Kasargod
വെടിക്കെട്ട് അനുമതിയില്ലാതെ; ക്ഷേത്ര ഭാരവാഹികൾ കസ്റ്റഡിയിൽ
തിങ്കളാഴ്ച രാതി 12 മണിയോടെ കളിയാട്ടത്തിനിടെയാണ് അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിൽ വെടിപ്പുരയ്ക്ക് തീപിടിച്ച് 150 ൽ അധികം ആളുകൾക്ക് പരിക്കേറ്റത്.
കാസർഗോഡ് | നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടിന് അനുമതി നൽകിയിരുന്നില്ലെന്ന് കാസർഗോഡ് കലക്ടർ ഇൻപശേഖർ കാളിമുക്ക്. വെടിക്കെട്ടിന് ക്ഷേത്ര ഭാരവാഹികൾ ജില്ലാ ഭരണകൂടത്തിന് അപേക്ഷ നൽകിയിരുന്നില്ല. സംഭവത്തിൽ ക്ഷേത്ര ഭാരവാഹികളെ കസ്റ്റഡിയിൽ എടുത്തതായും കലക്ടർ അറിയിച്ചു.
തിങ്കളാഴ്ച രാതി 12 മണിയോടെ കളിയാട്ടത്തിനിടെയാണ് അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിൽ വെടിപ്പുരയ്ക്ക് തീപിടിച്ച് 150 ൽ അധികം ആളുകൾക്ക് പരിക്കേറ്റത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കപ്പുരയിലേക്ക് വീഴുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.
തെയ്യക്കാലത്തിന് തുടക്കം കുറിച്ചുനടക്കുന്ന കളിയാട്ടത്തിന്റെ ആദ്യദിനം മൂവായിരത്തോളം പേർ തെയ്യം കാണാനെത്തിയിരുന്നു. പൊള്ളലേറ്റും തീ ആളിപ്പടരുമ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ടുമാണ് ഏറെ പേർക്കും പരിക്ക്.