Connect with us

Articles

സര്‍വനാശത്തിന്റെ തീക്കളികള്‍

ലബനാനിനെതിരെ ഇപ്പോൾ നടക്കുന്നത് യുദ്ധമാണെന്ന് പറയാനാകില്ല. തത്കാലം അത് ആക്രമണം മാത്രമാണ്. വലിയ പ്രത്യാക്രമണം നടന്നിട്ടില്ലെന്നു തന്നെയാണ് വ്യക്തമാകുന്നത്. സമ്പൂർണ യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ ഇസ്‌റാഈൽ വെള്ളം കുടിക്കുമെന്നത് ചരിത്ര വസ്തുതയാണ്. 1982ലെ സാബ്‌റ ശാതില കൂട്ടക്കൊലയുടെ ചോരക്കറ ഇസ്‌റാഈലിന്റെ രാഷ്ട്ര ശരീരത്തിൽ നിന്ന് ഒരിക്കലും മായ്ച്ച് കളയാനാകില്ല.

Published

|

Last Updated

ഇസ്റാഈലിന് 870 കോടി ഡോളറിന്റെ പുതിയ സാമ്പത്തിക പാക്കേജ് അനുവദിക്കുന്ന ഉത്തരവില്‍ മഷിയുണങ്ങും മുമ്പാണ് തെക്ക് കിഴക്കന്‍ ലബനാനിലെ ശേബായില്‍ ഒരു കുടുംബത്തിലെ ഒമ്പത് പേരെ ഇസ്റാഈല്‍ ബോംബിട്ട് കൊന്നത്. ഇതില്‍ നാല് പേര്‍ പിഞ്ചു കുഞ്ഞുങ്ങളാണ്. ഈ കുഞ്ഞുങ്ങള്‍ ഹിസ്ബുല്ലക്കാരാണോ? ഈ കുടുംബം ഇസ്റാഈലിന്റെ സുരക്ഷിതത്വത്തിന് ഭീഷണിയാണോ? ജൂത രാഷ്ട്രത്തിനുള്ള പിന്തുണ എല്ലാ അര്‍ഥത്തിലും തുടരുമെന്ന് പ്രഖ്യാപിക്കുന്ന യു എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ഇസ്റാഈല്‍ നടത്തുന്നത് ഭീകരവിരുദ്ധ യുദ്ധമാണെന്ന നുണ ആവര്‍ത്തിക്കുന്നു. പേജറുകളിലും വാക്കി ടോക്കി സെറ്റുകളിലും നിര്‍മിതിയിലേ സ്ഫോടക വസ്തു നിറച്ച് വിദൂര നിയന്ത്രിത സംവിധാനം വഴി മനുഷ്യരെ കൊന്നു തള്ളുന്നതാണ് യഥാര്‍ഥ ഭീകരത. മനുഷ്യരെ കൊന്നുതള്ളാന്‍ ഇത്രയും ക്രൂരമായ സംവിധാനം മറ്റൊരു രാജ്യവും പ്രയോഗിക്കില്ല. ഇത്രയും ഗൂഢമായ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും നിരവധി രാജ്യങ്ങളെ പങ്കെടുപ്പിച്ച് അത്യന്തം രഹസ്യമായി അത് നടപ്പാക്കുകയും ചെയ്യാന്‍ മാത്രം ഹൃദയശൂന്യത മൊസ്സാദിനല്ലാതെ മറ്റൊരു ഏജന്‍സിക്കുമുണ്ടാകില്ല. മൊസ്സാദിന്റെ ഭീകര പ്രവര്‍ത്തനത്തെ കുറിച്ച് ഉച്ചത്തില്‍ സംസാരിച്ചു കൊണ്ടേയിരിക്കുകയാണ് ഇക്കാലത്ത് ചെയ്യാവുന്ന ഏറ്റവും ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനം.
ലബനാനില്‍ പേജര്‍, വാക്കി ടോക്കി സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരിലേറെയും സാധാരണക്കാരാണ്. മാസങ്ങളുടെ തയ്യാറെടുപ്പുകളുണ്ട് ആ ആക്രമണപദ്ധതിക്ക് പിന്നില്‍. ട്രിഗര്‍ ആക്ടിവേറ്റ് ചെയ്യുകയും ഒരു കോഡ് വേഡ് അയച്ചപ്പോള്‍ മൂവായിരത്തോളം പേജറുകള്‍ ഒരുമിച്ച് പൊട്ടിത്തെറിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് പുറത്തുവന്ന വിവരം. യഥാര്‍ഥ സത്യം ഇപ്പോഴും കാണാമറയത്താണ്. വിദേശ മണ്ണില്‍ അത്യാധുനിക വിദൂര ആക്രമണങ്ങള്‍ നടത്തിയതിന്റെ നീണ്ട ചരിത്രമുണ്ട് മൊസ്സാദിന്. കഴിഞ്ഞ ജൂലൈയില്‍ ഇറാനില്‍ കടന്നുകയറി ഹമാസ് രാഷ്ട്രീയകാര്യ നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ കൊലപ്പെടുത്തിയത് ഏറ്റവും ഒടുവിലത്തെ സംഭവം. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ നേതാവ് മഹ്മൂദ് ഹംശാരിയെ 1972ല്‍ പാരീസില്‍ വധിച്ചത് ഫോണ്‍ സ്ഫോടനത്തിലായിരുന്നു. തന്റെ അപാര്‍ട്ട്മെന്റില്‍ ഒരു ഫോണ്‍ കോള്‍ വരുന്നു. അറ്റന്‍ഡ് ചെയ്തപ്പോള്‍ പൊട്ടിത്തെറിക്കുന്നു. തങ്ങള്‍ ശത്രുവെന്ന് പ്രഖ്യാപിച്ചയാളുകളെ ട്രാക്കുചെയ്യാന്‍ മാത്രമല്ല, അവരെ കൊല്ലാനും ഇസ്റാഈല്‍ ടെലിഫോണുകള്‍ ഉപയോഗിച്ചു എന്നതിന്റെ തെളിവായിരുന്നു ഈ സംഭവം. സാങ്കേതികവിദ്യ വികസിച്ചപ്പോള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചായി കൊലപാതകങ്ങള്‍. 1996ല്‍ ഹമാസ് നേതാവ് യഹ്യ അയ്യാഷിനെ വധിച്ചത് ഇങ്ങനെയായിരുന്നു. നിങ്ങളുടെ കൈയിലെ സെല്‍ഫോണ്‍ ഒരു നിമിഷം കൊണ്ട് ടൈംബോംബായി മാറുന്നത് ആലോചിച്ചു നോക്കൂ. ഒരു നാട് മുഴുവന്‍ നിന്ന് കത്തുന്നു. കൊലയാളി ദൂരെ സ്വന്തം സുരക്ഷിതയിടത്തില്‍ മദ്യംനുകര്‍ന്നു കൊണ്ട് മനുഷ്യരുടെ പരക്കം പാച്ചില്‍ ആസ്വദിക്കുന്നത് സങ്കല്‍പ്പിച്ചു നോക്കൂ. അപ്പോള്‍ എന്താണ് ഭീകരതയെന്ന് മനസ്സിലാകും. ഈ ദൃശ്യങ്ങള്‍ ആസ്വദിക്കുന്ന, കമന്റായും ഷെയറായും അത് ആഘോഷിക്കുന്ന ഓരോരുത്തരും ഭീകര ബോധത്തില്‍ അകപ്പെട്ടവരാണ്.

