Kerala
ആദ്യ ഹജ്ജ് വിമാനം മെയ് 21ന്; നറുക്കെടുപ്പ് മാർച്ച് 17നും 20നും ഇടയിൽ
ഈ വർഷത്തെ ഹജ്ജിനുള്ള വളണ്ടിയർമാരെ ഏപ്രിൽ പത്തിന് തിരഞ്ഞെടുക്കും
കോഴിക്കോട് | കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം മെയ് 21ന് പുറപ്പെടും. ജൂൺ 22 വരെയാണ് സർവീസ്. ജുലൈ മൂന്നിന് മടക്ക യാത്ര ആരംഭിക്കും. ആഗസ്റ്റ് രണ്ടിനാണ് ഹാജിമാരുമായി അവസാന ഹജ്ജ് വിമാനം സഊദിയിൽ നിന്ന് തിരിച്ചെത്തുക. വിമാന സർവീസ് ഉൾപ്പെടെ വിശദമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന ആക്ഷൻ പ്ലാൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തിറക്കി.
മാർച്ച് 17 മുതൽ 20 വരെയുള്ള തീയതികൾക്കിടയിലായി ഹജ്ജ് നറുക്കെടുപ്പ് നടക്കും. തിരഞ്ഞെടുക്കപ്പെട്ട ഹാജിമാരിൽ നിന്ന് ഹജ്ജിനുള്ള അഡ്വാൻസ് തുക പിരിച്ചെടുക്കുന്ന അവസാന തീയതി മാർച്ച് 24 ആണ്. പുറപ്പെടൽ കേന്ദ്രങ്ങളിൽ നിന്നും ഹജ്ജ് സർവീസ് നടത്തുന്ന വിമാനക്കമ്പനികളുടെ ടെൻഡർ നടപടികൾ ഏപ്രിൽ 14ഓടെ പൂർത്തിയാകും. ഈ വർഷത്തെ ഹജ്ജിനുള്ള വളണ്ടിയർമാരെ ഏപ്രിൽ പത്തിന് തിരഞ്ഞെടുക്കും. ഹാജിമാർക്ക് ആവശ്യമായ വാക്‌സീനുകൾ ഏപ്രിൽ 15ന് ലഭ്യമാക്കുകയും 24ന് ക്യാമ്പുകൾ നടത്തുകയും ചെയ്യും.
സഊദിയിൽ ഹാജിമാർക്കുള്ള താമസ സൗകര്യങ്ങളുൾപ്പെടെയുള്ള ക്രമീകരണങ്ങൾക്ക് ബിൽഡിംഗ് സെലക്്ഷൻ ടീമും ബിൽഡിംഗ് സെലക്്ഷൻ കമ്മിറ്റിയും അടുത്ത മാസം ഒന്ന് മുതൽ ഏപ്രിൽ അഞ്ച് വരെയുള്ള ദിവസങ്ങളിൽ സന്ദർശനം നടത്തും. ഈ വർഷത്തെ ഹജ്ജിനുള്ള അപേക്ഷാ സമർപ്പണം ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം പത്ത് ആണ് അവസാന തീയതി.
ആക്്ഷൻ പ്ലാനിൽ നിർദേശിച്ച തീയതികളിൽ തന്നെ ഹജ്ജ് നടപടികൾ പൂർത്തിയാക്കാൻ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം എല്ലാ സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്കും നിർദേശം നൽകി. അതേസമയം, വിമാന സർവീസ് ഉൾപ്പെടെയുള്ള തീയതികളിലും ആരോഗ്യ മാർഗനിർദേശങ്ങളിലും മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി വ്യക്തമാക്കി.