Kerala
വിഴിഞ്ഞത്ത് ആദ്യകപ്പല്‍ അടുത്ത വര്‍ഷം സെപ്തംബറില്‍: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
70 ശതമാനം നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി

തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ 2023 സെപ്റ്റംബര്‍ അവസാനം എത്തിക്കാനാകുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.തുറമുഖത്തിനെതിരായ സമരം മൂലം നഷ്ടമായ ദിവസങ്ങള്‍ തിരികെ പിടിച്ച് നിര്‍മ്മാണം ത്വരിതപ്പെടുത്തുംമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തുറമുഖ നിര്‍മാണ പുരോഗതി വിലയിരുത്താനായി ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
30,000 ടണ്‍ കല്ല് പ്രതിദിനം നിക്ഷേപിക്കും. നിലവില്‍ 15,000 ടണ്‍ ആണ് നിക്ഷേപിക്കുന്നത്. അത് 30,000 ടണ്‍ ആയാണ് ഉയര്‍ത്തുന്നത്. എല്ലാ മാസവും പ്രവര്‍ത്തന അവലോകനം നടത്തി മുന്നോട്ട് പോകാനാണ് തീരുമാനം. പോര്‍ട്ട് പരിപൂര്‍ണമായും കമ്മീഷന്‍ ചെയ്യാന്‍ 2024 ആവുമെന്നാണ് കണക്കുകൂട്ടല്‍. 70 ശതമാനം നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അദാനി ഗ്രൂപ്പ് പ്രതിനിധികളും വിസില്‍ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. മന്ത്രിയും സംഘവും പദ്ധതിപ്രദേശം സന്ദര്‍ശിക്കുകയും ചെയ്തു.