സയണിസ്റ്റ് ഭീകരതക്കെതിരെ ഉറച്ച നിലപാടെടുക്കാന്‍ യു എന്നിനോ മറ്റ് അന്താരാഷ്ട്ര കൂട്ടായ്മകള്‍ക്കോ സാധിക്കാത്തതിന്റെ അടിസ്ഥാന കാരണം അമേരിക്കയുടെ സംരക്ഷണ വലയമാണ്. ഏറ്റവും ഒടുവില്‍ ലബനാനില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഫ്രാന്‍സിന്റെ നേതൃത്വത്തില്‍ ഇ യു രാജ്യങ്ങളും അറബ് രാജ്യങ്ങളും മുന്നോട്ടുവെച്ച സംയുക്ത ആഹ്വാനം ഇസ്റാഈല്‍ തള്ളിയിരിക്കുകയാണ്. ഈ ആഹ്വാനത്തിന് പ്രത്യക്ഷത്തില്‍ അമേരിക്ക പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ അതേ അമേരിക്ക തന്നെയാണ് പുതിയ സൈനിക പാക്കേജ് നല്‍കിയത്. ഗസ്സയിലും അത് തന്നെയാണ് കണ്ടത്. ജോ ബൈഡന്‍ മൂന്ന് മാസം മുമ്പ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ ഹമാസ് അംഗീകരിച്ചതാണ്. വെടിനിര്‍ത്തല്‍ സാധ്യമാകുമെന്ന് എല്ലാവരും പ്രതീക്ഷിക്കുകയും ചെയ്തു. എന്നാല്‍ ആ ചര്‍ച്ചകളില്‍ മുന്‍നിരയിലുണ്ടായിരുന്ന ഇസ്മാഈല്‍ ഹനിയ്യയെ തെഹ്റാനില്‍ വധിച്ചാണ് സയണിസ്റ്റ് രാഷ്ട്രം ആദ്യത്തെ തടസ്സം ഒരുക്കിയത്. ഇറാനെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാനും പലതരത്തിലുള്ള ശ്രമങ്ങള്‍ നടത്തി. എന്നിട്ടും നിലക്കാതെ മുന്നോട്ട് പോയ വെടിനിര്‍ത്തല്‍ ചര്‍ച്ചക്ക് മുന്നില്‍ പൊളിക്കാനാകാത്ത മതില്‍ കെട്ടിയത് അമേരിക്കയാണ്. പഴയ പ്രപ്പോസല്‍ വിഴുങ്ങിയ ബൈഡന്‍ ഇസ്റാഈലിന്റെ ആവശ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പുതിയ നിര്‍ദേശങ്ങള്‍ വെച്ചു. സ്വാഭാവികമായും ഹമാസ് അതൃപ്തി രേഖപ്പെടുത്തി. ചര്‍ച്ച വഴിമുട്ടി. മാധ്യസ്ഥ്യ രാജ്യങ്ങള്‍ പിന്നെയും ശ്രമം തുടര്‍ന്നപ്പോള്‍ അടുത്ത ഉടക്ക് വന്നു. ഇസ്റാഈലിന് ഫിലാഡല്‍ഫി കോറിഡോറില്‍ സ്ഥിരം സൈനിക സാന്നിധ്യം വേണം. ഇസ്റാഈലുമായി അതിര്‍ത്തി പങ്കിടാത്ത ഗസ്സയില്‍ നിന്നുള്ള ക്രോസ്സിംഗാണിത്. ഈജിപ്ത് അതിര്‍ത്തിയിലെ ഈ പ്രദേശം സൈനിക സന്നാഹ കേന്ദ്രമാക്കുക വഴി ഗസ്സയെ പൂര്‍ണമായി വളയാനാണ് ഇസ്റാഈലിന്റെ പദ്ധതി. ഇവിടെ യു എസിന്റെ ഇരട്ടത്താപ്പാണ് വെളിപ്പെടുന്നത്. ഒരു ഭാഗത്ത് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കുന്നു. മറുഭാഗത്ത് ഇസ്റാഈലിന് ഒത്താശ ചെയ്തുകൊടുക്കുന്നു. ഹമാസ് നേതാക്കള്‍ ചൂണ്ടിക്കാട്ടിയപോലെ, വംശഹത്യ നീട്ടിക്കൊണ്ടുപോകാന്‍ ഇസ്റാഈലിന് സാവകാശമൊരുക്കുകയാണ് അമേരിക്ക ചെയ്തത്.

