Connect with us

Editorial

നിയമം കാറ്റില്‍ പറത്തി വെടിക്കെട്ടുകള്‍

രാജ്യവ്യാപകമായി വെടിക്കെട്ടിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിയമ ഭേദഗതി ഈ മാസം 11ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എക്‌സ്‌പ്ലോസീവ് ആക്ടിനു കീഴിലുള്ള ഈ ഭേദഗതി പ്രകാരം വെടിക്കെട്ട് പുരയില്‍ നിന്ന് 200 മീറ്റര്‍ അകലെ മാത്രമേ പടക്കങ്ങള്‍ ഉപയോഗിക്കുകയും വെടിക്കെട്ട് നടത്തുകയും ചെയ്യാവൂ.

Published

|

Last Updated

അശ്രദ്ധയും നിയമ ലംഘനവും സൃഷ്ടിച്ച മറ്റൊരു വെടിക്കെട്ട് ദുരന്തം കൂടി. വെടിമരുന്ന്-വെടിക്കെട്ട് ശേഖരത്തിനു സമീപം പടക്കം പൊട്ടിക്കുന്നത് 45 മീറ്ററെങ്കിലും അകലത്തിലായിരിക്കണമെന്നാണ് നിയമം. കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ തെയ്യംകെട്ട് മഹോത്സവത്തില്‍ ഈ നിയമവും ദൂരപരിധിയും ലംഘിച്ച് അലക്ഷ്യമായി പടക്കം പൊട്ടിച്ചതാണ് 150ല്‍ പരം പേര്‍ക്ക് പരുക്കേല്‍ക്കാനിടയായ വെടിമരുന്ന് ദുരന്തത്തിനു കാരണം. ഉത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് പ്രയോഗിക്കാന്‍ കരുതിവെച്ചിരുന്ന പടക്കങ്ങള്‍ സൂക്ഷിച്ച ഷെഡിന്റെ രണ്ടോ മൂന്നോ മാത്രം അടി അകലെ വെച്ചാണ്, തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഈ പടക്കത്തില്‍ നിന്നുള്ള തീപ്പൊരി വെടിപ്പുരയില്‍ വീഴുകയും അതിലുണ്ടായിരുന്ന പടക്ക ശേഖരമൊന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. തിങ്കളാഴ്ച പാതിരാത്രിയായിരുന്നു അപകടം.

