National
നടന്‍ സല്‍മാന്‍ ഖാന്റെ വീടിനു നേരെ വെടിവെപ്പ്; ഭയപ്പെടുത്തുക മാത്രമാണ് പ്രതികള്‍ ഉദ്ദേശിച്ചിരുന്നതെന്ന് പോലീസ്
ഞായറാഴ്ച രാവിലെയാണ് സല്‍മാന്‍ ഖാന്റെ മുംബൈയിലെ ബാന്ദ്രയിലെ വീടിനുനേരെ വെടിവെപ്പ് നടന്നത്.
മുംബൈ| ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ മുംബൈയിലെ വീടിനുനേരെ വെടിവെയ്പ്പ് നടന്ന സംഭവത്തില്‍ പ്രതികളുടെ മൊഴി പുറത്ത്. സല്‍മാനെ കൊല്ലാനല്ല, ഭയപ്പെടുത്തുക എന്നത് മാത്രമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സല്‍മാന്‍ ഖാന്റെ മുംബൈയിലെ ബാന്ദ്രയിലെ വീടിനുനേരെ വെടിവെപ്പ് നടന്നത്. വസതിയുടെ ഒന്നാം നിലയിലാണ് വെടിയുണ്ട പതിച്ചത്. വിദേശ പിസ്റ്റള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ബൈക്കിലെത്തിയ രണ്ടുപേരാണ് വെടിവെപ്പ് നടത്തിയത്. വെടിയുതിര്‍ത്ത ശേഷം പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
സംഭവത്തില്‍ വിക്കി ഗുപ്ത (24), സാഗര്‍ പാല്‍ (21) എന്നിവരെ മുംബൈ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. വെടിവയ്പ്പ് നടന്ന് മണിക്കൂറുകള്‍ക്കുശേഷം, ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഇത് ഒരു ട്രെയിലര്‍ മാത്രമാണെന്നായിരുന്നു അന്‍മോല്‍ സാമൂഹിക മാധ്യമത്തിലൂടെ മുന്നറിയിപ്പ് നല്‍കിയത്.
ഗുണ്ടാത്തലവന്‍മാരായ ലോറന്‍സ് ബിഷ്‌ണോയിയുടെയും ഗോള്‍ഡി ബ്രാറിന്റെയും ഭീഷണിയെത്തുടര്‍ന്ന് 2022 നവംബര്‍ മുതല്‍ സല്‍മാന്‍ ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. തോക്ക് കൈവശം വയ്ക്കാനും സല്‍മാന്‍ ഖാന് മുംബൈ പോലീസ് അനുമതി നല്‍കിയിട്ടുണ്ട്.