Connect with us

save arjun

ക്യാബിനില്‍ അര്‍ജുന്‍ ഉണ്ടോ എന്നു കണ്ടെത്തല്‍ ആദ്യം; തുടര്‍ന്ന് ലോറി ഉയര്‍ത്തും

കുത്തിയൊഴുകുന്ന പുഴയില്‍മുങ്ങല്‍ വിദഗ്ധര്‍ ഇറങ്ങിയായിരിക്കും പരിശോധന നടത്തുക

Published

|

Last Updated

ബംഗളൂരു | ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ തലകീഴായി കിടക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ ഇന്ന് ലോറിയുടെ കാബിനില്‍ അര്‍ജുനുണ്ടോ എന്ന് സ്ഥിരീകരിക്കും. തുടര്‍ന്നായിരിക്കും ലോറി ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുക.

പ്രദേശത്ത് കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ കുത്തിയൊഴുകുന്ന പുഴയില്‍മുങ്ങല്‍ വിദഗ്ധര്‍ ഇറങ്ങിയായിരിക്കും പരിശോധന നടത്തുക. തുടര്‍ന്ന് ലോറിയില്‍ ഇരുമ്പു വടം ഘടിപ്പിച്ച ശേഷം ലോറി ഉയര്‍ത്തുന്ന നടപടിയിലേക്കു കടക്കും. ലോറി കരക്കെത്തിക്കാനുള്ള പ്ലാറ്റ് ഫോം തയ്യാറായി. 200 അംഗ സംഘമാണ് സ്ഥലത്തുണ്ടാവുക.

റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ ഐ ബി ഒ ഡി ഉപയോഗിച്ചുള്ള പരിശോധന നടക്കും. ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തിക്കഴിഞ്ഞാല്‍ മുങ്ങല്‍ വിദഗ്ധര്‍ കാബിനില്‍ എത്തിയാകും അര്‍ജുനുണ്ടോ എന്ന് സ്ഥിരീകരിക്കുക. ഏതാണ്ട് അഞ്ച് മീറ്റര്‍ ആഴത്തിലാണ് ലോറിയുള്ളത്. തെരച്ചില്‍ നടക്കുന്ന സ്ഥലത്തേക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ല. മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ അനുവദിക്കില്ല. വൈകുന്നേരത്തിനുള്ളില്‍ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.

ലോറി കണ്ടെത്തിയ ഗംഗാവലി പുഴയില്‍ നീരൊഴുക്ക് ശക്തമാണ്. ഇന്നലെ രാത്രിയും പ്രദേശത്ത് ഇടവിട്ട് കനത്ത മഴ പെയ്തിരുന്നു. ഉത്തര കന്നഡ ജില്ലയില്‍ കാലാവസ്ഥാ വിഭാഗം ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലത്തേത് പോലെ ശക്തമായ മഴ ഇന്നും തുടര്‍ന്നാല്‍ തെരച്ചില്‍ ദൗത്യം ദുഷ്‌കരമാകും.

കരയ്ക്കും പുഴയിലെ മണ്‍കൂനയ്ക്കും ഇടയിലുളള സ്ഥലത്താണ് ഇന്നലെ ട്രക്ക് കണ്ടെത്തിയത്. കനത്ത മഴയ്‌ക്കൊപ്പം കാറ്റ് കൂടി എത്തിയതോടെ ഇന്നലെ തെരച്ചിലും മണ്ണ് നീക്കലും നിര്‍ത്തിവച്ചിരുന്നു. പത്താം ദിവസമായ ഇന്ന് നിര്‍ണായകമാണ്.

ഇത്രയും ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവില്‍ ഇന്നലെയാണ് അര്‍ജുന്റെ ലോറി പുഴയില്‍ തന്നെയുണ്ടെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചത്. പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കര്‍ണാടക റവന്യൂമന്ത്രി കൃഷ്ണ ബായരെ ഗൗഡയാണ് ആദ്യം സ്ഥിരീകരിച്ചത്. പിന്നാലെ അര്‍ജുന്റെ ലോറി തന്നെയാണ് കണ്ടെത്തിയതെന്ന് ജില്ലാ പോലീസ് മേധാവിയും സ്ഥിരീകരിച്ചു.