ഉത്സവങ്ങളോടനുബന്ധിച്ച് വെടിക്കെട്ട് നടത്തുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി വാങ്ങിയിരിക്കണമെന്ന നിയമവും ലംഘിക്കപ്പെട്ടു. വീരര്‍കാവ് ക്ഷേത്ര ഭാരവാഹികള്‍ വെടിക്കെട്ട് അനുമതിക്ക് അപേക്ഷിച്ചിരുന്നില്ലെന്ന് കലക്ടര്‍ വ്യക്തമാക്കി. ആളുകള്‍ തിങ്ങിനിറഞ്ഞ വേദിയില്‍ വെടിക്കെട്ട് നടത്തുമ്പോള്‍ ഉണ്ടായിരിക്കേണ്ട സുരക്ഷാ സംവിധാനങ്ങളും സജ്ജീകരിച്ചിരുന്നില്ല. പൊട്ടിത്തെറിയില്‍ പൊള്ളലേറ്റും ആളുകള്‍ ചിതറിയോടുന്നതിനിടെ തിക്കിലും തിരക്കിലും പെട്ടുമാണ് പലര്‍ക്കും പരുക്കേറ്റത്. എട്ട് പേരുടെ പരുക്ക് അതീവ ഗുരുതരമാണെന്നാണ് റിപോര്‍ട്ട്. മുന്‍വര്‍ഷങ്ങളില്‍ ക്ഷേത്രത്തിനു സമീപമുള്ള കാവിനടുത്ത് വെച്ചാണത്രെ പടക്കം പൊട്ടിച്ചിരുന്നത്. ഈ വര്‍ഷമാണ് ക്ഷേത്രത്തിനിത്രയും അടുത്ത് പടക്കം ഉപയോഗിച്ചത്.
രാജ്യവ്യാപകമായി വെടിക്കെട്ടിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിയമ ഭേദഗതി ഈ മാസം 11ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എക്‌സ്‌പ്ലോസീവ് ആക്ടിനു കീഴിലുള്ള ഈ ഭേദഗതി പ്രകാരം വെടിക്കെട്ട് പുരയില്‍ നിന്ന് 200 മീറ്റര്‍ അകലെ മാത്രമേ പടക്കങ്ങള്‍ ഉപയോഗിക്കുകയും വെടിക്കെട്ട് നടത്തുകയും ചെയ്യാവൂ. നിലവിലെ നിയമ പ്രകാരം 45 മീറ്റര്‍ ദൂരം മതി. ജനങ്ങളെ ബാരിക്കേഡ് കെട്ടി നിര്‍ത്തേണ്ടത് വെടിക്കെട്ട് സ്ഥലത്തെ ബാരിക്കേഡില്‍ നിന്ന് 100 മീറ്റര്‍ അകലെയായിരിക്കണം. ആശുപത്രി, സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ 250 കി.മീറ്റര്‍ പരിധിക്കുള്ളില്‍ ഉണ്ടെങ്കില്‍ പ്രത്യേക അനുമതിയില്ലാതെ വെടിക്കെട്ട് നടത്തരുത്. കാറ്റ് 50 കി.മീറ്റര്‍ വേഗത്തിലാണെങ്കില്‍ വെടിക്കെട്ട് പാടില്ല തുടങ്ങിയവയാണ് മറ്റു വ്യവസ്ഥകള്‍. 200 മീറ്റര്‍ ദൂരപരിധി തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള ക്ഷേത്ര ഉത്സവങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ നിയമ ഭേദഗതിയില്‍ ആശങ്ക രേഖപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിന് കത്തയച്ചിട്ടുണ്ട്. അതേസമയം, കേന്ദ്ര ഭേദഗതി വന്നു 18ാം നാളിലാണിപ്പോള്‍ നീലേശ്വരം വെടിമരുന്ന് ദുരന്തം സംഭവിച്ചിരിക്കുന്നത്. നിയമം കര്‍ശനമാക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

ഉത്സവകാലം കടന്നു വരുന്നതോടെ സംസ്ഥാനത്ത് പതിവു വാര്‍ത്തകളാണ് പടക്കശാലകള്‍ക്കും വെടിമരുന്ന് പുരകള്‍ക്കും തീപ്പിടിച്ചുണ്ടാകുന്ന അപകടങ്ങളും വെടിക്കെട്ട് ദുരന്തങ്ങളും. തൃപ്പൂണിത്തുറ (2024 ഫെബ്രുവരി), കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ (2016), പാലക്കാട് പന്നിയംകുറുശ്ശി (2013), തൃശൂര്‍ താങ്ങാലി (2011), എറണാകുളം മരട് (2008), തൃശൂര്‍ പൂരം നഗരി (2006), പാലക്കാട് ആളൂര്‍ ചാരമുണ്ടിക്കാവ് (1999), പാലക്കാട് കുഞ്ചിക്കോട് (1998), തൃശൂര്‍ ചിയ്യാരം (1997), കൊല്ലം മലനടയില്‍ (1990) തുടങ്ങി നിരവധി വെടിമരുന്ന്-വെടിക്കെട്ട് അപകടങ്ങള്‍ നടന്നിട്ടുണ്ട്. നൂറുകണക്കിന് വീട്ടുകാരെയാണ് ഈ ദുരന്തങ്ങള്‍ അനാഥരും നിരാലംബരുമാക്കിയത്. 400 പേര്‍ക്കാണ് സംസ്ഥാനത്ത് രണ്ട് ദശകത്തിനിടെയുണ്ടായ ചെറുതും വലുതുമായ അപകടങ്ങളില്‍ ജീവന്‍ നഷ്ടമായത്.

