National
ഹരിയായനയിൽ സർവകലാശാല ക്യാമ്പസിൽ വെടിവെപ്പ്; നാല് വിദ്യാർഥികൾക്ക് വെടിയേറ്റു
സാമ്പത്തിക തർക്കമാണ് വെടിവെപ്പിന് കാരണമെന്നാണ് പ്രാഥമിക വിവരം.
റോഹ്തക് | ഹരിയാനയിലെ റോഹ്തക്കിൽ സർവകലാശാല ക്യമ്പസിൽ വെടിവെപ്പ്. നാല് വിദ്യാർഥികൾക്ക് വെടിയേറ്റു. ഒരാളുടെ നില അതീവ ഗുരുതരം. ശനിയാഴ്ച വൈകുന്നേരം റോഹ്തക്കിലെ മഹർഷി ദയാനന്ദ് സർവകലാശാല (എംഡിയു) കാമ്പസിലാണ് സംഭവം.
ഫാക്കൽറ്റി ഡെവലപ്‌മെന്റ് സെന്റർ ഉദ്ഘാടനം ചെയ്ത് ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ കാമ്പസ് വിട്ട് 90 മിനിറ്റിനുള്ളിലാണ് സംഭവം നടന്നതെന്ന് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ മഹർഷി ദയാനന്ദ് സർവകലാശാലയിലെ നാല് വിദ്യാർഥികൾക്കാണ് വെടിയേറ്റത്. ഒരു വിദ്യാർത്ഥിയുടെ വായയ്ക്ക് സമീപം വെടിയുണ്ട ഏറ്റതിനാൽ അതീവ ഗുരുതരാവസ്ഥയിലാണ്. മറ്റ് മൂന്ന് പേർക്ക് കൈയിലും വയറിലും വെടിയേറ്റിട്ടുണ്ട്.
പരിക്കേറ്റ വിദ്യാർത്ഥികളെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പത്തിക തർക്കമാണ് വെടിവെപ്പിന് കാരണമെന്നാണ് പ്രാഥമിക വിവരം.
എം.ഡി.യു.വിന്റെ രണ്ടാം നമ്പർ ഗേറ്റിൽ പാർക്ക് ചെയ്തിരുന്ന കാറിന് സമീപം നാലുപേരും നിൽക്കുകയായിരുന്നു. പെട്ടെന്ന് മഹീന്ദ്ര സ്‌കോർപിയോയിൽ എത്തിയ അജ്ഞാതരായ നാല് പേർ ഇവരുടെ അടുത്തേക്ക് വരികയും നാലുപേരിൽ ഒരാളുമായി ഏറ്റുമുട്ടുകയും തുടർന്ന് വെടിയുതിർക്കുകയുമായിരുന്നു.