Connect with us

Kerala

ആലപ്പുഴ കലക്ടറായ ശേഷമുള്ള ആദ്യ ശമ്പളം ആതുര സേവന സംഘടനക്ക്; വീണ്ടും മാതൃക തീര്‍ത്ത് കൃഷ്ണ തേജ ഐ എ എസ്

ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 'സ്നേഹജാലകം' എന്ന സംഘടനക്കാണ് കലക്ടര്‍ തുക കൈമാറിയത്.

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴ കലക്ടറായ ശേഷമുള്ള കൃഷ്ണ തേജ ഐ എ എസിന്റെ ആദ്യ ശമ്പളം ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനക്ക്. ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ‘സ്നേഹജാലകം’ എന്ന സംഘടനക്കാണ് കലക്ടര്‍ തുക കൈമാറിയത്.

കിടപ്പുരോഗികള്‍ ഉള്‍പ്പെടെ ദിവസവും 150 ഓളം പേര്‍ക്കാണ് സ്നേഹജാലകം സൗജന്യമായി ഭക്ഷണം എത്തിക്കുന്നതെന്ന് എഫ് ബിയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ കലക്ടര്‍ പറഞ്ഞു. കൈയില്‍ പണമില്ലാത്തവര്‍ക്കും പാതിരപ്പള്ളിയിലെ ഇവരുടെ ജനകീയ ഭക്ഷണശാലയിലെത്തി വിശപ്പടക്കാമെന്നും കലക്ടര്‍ കുറിപ്പില്‍ വ്യക്തമാക്കി.

‘വര്‍ഷങ്ങളായി എനിക്ക് ഇവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് നേരിട്ടറിയാം. ആലപ്പുഴ ജില്ലാ കലക്ടറായി ചുമതലയേറ്റ ശേഷമുള്ള എന്റെ ആദ്യ മാസത്തെ ശമ്പളം ഇവരുടെ മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്കൊരു ചെറിയ സഹായമെന്ന രീതിയില്‍ ഇന്ന് കൈമാറി. സ്നേഹജാലകം പ്രസിഡന്റ് എന്‍ പി സ്നേഹജന്‍, സെക്രട്ടറി ആര്‍ പ്രവീണ്‍, ട്രഷറര്‍ വി കെ സാനു, പ്രവര്‍ത്തകരായ ജോയ് സെബാസ്റ്റ്യന്‍, ജയന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചെക്ക് ഏറ്റുവാങ്ങിയത്. ഇത്തരത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന എല്ലാവര്‍ക്കും എന്റെ ആശംസകള്‍.’- കലക്ടര്‍ പറഞ്ഞു.