Connect with us

First Gear

ചരിത്രത്തില്‍ ആദ്യം; ഇന്ത്യയില്‍ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്പോര്‍ട് മോഡലുകള്‍ നിര്‍മ്മിക്കാന്‍ ടാറ്റ മോട്ടോഴ്സിന്റെ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍

പ്രാദേശിക ഉല്‍പ്പാദനത്തില്‍ രണ്ട് മോഡലുകളുടെയും വില 18-22% വരെ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Published

|

Last Updated

മുംബൈ| ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ തങ്ങളുടെ ഐക്കണിക് റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്പോര്‍ട്ട് മോഡലുകളുടെ ഉത്പാദനം ഇന്ത്യയില്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 54 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഈ മോഡലുകള്‍ യുകെക്ക് പുറത്ത് നിര്‍മ്മിക്കുന്നത്. നേരത്തെ രണ്ട് മോഡലുകളും യുകെയിലെ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ സോളിഹള്‍ പ്ലാന്റില്‍ മാത്രമായി നിര്‍മ്മിക്കുകയും ഇന്ത്യ ഉള്‍പ്പടെ ലോകമെമ്പാടുമുള്ള 121 വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു.

ഇന്ത്യയിലെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി രണ്ട് മോഡലുകളുടെയും വില കുറയ്ക്കാനും ബ്രിട്ടീഷ് ബ്രാന്‍ഡ് ലക്ഷ്യമിടുന്നുണ്ട്. പ്രാദേശിക ഉല്‍പ്പാദനത്തില്‍ രണ്ട് മോഡലുകളുടെയും വില 18-22% വരെ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 15 വര്‍ഷം മുമ്പ് ജെഎല്‍ആര്‍ (ജാഗ്വാര്‍ ലാന്‍ഡ് റോവര്‍) ബ്രാന്‍ഡ് ടാറ്റ കുടുംബത്തിലേക്ക് കൊണ്ടുവന്നതിന് ടാറ്റ സണ്‍സിന്റെ എമിരിറ്റസ് ചെയര്‍മാന്‍ രത്തന്‍ ടാറ്റയെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ അഭിനന്ദിച്ചു. റേഞ്ച് റോവര്‍ ഇവിടെ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കപ്പെടും എന്നത് ഒരു മികച്ച അനുഭവമാണ്. ഇത് വളരെ സവിശേഷമായ നിമിഷമാണെന്നും അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജെഎല്‍ആര്‍ ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വര്‍ഷം റീട്ടെയില്‍ വില്‍പ്പനയില്‍ 81 ശതമാനം വര്‍ധന രേഖപ്പെടുത്തി, 4,436 യൂണിറ്റിലെത്തി. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ആറ് പുതിയ ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനും ജെഎല്‍ആര്‍ ലക്ഷ്യമിടുന്നതായാണ് വിവരം. പ്രാദേശിക ഉല്‍പ്പാദനം റേഞ്ച് റോവര്‍ സ്പോര്‍ട്, റേഞ്ച് റോവര്‍ മോഡലുകളുടെ ഗണ്യമായ വില കുറയ്ക്കുന്നതിന് കാരണമാകും. ഓഗസ്റ്റില്‍ റേഞ്ച് റോവര്‍ സ്പോര്‍ട്ട് ഡെലിവറികള്‍ക്ക് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ റേഞ്ച് റോവര്‍ സ്പോര്‍ട്ടിന്റെ വില 1.9 കോടിയാണ്.  ഇത് 1.4 കോടി രൂപയായി കുറയും. റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി പതിപ്പിന് 2.6 കോടി രൂപയാണ് വിലവരുന്നത്.

 

 

 

 

 

Latest