകയായിരുന്നു പോലീസ് ചെയ്തത്. എന്നാല്‍ ആര്‍ച്ച് ബിഷപ്പിനെ ഒന്നാം പ്രതിയാക്കി കേസെടുത്തതിലൂടെ സമര സമിതിക്കെതിരെ ശക്തമായ താക്കീത് നല്‍കുകയാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ സര്‍ക്കാറും സമരക്കാരും തമ്മിലുള്ള അകലം വല്ലാതെ കൂടുകയാണ്. നീക്കുപോക്കിനുള്ള സാധ്യത അടയുകയും കൂടുതല്‍ സംഘര്‍ഷങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നത് വലിയ ദുരന്തത്തിന് വഴിവെക്കും. ജനങ്ങള്‍ എത്രമാത്രം പ്രകോപിതരും അക്ഷമരുമാകുന്നുവോ അത്രയും സങ്കീര്‍ണമാകും കാര്യങ്ങള്‍. ഈ വിഷയത്തില്‍ പല തലങ്ങളില്‍ നിരവധി ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞതാണ്. വിഴിഞ്ഞം ഇന്റര്‍നാഷനല്‍ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ നിര്‍മാണം ഉപേക്ഷിക്കുന്നത് ഒഴിച്ചുള്ള ഏത് വിട്ടുവീഴ്ചക്കും സര്‍ക്കാര്‍ തയ്യാറാണെന്ന് തുറമുഖ മന്ത്രി അഹ്‌മദ് ദേവര്‍കോവിലും മന്ത്രി ആന്റണി രാജുവും വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയും സമാനമായ ഉറപ്പുകള്‍ നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളി പുനരധിവാസത്തിന് മുട്ടത്തറയില്‍ എട്ടേക്കര്‍ മത്സ്യബന്ധന ഡയറക്ടര്‍ക്ക് കൈമാറിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. തീരശോഷണം മൂലം മാറിത്താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പുനരധിവാസം പൂര്‍ത്തിയാകുന്നതുവരെ പ്രതിമാസം 5,500 രൂപ നല്‍കും. കാലാവസ്ഥാ മുന്നറിയിപ്പ് കാരണം ജോലിക്ക് പോകാന്‍ കഴിയാത്തവര്‍ക്കുള്ള സഹായം തുടരും. മത്സ്യഫെഡിന് മണ്ണെണ്ണയുടെ മൊത്ത വിതരണ ചുമതല അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും തുടങ്ങിയ വാഗ്ദാനങ്ങളും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് അപകടമുണ്ടാകുന്നത് ശാസ്ത്രീയമായി പഠിച്ച് അടിയന്തരമായി റിപോര്‍ട്ട് നല്‍കാന്‍ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്‌റ്റേഷനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
കടലേറ്റവും തീരശോഷണവും വിഴിഞ്ഞം, വലിയതുറ, ശംഖുമുഖം മേഖലയിലെ വലിയ പ്രശ്‌നം തന്നെയാണ്. ഓഖി ദുരന്തം ഈ ദുരവസ്ഥയെ രൂക്ഷമാക്കിയിട്ടുണ്ട്. തീരശോഷണം മൂലം വീട് നഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ മൂന്ന് കൊല്ലമായി താത്കാലിക ക്യാമ്പുകളില്‍ കഴിയുകയാണ്. ഇവര്‍ക്ക് സ്ഥിരം സംവിധാനം ഒരുക്കാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ മണ്ണെണ്ണ വില കൂട്ടുകയും അതിനെ മറികടക്കാനാകും വിധം സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി കൂട്ടാതിരിക്കുകയും ചെയ്യുന്നത് മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാക്കുന്നുണ്ട്. കാലാവസ്ഥയിലെ മറ്റം ഉണ്ടാക്കുന്ന വറുതി വേറെയും.
വിഴിഞ്ഞം തുറമുഖ പദ്ധതിയാണ് തീരശോഷണത്തിന് കാരണമെന്ന് സമര സമിതി ആരോപിക്കുന്നു. എന്നാല്‍, പദ്ധതിയുമായി ബന്ധപ്പെട്ട് തീരശോഷണമില്ലെന്നാണ് ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപോര്‍ട്ടെന്നും തീരശോഷണം ന്യൂനമര്‍ദവും ചുഴലിക്കാറ്റും മൂലമാണെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്. കടലോരക്കാരുടെ ആരോപണം മുഖവിലക്കെടുക്കാന്‍ ഇതുവരെ പഠനം നടത്തിയ സമിതികളോ ഈ വിഷയം പരിഗണിച്ച കോടതികളോ തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. നിര്‍മാണ പ്രവൃത്തി തടസ്സപ്പെടുത്തുന്ന സമരമുറ ശക്തമായി നേരിടണമെന്നാണ് ഹൈക്കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്. നിര്‍മാണം വൈകുന്നതിനുള്ള നഷ്ടപരിഹാരം സമരക്കാരില്‍ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെടുന്ന റിപോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുകയാണ് സര്‍ക്കാര്‍.
വിഴിഞ്ഞം ഇന്റര്‍നാഷനല്‍ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ട്രാന്‍സ്ഷിപ്‌മെന്റ് പദ്ധതി കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ ഉണര്‍വുണ്ടാക്കുന്ന ഒന്നാണ്. അന്താരാഷ്ട്ര കപ്പല്‍ച്ചാലിന്റെ സാമീപ്യവും ഏറ്റവും ആഴമുള്ള സ്വാഭാവിക തുറമുഖം എന്ന നിലയിലും വിദേശ വ്യാപാരത്തിന്റെ കേന്ദ്രമായി കേരളത്തെ മാറ്റാന്‍ പര്യാപ്തമാണ് വിഴിഞ്ഞം പദ്ധതിയെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട്, സന്തുലിതമായ നിലപാടാണ് ഇക്കാര്യത്തിലുണ്ടാകേണ്ടത്. തീരദേശക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പഠന സമിതിയില്‍ പ്രദേശവാസികളുടെ പ്രതിനിധികളും ഉണ്ടാകണം. കര കടലെടുത്തു പോകുന്നതിന് ശാശ്വതവും ഫലപ്രദവുമായ പദ്ധതികള്‍ വരണം. കുടുസ്സായ താത്പര്യങ്ങള്‍ സമരക്കാരെ നയിക്കുന്നുണ്ടെങ്കില്‍ അവരത് ഉപേക്ഷിക്കണം. ജനങ്ങളെ ഇളക്കിവിടുന്ന ആഹ്വാനങ്ങള്‍ ആരും നടത്തരുത്. സര്‍വകക്ഷി യോഗത്തില്‍ ആശാവഹമായ ചുവടുകളൊന്നും ഉണ്ടായിട്ടില്ല. പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യത്തില്‍ നിന്ന് സമരക്കാര്‍ പിന്നോട്ട് പോകണമെന്നാണ് പൊതു അഭിപ്രായമുയര്‍ന്നത്. ഈ വിഷയത്തില്‍ രാഷ്ട്രീയം കളിക്കാന്‍ ആര് ശ്രമിച്ചാലും അത് തീ കൊണ്ട് കളിക്കലാകും.