ഹമാസിനെ സമ്പൂര്‍ണമായി ഇല്ലാതാക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ മറവില്‍ ഗസ്സയെ പാഴ്ഭൂമിയാക്കി മാറ്റി ആ പ്രദേശം തങ്ങളുടെ ഭാഗമാക്കുകയാണ് യഥാര്‍ഥ ലക്ഷ്യമെന്ന് ലോകം തിരിച്ചറിഞ്ഞതോടെയാണ് യുദ്ധവ്യാപനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ഇസ്റാഈല്‍ പ്രതിരോധ സേന (ഐ ഡി എഫ്) നീങ്ങിയത്. ബന്ദികളെവിടെയെന്ന ചോദ്യമുയരുന്നുണ്ട് ഇസ്റാഈല്‍ തെരുവുകളില്‍. ഐ ഡി എഫിന്റെ ആക്രമണത്തില്‍ ബന്ദികളില്‍ ചിലര്‍ കൊല്ലപ്പെട്ടുവെന്നും വ്യക്തമായിട്ടുണ്ട്. ഹമാസിനെ മുച്ചൂടും മുടിക്കുകയെന്നത് നടക്കാത്ത കാര്യമാണെന്ന് സൈനിക നേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ചോദ്യങ്ങളെ കുഴിച്ചുമൂടാനുള്ള ഏറ്റവും നല്ല വഴി ആക്രമണ വ്യാപനമാണ്. ശിയാ ഗ്രൂപ്പായ ഹിസ്ബുല്ലയുടെ സായുധ പ്രതികരണങ്ങള്‍ സ്വാഭാവികമായും ഇസ്റാഈലിന് ഇതിനുള്ള വഴിയൊരുക്കി. സയണിസ്റ്റ് പക്ഷത്ത് നില്‍ക്കുന്ന മാധ്യമങ്ങള്‍ ഒന്ന് കണ്ണോടിച്ചാല്‍ ഇത് വ്യക്തമാകും. ജൂതരാഷ്ട്രത്തിന്റെ മിസൈല്‍പ്രതിരോധ സംവിധാനത്തിന്റെ അഹങ്കാരം പറയാറുള്ള ഈ മാധ്യമങ്ങള്‍ പൊടുന്നനെ ഹിസ്ബുല്ല ആക്രമണത്തിന് അവക്കുള്ളതിനേക്കാള്‍ വലിയ പ്രഹര ശേഷി ആരോപിക്കാന്‍ തുടങ്ങി. കുഞ്ഞുങ്ങള്‍ മരിച്ചു, സിവിലിയന്‍മാര്‍ ഭയചകിതര്‍, ഇസ്റാഈല്‍ അരക്ഷിതം എന്ന നിലയിലായി നരേഷന്‍. അതോടെ ഇറാന്‍, ലബനാന്‍, ഇറാഖ് തുടങ്ങിയ ഇടങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുന്നതിന് ആഭ്യന്തര സമ്മതി നേടിയെടുക്കാന്‍ നെതന്യാഹുവിന് സാധിച്ചു.

