National
ആദിത്യ എൽ വണിന്റെ ആദ്യ ഭ്രമണപഥം ഉയർത്തൽ വിജയകരം
നിലവിൽ 235 x 19500 കിലോമീറ്റർ ഭ്രമണപഥത്തിലാണ് പേടകം ഉള്ളത്.
ബംഗളൂരു | ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ 1 പേടകത്തിന്റെ ആദ്യ ഭ്രണപഥം ഉയർത്തൽ വിജയകരമായി പൂർത്തീകരിച്ചതായി ഐ എസ് ആർ ഒ. ഞായറാഴ്ച രാവിലെ 11:45 ന് പേടകത്തിന്റെ എൻജിനുകൾ ജ്വലിപ്പിച്ചാണ് ഭ്രമണപഥം ഉയർത്തിയത്. ഇതോടെ 235 x 19500 കിലോമീറ്റർ ഭ്രമണപഥത്തിലായിരുന്ന പേടകം 245 കിലോമീറ്റർ x 22459 കിലോമീറ്റർ ഭ്രമണപഥത്തിലെത്തി. അതായത് ഭൂമിയിൽ നിന്നുള്ള ഏറ്റവും കുറഞ്ഞ ദൂരം 245 കിലോമീറ്ററും കൂടിയ ദൂരം 22459 കിലോമീറ്ററുമാണ്.
സെപ്തംബർ രണ്ടിന് രാവിലെ 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് പിഎസ്എൽവി-സി57ന്റെ എക്സ്എൽ പതിപ്പ് റോക്കറ്റിലാണ് ആദിത്യ ബഹിരാകാശ പേടകം വിക്ഷേപിച്ചത്. വിക്ഷേപണത്തിന് 63 മിനിറ്റ് 19 സെക്കൻഡിനുള്ളിൽ പേടകം വിജയകരമായി ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിച്ചു.
ഏകദേശം 4 മാസങ്ങൾക്ക് ശേഷം പേടകം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ്-1 ൽ എത്തും. ഇവിടെ നിന്നാകും ഇത് സുര്യനെ നിരീക്ഷിച്ച് ഭൂമിയിലേക്ക് വിവരങ്ങൾ അയക്കുക.