Connect with us

Ongoing News

ആദ്യം മെസി, പിന്നെ അല്‍വാരസ്; അര്‍ജന്റീന ക്വാര്‍ട്ടറില്‍

ലയണല്‍ മെസിയുടെ ഇന്ദ്രജാലം വിരിയുന്ന കാലുകളില്‍ നിന്ന് അര്‍ജന്റീനയുടെ ആദ്യ ഗോള്‍ പിറന്നപ്പോള്‍ പിന്നീട് യുവതാരം ജൂലിയന്‍ അല്‍വാരസും സ്‌കോര്‍ ചെയ്തു.

Published

|

Last Updated

ദോഹ | ആക്രമണവും പ്രതിരോധവും ഒരുപോലെ ശക്തമാക്കി ലയേണല്‍ സ്‌കലോനിയുടെ നീലത്തിരമാലകള്‍ ആഞ്ഞടിച്ചപ്പോള്‍ ആസ്‌ത്രേലിയക്ക് വലുതായിട്ടൊന്നും ചെയ്യാനായില്ല. ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഒന്നിനെതിര രണ്ടു ഗോളിന്റെ വിജയവുമായി അര്‍ജന്റീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ടീമിന്റെ തുരുപ്പുശീട്ട് ലയണല്‍ മെസിയുടെ ഇന്ദ്രജാലം വിരിയുന്ന കാലുകളില്‍ നിന്ന് അര്‍ജന്റീനയുടെ ആദ്യ ഗോള്‍ പിറന്നപ്പോള്‍ പിന്നീട് യുവതാരം ജൂലിയന്‍ അല്‍വാരസും സ്‌കോര്‍ ചെയ്തു.

ലോകകപ്പില്‍ അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് പ്രീ ക്വാര്‍ട്ടറിലെ ഗോളോടെ മെസി സ്വന്തം പേരിലാക്കി. ഇതിഹാസ താരം മറഡോണയെ മറികടന്നാണ് മെസി ഗോള്‍ വേട്ടയില്‍ മുന്നിലെത്തിയത്. പ്രൊഫഷണല്‍ കരിയറില്‍ മെസിയുടെ ആയിരാമത്തെ മത്സരമായിരുന്നു ഇത്. ഡിസംബര്‍ ഒമ്പതിന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനെയാണ് അര്‍ജന്റീന നേരിടേണ്ടത്. ലുസെയ്ല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ പ്രീക്വാര്‍ട്ടറില്‍ യു എസ് എയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടറിലെത്തിയത്.

35ാം മിനുട്ടില്‍ മെസി മാജിക്കില്‍ അര്‍ജന്റീനയുടെ ആദ്യ ഗോളെത്തിയത്. ബോക്‌സിന്റെ വലതുവിങില്‍ നിന്ന് ലഭിച്ച പാസ് സ്വീകരിച്ച് ഇടതുകാല്‍ കൊണ്ട് നടത്തിയ മനോഹരമായ പ്ലേസിംഗ് ഷോട്ടിലൂടെയാണ് മെസി ടീമിനെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയില്‍ ആസ്‌ത്രേലിയന്‍ ഗോളി മാറ്റ് റയാന്‍ വരുത്തിയ വന്‍ പിഴവില്‍ നിന്ന് ജൂലിയന്‍ ആല്‍വാരസ് രണ്ടാം ഗോള്‍ അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ കണ്ടെത്തി.

പിന്നീട് പൊരുതിക്കളിച്ച ആസ്‌ത്രേലിയ 77ാം മിനുട്ടില്‍ ഒരു ഗോള്‍ മടക്കി. പകരക്കാരനായി ഇറങ്ങിയ ക്രെയ്ഗ് അലക്‌സാണ്ടര്‍ ഗുഡ്വിന്‍ ആണ് സ്‌കോര്‍ ചെയ്തത്. ഡിസംബര്‍ ഒന്‍പതിന് ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അര്‍ജന്റീന നെതര്‍ലന്‍ഡ്‌സിനെ നേരിടും.

---- facebook comment plugin here -----

Latest