ലബനാന് നേരെയുള്ള ആക്രമണം അന്താരാഷ്ട്ര സമ്മര്‍ദത്തിന് വഴങ്ങി നിര്‍ത്തിവെച്ചാല്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുമെന്നാണ് നെതന്യാഹു ക്യാബിനറ്റിലെ ദേശീയ സുരക്ഷാ മന്ത്രിയും സയണിസ്റ്റ് തീവ്രവലതുപക്ഷ നേതാവുമായ ഇതാമര്‍ ബെന്‍ ഗിവിര്‍ ഭീഷണി മുഴക്കിയത്. പ്രതിരോധ മന്ത്രി യോവ് ഗാലന്റും സമാനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മനുഷ്യരെ കൊന്നുതള്ളി അത് രാഷ്ട്രീയ ചവിട്ടു പടിയാക്കുകയെന്ന ഫാസിസ്റ്റ് നയത്തിന്റെ നടത്തിപ്പുകാരാണിവരെല്ലാം. നെതന്യാഹുവിന് പറ്റിയ കൂട്ട്. ഇസ്റാഈല്‍ സിവിലിയന്‍ ജനാധിപത്യ ഭരണം നിലനില്‍ക്കുന്ന രാജ്യമാണെന്നത് ഗൂഗിള്‍ ചെയ്താല്‍ കിട്ടുന്ന വിവരം മാത്രമാണ്. അനുഭവത്തില്‍ അത് സൈനിക കേന്ദ്രീകൃത വ്യവസ്ഥയാണ്. സൈന്യവും ചാര ഏജന്‍സികളും സയണിസ്റ്റ് തീവ്ര സംഘങ്ങളും നടത്തിപ്പിനെടുത്തിരിക്കുകയാണ് പാര്‍ലിമെന്റിനെയും രാഷ്ട്രീയ സംവിധാനത്തെയും. സൈന്യത്തിന് വേണ്ടി സംസാരിക്കാന്‍ നിയുക്തരായവരുണ്ട് സര്‍ക്കാറിലും പാര്‍ലിമെന്റിലും. അവര്‍ തീരുമാനിക്കും കാര്യങ്ങള്‍. ആക്രമണമില്ലാതെ ഇസ്റാഈലിന് മുന്നോട്ട് പോകാനാകാത്തത് അതുകൊണ്ടാണ്. ആ രാജ്യത്തിന്റെ പിറവിക്ക് മുമ്പേ തുടങ്ങിയ ഭീകരതയുടെയും അതിക്രമത്തിന്റെ ചരിത്രം ഇന്നും തുടരുകയാണ്.

