Kerala
ഒന്നാം ക്ലാസ്സ് പ്രവേശനം: പ്രായം ആറ് വയസ്സാക്കി ഉയര്‍ത്തേണ്ടതുണ്ടെന്ന് മന്ത്രി
'ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികള്‍ സജ്ജമാകുന്നത് ആറ് വയസ്സിനു ശേഷമാണെന്നാണ് ശാസ്ത്രീയ പഠനങ്ങളും മറ്റും നിര്‍ദേശിക്കുന്നത്.'

തിരുവനന്തപുരം | ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറ് വയസ്സാക്കി ഉയര്‍ത്തേണ്ടതുണ്ടെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി. ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികള്‍ സജ്ജമാകുന്നത് ആറ് വയസ്സിനു ശേഷമാണെന്നാണ് ശാസ്ത്രീയ പഠനങ്ങളും മറ്റും നിര്‍ദേശിക്കുന്നത്. അതുകൊണ്ടാണ് വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശന പ്രായം ആറ് വയസ്സോ അതിന് മുകളിലോ ആക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂള്‍ പ്രവേശന പ്രായം സംസ്ഥാനത്ത് നിലവില്‍ അഞ്ച് വയസ്സാണ്. എന്നാല്‍, കേരളീയ സമൂഹം കാലങ്ങളോളമായി കുട്ടികളെ അഞ്ച് വയസ്സിലാണ് ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കുന്നത്. ഈ സാഹചര്യത്തിലും വലിയൊരു ശതമാനം പേര്‍ കുട്ടികളെ ആറാം വയസ്സില്‍ സ്‌കൂളില്‍ ചേര്‍ക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ട്. ഏകദേശം 50 ശതമാനത്തിലധികം കുട്ടികള്‍ നിലവില്‍ ആറു വയസ്സിനു ശേഷമാണ് സ്‌കൂളില്‍ എത്തുന്നത്. ഈയൊരു പ്രവണത പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. 2026-27 അക്കാദമിക വര്‍ഷം മുതല്‍ ഒന്നാം ക്ലാസ്സ് പ്രവേശന പ്രായം ആറ് വയസ്സാക്കി മാറ്റാന്‍ കഴിയേണ്ടതുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
പരീക്ഷ നടത്തുകയോ ക്യാപ്പിറ്റേഷന്‍ ഫീസ് വാങ്ങുകയോ ചെയ്യുന്നത് കുറ്റകരം
2009ലെ വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് കുട്ടികള്‍ക്ക് പരീക്ഷ നടത്തുകയോ ക്യാപ്പിറ്റേഷന്‍ ഫീസ് വാങ്ങുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. നിയമത്തിലെ സെക്ഷന്‍ 13 (1) എ, ബി ക്ലോസുകളില്‍ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍, ലംഘിച്ച് ചില വിദ്യാലയങ്ങള്‍ ഇക്കാര്യങ്ങള്‍ ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പരാതി ലഭിച്ചാല്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.