Connect with us

Ongoing News

യൂറോയില്‍ ഇന്ന് ആദ്യ സെമി; ഫ്രാന്‍സും സ്‌പെയിനും എത്തുന്നത് തോല്‍വിയറിയാതെ

ഇന്ത്യന്‍ സമയം ഇന്ന് രാത്രി പന്ത്രണ്ടരക്കാണ് മത്സരം

Published

|

Last Updated

മ്യൂണിക് | യൂറോ കപ്പിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. യൂറോ കപ്പ് ഫൈനലിലേക്ക് കടക്കാനുള്ള ലക്ഷ്യവുമായി മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയിനും ഫ്രാന്‍സും ഇന്ന് ഏറ്റ്മുട്ടും. ഇന്ത്യന്‍ സമയം ഇന്ന് രാത്രി പന്ത്രണ്ടരക്കാണ് മത്സരം. മ്യൂണിക്കിലെ അലയന്‍സ് അരീന സ്റ്റേഡിയത്തിലാണ് തീപാറുന്ന പോരാട്ടം നടക്കുന്നത്. പരാജയമറിയാതെയാണ് സ്‌പെയിനും ഫ്രാന്‍സും മുന്നേറിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആഥിതേയരായ ജര്‍മനിയെ 2-1 ന് തോല്‍പ്പിച്ചാണ് സ്‌പെയിനിന്റെ വരവ്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിലെ 5-3 ന് കീഴടക്കിയാണ് ഫ്രഞ്ച് പട അവസാന നാലില്‍ ഇടം പിടിച്ചത്.

പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരു പോലെ തിളങ്ങുന്ന സ്‌പെയിന്‍ ടൂര്‍ണമെന്റില്‍ പതിനൊന്ന് ഗോളുകള്‍ നേടിയപ്പോള്‍ വഴങ്ങിയത് രണ്ട് ഗോള്‍ മാത്രമാണ്. ടൂര്‍ണമെന്റില്‍ ഓപണ്‍ പ്ലേയില്‍ ഗോളുകള്‍ നേടാന്‍ ഫ്രാന്‍സിന് കഴിഞ്ഞിട്ടില്ല. ആകെ നേടിയ മൂന്ന് ഗോളുകളില്‍ രണ്ടെണ്ണം സെല്‍ഫ് ഗോളുകളാണ്. പോളണ്ടിനെതിരെയുള്ള ഗ്രൂപ്പ് മത്സരത്തില്‍ എംബാപ്പെ നേടിയ പെനാല്‍റ്റിയാണ് മൂന്നാമത്തെ ഗോള്‍.

ചാമ്പ്യന്‍ഷിപ്പിലെ അഞ്ചുമത്സരങ്ങളും ജയിച്ച ഏകടീമാണ് ലൂയിസ് ഡി ലാ ഫ്യൂന്തെയുടെ സ്പെയിന്‍. യൂറോ ചരിത്രത്തില്‍ ഇതുവരെ ആരും നേടിയിട്ടില്ലാത്ത തുടരെയുള്ള ആറുജയം എന്ന റെക്കോഡ് സ്വന്തമാക്കാനാണ് സ്‌പെയിന്‍ ശ്രമിക്കുന്നത്.

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയിലെ നാലാമത്തെ പ്രധാന ടൂര്‍ണമെന്റ് ഫൈനല്‍ ലക്ഷ്യമിട്ടാണ് ഫ്രഞ്ച് പട ഇന്നിറങ്ങുന്നത്. ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയോട് തോറ്റതിനുശേഷം ടീമിന്റെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിട്ടില്ല.. യൂറോയിലും ഗോള്‍ വരള്‍ച്ച നേരിടുന്ന ദിദിയര്‍ ദഷാമിന്റെ ഫ്രഞ്ച് പട ആധികാരിക പ്രകടനത്തില്‍ നിന്ന് ഏറെ അകലെയാണ്. ക്യാപ്റ്റന്‍ എംബാപ്പെയുടെ മോശം ഫോമും ആശങ്കയുയര്‍ത്തുന്നു. എംബാപ്പെ അടക്കമുള്ള മുന്നേറ്റ നിര അവസരത്തിനൊത്ത് ഉയരുമെന്ന പ്രതീക്ഷയിലാണ് ഫ്രാന്‍സ് ഇന്ന് സ്‌പെയിനിനെ നേരിടുന്നത്.

 

Latest