Connect with us

From the print

ആദ്യം റഫീഖ ബീവി, പിന്നാലെ ഗ്രീഷ്മ; തൂക്കുകയര്‍ വിധിച്ചത് ഒരേ കോടതിയും ജഡ്ജിയും

വധശിക്ഷ കാത്ത് രണ്ട് സ്ത്രീകള്‍. ഗ്രീഷ്മക്കെതിരെ 48 സാഹചര്യത്തെളിവുകള്‍.

Published

|

Last Updated

തിരുവനന്തപുരം | പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ വിധി വന്നതോടെ സംസ്ഥാനത്ത് വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിലുള്ളത് രണ്ട് വനിതാ കുറ്റവാളികള്‍. 2022ലെ വിഴിഞ്ഞം ശാന്തകുമാരി വധക്കേസിലെ പ്രതിയായ കോവളം സ്വദേശി റഫീഖ ബീവിയാണ് ആദ്യത്തെയാള്‍. ഒരു വര്‍ഷം മുമ്പായിരുന്നു റഫീഖ ബീവിക്ക് വധശിക്ഷ വിധിച്ചത്. വ്യത്യസ്ത കേസുകളെങ്കിലും നെയ്യാറ്റിന്‍കര അഡീ. സെഷന്‍സ് കോടതിയില്‍ റഫീക്ക ബീവിക്കും ഗ്രീഷ്മക്കും വധശിക്ഷ വിധിച്ചത് ഒരേ ജഡ്ജിയായ എ എം ബഷീറാണ്. കേരളത്തില്‍ വളരെ അപൂര്‍വമായി മാത്രമാണ് സ്ത്രീകളെ വധശിക്ഷക്ക് വിധിക്കാറുള്ളത്.

വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസില്‍ കോവളം സ്വദേശി റഫീഖ ബീവിയാണ് നിലവില്‍ ജയിലില്‍ കഴിയുന്നത്. മുല്ലൂരില്‍ മോഷണത്തിനായി ശാന്തകുമാരി എന്ന വയോധികയെ കൊലപ്പെടുത്തി ചാക്കിലാക്കി തട്ടിന്‍പുറത്ത് ഉപേക്ഷിച്ച കേസിലെ ഒന്നാം പ്രതിയാണ് റഫീഖ ബീവി. ഒരു വര്‍ഷം മുമ്പ് ഇതേ കോടതി തന്നെയാണ് റഫീഖ ബീവിക്കും കൂട്ടുപ്രതികളായ ഇവരുടെ മകന്‍ ശഫീഖ്, റഫീഖയുടെ സുഹൃത്ത് അല്‍അമീന്‍ എന്നിവര്‍ക്കും ശിക്ഷ വിധിച്ചത്. അതേകോടതിയും ജഡ്ജിയുമാണ് ഷാരോണ്‍ കേസും പരിഗണിച്ചത്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് വിലയിരുത്തിയാണ് ഗ്രീഷ്മക്ക് ജഡ്ജി എ എം ബഷീര്‍ വധശിക്ഷ വിധിച്ചത്. ഗ്രീഷ്മക്കെതിരെ 48 സാഹചര്യത്തെളിവുകളുണ്ടെന്ന് 586 പേജുള്ള വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി. തട്ടിക്കൊണ്ടുപോകല്‍, വിഷം നല്‍കല്‍, കൊലപാതകം, പോലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഗ്രീഷ്മക്കെതിരെ തെളിഞ്ഞത്.