Connect with us

Kerala

തൃപ്പൂണിത്തുറയില്‍ വെടിക്കെട്ടിന് എത്തിച്ച കരിമരുന്ന് പൊട്ടിത്തെറിച്ച സംഭവം; നാല് പ്രതികള്‍ കീഴടങ്ങി

പുതിയകാവ് വടക്കുംഭാഗം കരയോഗം ഭാരവാഹികളായ സജീവ് ചന്ദ്രന്‍, രാജേഷ് കെ ആര്‍, സത്യന്‍, രാജീവ് എന്നിവരാണ് കീഴടങ്ങിയത്.

Published

|

Last Updated

തൃപ്പൂണിത്തുറ| തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്ര വെടിക്കെട്ടിന് എത്തിച്ച കരിമരുന്ന് പൊട്ടിത്തെറിച്ച സംഭവത്തില്‍ നാല് പ്രതികള്‍ ഹില്‍പാലസ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പുതിയകാവ് വടക്കുംഭാഗം കരയോഗം ഭാരവാഹികളായ സജീവ് ചന്ദ്രന്‍, രാജേഷ് കെ ആര്‍, സത്യന്‍, രാജീവ് എന്നിവരാണ് കീഴടങ്ങിയത്. മനപൂര്‍വ്വമല്ലാത്ത നരഹത്യ, സ്‌ഫോടകവസ്തു നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ്. വെടിക്കെട്ട് ഏറ്റെടുത്ത കരാറുകാര്‍ക്ക് പണം കൈമാറിയവരാണ് ഇവര്‍.

സ്‌ഫോടനം നടന്നത് ഫെബ്രുവരി 12നാണ്. പാലക്കാട്ട് നിന്നും വെടിക്കെട്ടിനായി എത്തിച്ച കരിമരുന്ന് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെ ആയിരുന്നു അപകടം നടന്നത്. അപകടത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടിട്ടുമുണ്ട്. സ്‌ഫോടനത്തില്‍ കേന്ദ്രത്തിലേക്ക് പടക്കവുമായി വന്ന ലോറി പൂര്‍ണമായി കത്തിനശിച്ചു. സമീപത്തെ കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. സ്‌ഫോടനം നടന്ന അന്ന് മുതല്‍ പ്രതികള്‍ ഒളിവിലായിരുന്നു.

അതേസമയം അപകട സ്ഥലത്തിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചതിനെതിരെ പ്രദേശവാസികള്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹരജിയിലെ സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. നഷ്ടം കണക്കാക്കുന്ന വകുപ്പ് ഏതാണെന്നും ഉദ്യോഗസ്ഥന്‍ ആരെന്നും സര്‍ക്കാര്‍ അറിയിക്കണമെന്നാണ് നിര്‍ദേശം. അടുത്ത ആഴ്ച ഹരജി വീണ്ടും പരിഗണിക്കും.

 

 

 

Latest