അശ്രദ്ധയും സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയുമാണ് ബഹുഭൂരിഭാഗം ദുരന്തങ്ങള്‍ക്കും ഇടയാക്കിയത്. വെടിമരുന്ന് അപകടം ഒഴിവാക്കുന്നതിന് ഉത്സവങ്ങള്‍ക്ക് ഡിജിറ്റല്‍ വെടിക്കെട്ട് (ലേസര്‍ഷോ) എന്ന നിര്‍ദേശം ഉയര്‍ന്നു വന്നിരുന്നു എട്ട് വര്‍ഷം മുമ്പ്. 110 പേരുടെ മരണത്തിനിടയാക്കിയ കൊല്ലം പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് 2016 ഏപ്രില്‍ അവസാനത്തില്‍ അന്നത്തെ ഡി ജി പി സെന്‍കുമാര്‍ കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപോര്‍ട്ടിലാണ്, കരിമരുന്നുപയോഗിച്ചുള്ള ഇപ്പോഴത്തെ വെടിക്കെട്ടിന് സമ്പൂര്‍ണ നിരോധമേര്‍പ്പെടുത്തി പകരം ലേസര്‍ വിദ്യ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ വെടിക്കെട്ടിലേക്ക് മാറണമെന്ന നിര്‍ദേശം സമര്‍പ്പിച്ചത്. ആകാശത്ത് അതിമനോഹരമായ കലകള്‍ വിരിയിക്കുന്ന, നിലവിലെ വെടിക്കെട്ടുകളുടെ അതേ ഇഫക്ട് നല്‍കുന്ന ലേസര്‍ സംവിധാനമാണ് ഡിജിറ്റല്‍ വെടിക്കെട്ട്. ഇപ്പോള്‍ ലോകത്തെമ്പാടും ഉത്സവങ്ങള്‍ക്കും പുതുവത്സരാഘോഷങ്ങള്‍ക്കും ലോകകപ്പ് ഉദ്ഘാടനം പോലുള്ള ചടങ്ങുകള്‍ക്കും ഈ സംവിധാനമാണ് പ്രയോഗിക്കുന്നത്.
ദുബൈ ബുര്‍ജ് ഖലീഫയില്‍ പുതുവത്സര ദിനത്തില്‍ കാണികളെ അമ്പരപ്പിക്കുന്ന മനോഹര ദൃശ്യങ്ങള്‍ വിരിയിക്കുന്നത് ലേസര്‍ വെടിക്കെട്ടുകളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പത്ത് ലക്ഷത്തിൽപ്പരം പേരാണ് ദുബൈയിലെ പുതുവത്സരാഘോഷത്തില്‍ പങ്കെടുക്കാനും ബുര്‍ജ് ഖലീഫയിലെ അതി മനോഹര ഡിജിറ്റല്‍ വെടിക്കെട്ട് കാണാനും എത്തിച്ചേരുന്നത്. ഇന്ത്യയില്‍ മുംബൈയിലും ചെന്നൈയിലും വ്യാവസായികാടിസ്ഥാനത്തില്‍ ഇത് നടത്തുന്നുണ്ട്. നിലവിലെ വെടിക്കെട്ടിനേക്കാള്‍ ചെലവും കുറവാണ് ഈ സംവിധാനത്തിന്. 25 ലക്ഷം മുതല്‍ 50 ലക്ഷം വരെ ചെലവ് വരുന്നുണ്ട് വലിയ പരമ്പരാഗത വെടിക്കെട്ടിന്. ഇതിന്റെ പകുതിയില്‍ താഴെ മാത്രമേ ഡിജിറ്റല്‍ വെടിക്കെട്ടിന് ചെലവ് വരികയുള്ളൂ. സംസ്ഥാന സര്‍ക്കാറും ഉത്സവ, ക്ഷേത്ര കമ്മിറ്റികളും ഈ തീരുമാനത്തിലേക്കെത്തിയാല്‍ വന്‍ ദുരന്തങ്ങള്‍ ഒഴിവാക്കാനാകും.

Latest