ലബനാനിനെതിരെ ഇപ്പോള്‍ നടക്കുന്നത് യുദ്ധമാണെന്ന് പറയാനാകില്ല. തത്കാലം അത് ആക്രമണം മാത്രമാണ്. വലിയ പ്രത്യാക്രമണം നടന്നിട്ടില്ലെന്ന് തന്നെയാണ് വ്യക്തമാകുന്നത്. സമ്പൂര്‍ണ യുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ ഇസ്റാഈല്‍ വെള്ളം കുടിക്കുമെന്നത് ചരിത്ര വസ്തുതയാണ്. 1982ലെ സാബ്റ ശാതില കൂട്ടക്കൊലയുടെ ചോരക്കറ ഇസ്റാഈലിന്റെ രാഷ്ട്ര ശരീരത്തില്‍ നിന്ന് ഒരിക്കലും മായ്ച്ച് കളയാനാകില്ല. ബൈറൂത്തിനടുത്തെ ഈ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ കടന്നുകയറി നാലായിരത്തോളം മനുഷ്യരെ സയണിസ്റ്റ്, ക്രിസ്ത്യന്‍ സായുധ സംഘം ഇസ്റാഈല്‍ സൈന്യത്തിന്റെ പിന്തുണയോടെ കൊന്നുതള്ളി. ആ ചോരച്ചാലില്‍ നിന്നാണ് ഇന്നത്തെ ഹിസ്ബുല്ല രൂപം കൊണ്ടത്. രൂക്ഷമായ തിരിച്ചടിയാണ് അന്ന് ഇസ്റാഈല്‍ സേന നേരിടേണ്ടി വന്നത്. മൂന്ന് വര്‍ഷം നീണ്ട രൂക്ഷ പോരാട്ടത്തിനൊടുവില്‍ 1985ല്‍ ഇസ്റാഈല്‍ സേന തോല്‍വി സമ്മതിക്കുകയായിരുന്നു. എന്നിട്ടും അതിര്‍ത്തിയില്‍ സെക്യൂരിറ്റി സോണുണ്ടാക്കി കുറച്ച് സൈനികരെ ഇസ്റാഈല്‍ നിലനിര്‍ത്തി. അപ്പോഴേക്ക് ശക്തിയാര്‍ജിച്ച ഹിസ്ബുല്ലയടക്കമുള്ള ശിയാ ഗറില്ലാ ഗ്രൂപ്പുകള്‍ ഇടക്കിടക്ക് ഈ സൈനികര്‍ക്ക് നേരെ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. നിരവധി സൈനികര്‍ മരിച്ചുവീണു. അന്നാണ് സൈനികരുടെ അമ്മമാര്‍ തെരുവിലിറങ്ങി ഭരണകൂടത്തിന്റെ യുദ്ധവെറി ചോദ്യം ചെയ്തത്. 2,000ത്തില്‍ യഹൂദ് ബരാക് സമ്പൂര്‍ണ പിന്‍മാറ്റം നടപ്പാക്കി. അതായിരുന്നു ഇസ്റാഈല്‍ പരാജയത്തിന്റെ രണ്ടാമധ്യായം. 2006 ജൂണില്‍ മറ്റൊരു യുദ്ധം കൂടിയുണ്ടായി. അതേവര്‍ഷം ആഗസ്റ്റില്‍ യു എന്‍ രക്ഷാസമിതി പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ വെടിനിര്‍ത്തല്‍ വന്നു. അന്നും വിജയം ഇസ്റാഈലിന്റെ അവകാശവാദം മാത്രമായിരുന്നു. ജൂതരാഷ്ട്രം പരാജയപ്പെട്ടതിന്റെ ചരിത്രം പക്ഷേ, ഇനിയൊരു ലബനീസ് യുദ്ധം ഉണ്ടായിക്കൊള്ളട്ടെ എന്ന് ചിന്തിക്കാന്‍ മനുഷ്യസ്നേഹികളെ പ്രേരിപ്പിക്കുന്നില്ല. യുദ്ധത്തില്‍ ആരും ജയിക്കുന്നില്ല. മരണവും മുറിവും ദുരന്തവും പലായനവും മാത്രമാണ് ബാക്കിപത്രം. ഗസ്സയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കുകയെന്ന യഥാര്‍ഥ പരിഹാരത്തിലേക്ക് ഇസ്റാഈലിനെ കൊണ്ടുവരിക മാത്രമാണ് സര്‍വ നാശത്തില്‍ നിന്ന് മേഖലയെ രക്ഷിക്കാനുള്ള വഴി. സയണിസ്റ്റ് ഭീകരത തുടരുമ്പോള്‍ മറ്റുള്ളവര്‍ സംയമനം പാലിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഏര്‍പ്പാടിനെയാണ് ഇപ്പോള്‍ ‘അന്താരാഷ്ട്ര സമാധാന ദൗത്യ’മെന്നൊക്കെ വിളിച്ച് കൊണ്ടാടുന്നത്. അതാണ് ബൈഡന്റെ ‘മഹത്തായ’ സംഭാവന.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest