Kerala
ഓണ്‍ലൈനില്‍ പടക്കം വരുത്തി; പ്രവാസി യുവാവിനെതിരെ കേസ്
വടക്കുമ്പാട് സ്വദേശിയായ ഗള്‍ഫുകാരന് കണ്ടിക്കലിലെ കൊറിയര്‍ സര്‍വീസില്‍ ഇന്ന് കാലത്താണ് 30 കിലോയോളം പടക്കം എത്തിയത്.
തലശ്ശേരി | വിഷു ആഘോഷിക്കാന്‍ അവധിക്ക് നാട്ടില്‍ വന്ന ഗള്‍ഫുകാരന് ഓണ്‍ലൈനില്‍ പടക്കം എത്തിയത് തലശ്ശേരി കണ്ടിക്കലില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. വടക്കുമ്പാട് സ്വദേശിയായ ഗള്‍ഫുകാരന് കണ്ടിക്കലിലെ കൊറിയര്‍ സര്‍വീസില്‍ ഇന്ന് കാലത്താണ് 30 കിലോയോളം പടക്കം എത്തിയത്. വിവരമറിഞ്ഞ് തലശ്ശേരി പോലീസും കണ്ടിക്കലില്‍ എത്തി.
ഓണ്‍ലൈനില്‍ പടക്കം ഓര്‍ഡര്‍ ചെയ്തയാളെ പോലീസ് വിളിച്ചു വരുത്തി. സഹോദരിയോടൊത്ത് വന്ന പ്രവാസിയായ യുവാവിനോട് പോലീസ് വിവരം തിരക്കി. സ്‌ഫോടക വസ്തുക്കള്‍ ഓണ്‍ലൈനില്‍ വാങ്ങരുതെന്ന് നിര്‍ദേശിച്ചു. പടക്ക പൊതി തുറന്ന് പരിശോധിച്ചപ്പോള്‍ അതില്‍ പൊട്ടിത്തെറിക്കുന്ന ഒന്നുമില്ലായിരുന്നു. കാര്യം തിരക്കിയ സഹോദരിയോട് വെറുതെ സ്റ്റേഷനിലേക്ക് വിളിച്ചതാണെന്നും ഉടനെ വിട്ടയക്കുമെന്നും സമാധാനിപ്പിച്ചു.
ഗള്‍ഫുകാരനെതിരെ കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. സീസണ്‍ കച്ചവടക്കാരായ പടക്ക വ്യാപാരികള്‍ അമിതലാഭം ഈടാക്കുന്നതായുള്ള സംഭവങ്ങള്‍ പെരുകുന്നതിനിടയിലാണ് ഓണ്‍ലൈന്‍ വിവാദങ്ങളും കൊഴുക്കുന്നത്.