Connect with us

International

അമേരിക്കയില്‍ ആദ്യമായി നൈട്രജന്‍ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി

1988ല്‍ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ  കേസിലെ പ്രതിയായ  കെന്നഡി യൂജിന്‍ സ്മിത്തിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്.

Published

|

Last Updated

അലബാമ| അമേരിക്കയില്‍ ആദ്യമായി നൈട്രജന്‍ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി. സംഭവം നടന്നത് അമേരിക്കയിലെ അലബാമയിലാണ്. 1988ല്‍ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കെന്നഡി യൂജിന്‍ സ്മിത്തിനെയാണ് നൈട്രജന്‍ വാതകം ഉപയോഗിച്ച് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. ഈ രീതിയിലുള്ള വധശിക്ഷ ക്രൂരമാണെന്നും പാളിച്ചയുണ്ടായാല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.

ഇത് ഏറ്റവും വേദന കുറഞ്ഞതും മനുഷ്യത്വപരവുമായ വധശിക്ഷാ രീതിയാണെന്നാണ് അലബാമ സ്റ്റേറ്റ് അധികൃതര്‍ അവകാശപ്പെടുന്നത്. ആദ്യമായാണ് ഇത്തരത്തില്‍ അമേരിക്കയില്‍ വധശിക്ഷ നടത്തിയത്. യു.എസിലെ 50 സംസ്ഥാനങ്ങളില്‍ 27ല്‍ മാത്രമാണ് വധശിക്ഷ നിയമപരമായിട്ടുള്ളത്. വിഷമുള്ള രാസവസ്തുക്കള്‍ കുത്തിവച്ചാണ് പൊതുവെ ശിക്ഷ നടപ്പാക്കുക. മിസിസിപ്പി, ഓക്ലഹോമ സംസ്ഥാനങ്ങളില്‍ നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷക്ക് അംഗീകാരമുണ്ടെങ്കിലും ഇതുവരെ അവിടെ നടപ്പാക്കിയിട്ടില്ല.

വധശിക്ഷ നടപ്പാക്കുന്ന മുറിയില്‍ എത്തിക്കഴിഞ്ഞാല്‍ ഒരു റെസിപ്രേറ്ററിലൂടെ വാതകം ശ്വസിക്കാന്‍ പ്രേരിപ്പിക്കും. ഇത് ശ്വസിക്കുന്നതോടെ ശരീരത്തിലെ ഓക്സിജന്‍ നഷ്ടപ്പെടുകയാണ് ചെയ്യുക. പിന്നീട് അബോധാവസ്ഥയിലേക്ക് വഴുതിവീഴുകയും ചെയ്യും. ഇത്തരത്തില്‍ വധശിക്ഷ നടത്തുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അന്തരീക്ഷത്തില്‍ ഓക്സിജന്റെ അളവ് 4 മുതല്‍ 6ശതമാനം വരെയാണെങ്കില്‍ 40 സെക്കന്റുകള്‍ക്കുള്ളില്‍ അബോധാവസ്ഥയും ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ മരണവും സംഭവിക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിശദീകരണം.

 

 

 

 

Latest