Uae
ദുബൈയിൽ പൊതുഗതാഗതത്തിൽ ആദ്യ ഇലക്ട്രിക് ബസ് ഓടിത്തുടങ്ങി
ഇത് മെട്രോ സ്റ്റേഷനുകളിലേക്കുള്ള ഫീഡർ സർവീസാണെന്ന് ആർ ടി എ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി ഡയറക്ടർ മർവാൻ അൽ സർഊനി പറഞ്ഞു.

ദുബൈ | ദുബൈയിൽ പൊതുഗതാഗത സംവിധാനത്തിൽ ആദ്യ ഇലക്ട്രിക് ബസ് ഓടിത്തുടങ്ങി. 76 യാത്രക്കാർക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ബസാണിത്.
റൂട്ട് എഫ് 13ലാണ് ബസ് ഓടുന്നത്. ഇത് മെട്രോ സ്റ്റേഷനുകളിലേക്കുള്ള ഫീഡർ സർവീസാണെന്ന് ആർ ടി എ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി ഡയറക്ടർ മർവാൻ അൽ സർഊനി പറഞ്ഞു. അൽ ഖൂസ് ബസ് ഡിപ്പോയിൽ നിന്ന് ആരംഭിച്ച് ബുർജ് ഖലീഫ, ദി പാലസ് ഡൗണ്ടൗൺ ഹോട്ടൽ, ദുബൈ ഫൗണ്ടൻ എന്നിവയുൾപ്പെടെ പ്രധാന സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന ഈ റൂട്ട് ദുബൈ മാൾ മെട്രോ ബസ് സ്റ്റോപ്പ് (സൗത്ത്) ൽ അവസാനിക്കുന്നു.
പരമ്പരാഗത കണ്ണാടികൾക്ക് പകരമായി ഹൈ-ഡെഫനിഷൻ ക്യാമറ, സ്‌ക്രീൻ സിസ്റ്റങ്ങൾ, ഡ്രൈവർ അവബോധത്തെ പിന്തുണക്കുന്നതിനായി മുൻവശത്തെ വിൻഡ്സ്‌ക്രീനിലേക്ക് അവശ്യ ഡ്രൈവിംഗ് വിവരങ്ങൾ പ്രൊജക്റ്റ് ചെയ്യുന്ന സുതാര്യമായ ഹെഡ്-അപ്പ് ഡിസ്പ്ലേ തുടങ്ങിയ നൂതന സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നൂതന സാങ്കേതികവിദ്യകളാണ് ഇലക്ട്രിക് ബസിൽ സജ്ജീകരിച്ചിരിക്കുന്നത്. വാഹനത്തിൽ മറ്റ് അത്യാധുനിക സ്മാർട്ട് സിസ്റ്റങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 2050 ഓടെ എല്ലാ പൊതുഗതാഗതത്തെയും സീറോ-എമിഷൻ മൊബിലിറ്റിയിലേക്ക് മാറ്റുന്നതിനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തി നൂതന സാങ്കേതികവിദ്യയുടെ പിന്തുണയോടെ സ്മാർട്ട്, പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുക എന്നതാണ് ആർ ടി എ ലക്ഷ്യമിടുന്നത്.
470 കിലോവാട്ട് സംഭരണശേഷിയുള്ള ഏറ്റവും മികച്ച എയർ കണ്ടീഷനിംഗ് സംവിധാനവും ഉയർന്ന ശേഷിയുള്ള ബാറ്ററികളും ഇതിൽ ഉൾപ്പെടുന്നു.ആർ ടി എയുടെ ഫ്ലീറ്റിൽ മുമ്പ് പരീക്ഷിച്ച ഏതൊരു ഇലക്ട്രിക് ബസിലും ഏറ്റവും വലുതാണിത്. പൂർണമായി ചാർജ് ചെയ്യുമ്പോൾ, ബസിന് 370 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. 41 പേർ ഇരിക്കുന്നവരും 35 പേർ നിൽക്കുന്നവരും ഉൾപ്പെടെ 76 യാത്രക്കാരെ ഉൾക്കൊള്ളുന്ന 12 മീറ്റർ നീളമുള്ള സിറ്റി ബസാണിത്. വ്യത്യസ്ത കാലാവസ്ഥകളിൽ – പ്രത്യേകിച്ച് വേനൽക്കാലത്ത് – പ്രവർത്തന ആവശ്യകതകൾ നിറവേറ്റാനുള്ള വാഹനത്തിന്റെ കഴിവ് ഈ പരീക്ഷണത്തിൽ വിലയിരുത്തപ്പെടും.’ അദ്ദേഹം വിശദീകരിച്ചു.