sharon raj murder
ആദ്യം സെക്സ്ചാറ്റ്, പിന്നെ ലൈംഗിക ബന്ധത്തിന് ക്ഷണം; ഒടുവിൽ വിഷകഷായം നൽകി കൊല
ഉന്നത സാമ്പതിക നിലയുള്ള സൈനികന്റെ വിവാഹാലോചന വന്നതോടെയാണ് ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാൻ വഴിതേടിയതെന്ന് കുറ്റപത്രം
തിരുവനന്തപുരം | പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ 85- ദിവസത്തിന് ശേഷം അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. ഒന്നാംപ്രതി ഗ്രീഷ്മ, രണ്ടാം പ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധു, മൂന്നാംപ്രതി അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവര്‍ക്കെതിരായ കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് സംഘം നെയ്യാറ്റിന്‍കര കോടതിയില്‍ സമര്‍പ്പിച്ചത്.
സംഭവദിവസം ഷാരോണുമായി സെക്സ് ചാറ്റ് നടത്തയ ഗ്രീഷ്മ ഷാരോണിനെ ലൈംഗികബന്ധത്തിനായി വീട്ടിലേക്ക് ക്ഷണിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഷാരോണ്‍ വീട്ടിലേക്ക് വരുന്നതിന് മുന്‍പ് തന്നെ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് ഒരു ഗ്ലാസ് കഷായം ഷാരോണിനെകൊണ്ട് കുടിപ്പിച്ചു. കഷായം കുടിച്ച് വീടിന് പുറത്തേക്ക് പോയ ഷാരോണ്‍ ഛര്‍ദിച്ച് അവശനായാണ് പുറത്ത് കാത്തിരുന്ന സുഹൃത്തിന്റെ അടുത്തെത്തിയത്. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷാരോൺ ഒക്ടോബര്‍ 25ന് മരണത്തിന് കീഴടങ്ങി.
ഉന്നത സാമ്പതിക നിലയുള്ള സൈനികന്റെ വിവാഹാലോചന വന്നതോടെയാണ് ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാൻ വഴിതേടിയതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ഇതോടെ ഷാരോണുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ച ഗ്രീഷ്മ ഇതിനായി പല പദ്ധതികൾ നടപ്പിലാക്കി. ആദ്യം പല കള്ളങ്ങൾ പറഞ്ഞ് ഷാരോണിനെ അകറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് പാരസെറ്റമോള്‍ ഗുളികകള്‍ പൊടിച്ച് ജ്യൂസില്‍ കലര്‍ത്തി നല്‍കി കൊല്ലാൻ ആദ്യശ്രമം നടത്തി. ജ്യൂസ് ചലഞ്ച് എന്ന പേരില്‍ നടത്തിയ ഈ ശ്രമം വിജയിച്ചില്ല. ഷാരോൺ ജ്യൂസ് തുപ്പിയതോടെ ആ പദ്ധതി പാളി. പിന്നാലെയാണ് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.