Kerala
ഉത്തര്‍ പ്രദേശ് സംഭലില്‍ വെടിവെപ്പ്; മരണം അഞ്ചായി
സംഘര്‍ഷമുണ്ടായ ഷാഹി ജമാ മസ്ജിദ് പരിസരത്ത് കനത്ത ജാഗ്രത തുടരുകയാണ്
ന്യൂഡല്‍ഹി | ഉത്തര്‍ പ്രദേശ് സംഭലിലെ ഷാഹി ജമാ മസ്ജിദ് പരിസരത്തുണ്ടായ പോലീസ് വെടിവെപ്പില്‍ മരണം അഞ്ചായി. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കൈഫ്, മുഹമ്മദ് ഹയാന്‍ എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. മരിച്ചവരുടെ ശരീരത്തില്‍ വെടിയേറ്റതിന്റെ പാടുകളുണ്ടെന്ന് ബന്ധുക്കള്‍ ആവര്‍ത്തിച്ചു. വെടിയേറ്റ മൂന്ന് പേരുടെ മരണം ഇന്നലെ സ്ഥിരീകരിച്ചിരുന്നു.
സംഘര്‍ഷമുണ്ടായ ഷാഹി ജമാ മസ്ജിദ് പരിസരത്ത് കനത്ത ജാഗ്രത തുടരുകയാണ്. ഈമാസം 30 വരെ അനുമതിയില്ലാതെ സ്ഥലത്തേക്ക് പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്.
അക്രമത്തിന് പ്രേരിപ്പിച്ചെന്ന കുറ്റം ചുമത്തി സംഭല്‍ എം പി സിയ ഉര്‍ റഹ്മാനെതിരെ പോലീസ് കേസെടുത്തു. പ്രാദേശിക എം എല്‍ എയുടെ മകനെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. 20 പേരെയാണ് ഇതുവരെ കേസില്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ദേശ സുരക്ഷാ നിയമം ചുമത്തും.
സംഘര്‍ഷത്തിന് ഉത്തരവാദി ബി ജെ പിയാണെന്നും വിഷയത്തില്‍ സര്‍ക്കാര്‍ പക്ഷപാതിത്വത്തോടെ ഇടപെടുന്നത് ദൗര്‍ഭാഗ്യകരമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. സുപ്രീം കോടതി ഇടപെടണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കി. മറുഭാഗത്തിന്റെ വാദം കേള്‍ക്കാതെയുള്ള നടപടികളിലൂടെ മനപ്പൂര്‍വം സ്ഥിതി വഷളാക്കിയത് സര്‍ക്കാറാണെന്ന് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. സുപ്രീം കോടതി വിഷയത്തില്‍ ഇടപെടണമെന്ന് അഖിലേഷ് യാദവ് ആവര്‍ത്തിച്ചു.