Ongoing News
പ്രഥമ സൂപ്പര്‍ ലീഗ് കേരള; മലപ്പുറത്തെ സമനിലയില്‍ തളച്ച് തിരുവനന്തപുരം കൊമ്പന്‍സ് സെമിയില്‍
പയ്യനാട് സ്റ്റേഡിയത്തില്‍ കൊമ്പന്‍മാരോട് 2-2ന് സമനിലയില്‍ ആരാധകര്‍ ഏറെയുള്ള മലപ്പുറം സെമി കാണാതെ പുറത്തായി
മഞ്ചേരി | പ്രഥമ സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറത്തെ സമനിലയില്‍ തളച്ച് തിരുവനന്തപുരം കൊമ്പന്‍സ് എഫ് സി സെമിയില്‍. പയ്യനാട് സ്റ്റേഡിയത്തില്‍ കൊമ്പന്‍മാരോട് 2-2ന് സമനിലയില്‍ മലപ്പുറം സെമി കാണാതെ പുറത്തായി. 36-ാം മിനിറ്റില്‍ ഓഖട്ടമെര്‍ ബിസ്‌പോ, 46-ാം മിനിറ്റില്‍ പോള്‍ എന്നിവര്‍ കൊമ്പന്‍മാര്‍ക്കായി വല കുലുക്കി. 70-ാം മിനിറ്റില്‍ അലക്‌സ് സാഞ്ചസ് മലപ്പുറത്തിന്റെ ആശ്വാസ ഗോള്‍ നേടി.
സെമിയില്‍ തിരുവനന്തപുരം കാലിക്കറ്റ് എഫ് സിയെ നേരിടും. സെമി ഉറപ്പിക്കാന്‍ കളത്തിലിറങ്ങിയ ആരാധകര്‍ ഏറെയുള്ള മലപ്പുറം കഴിഞ്ഞ മത്സരത്തില്‍ നിന്ന് നാല് മാറ്റങ്ങള്‍ വരുത്തിയാണ് പടയ്ക്കിറങ്ങിയത്. ഗോള്‍കീപ്പര്‍ മിഥുന്‍, ക്യാപ്റ്റന്‍ അനസ് എടത്തൊടിക, നന്ദു കൃഷ്ണ, ഉഗാണ്ടന്‍ താരം ഹെന്‍ഡ്രി കിസേക്ക എന്നിവര്‍ ആദ്യ 11ല്‍ തിരിച്ചെത്തി. പെഡ്രോ മാന്‍സി, സിനാന്‍, നോറം, അജിത് കുമാര്‍ എന്നിവര്‍ എന്നിവര്‍ പകരക്കാരായി. 3-5-2 ശൈലിയില്‍ ആക്രമണത്തിന് പ്രാധാന്യം നല്‍കിയാണ് കോച്ച് ജോണ്‍ ഗ്രിഗറി ടീമിനെ ഇറക്കിയത്.
സെമി ഉറപ്പിക്കാന്‍ ബ്രസീലിയന്‍ കരുത്തുമായി 4-3 – 3 ശൈലിയാണ് തിരുവനന്തപുരം കോച്ച് സെര്‍ജിയോ അലക്‌സാന്‍ഡ്രെ പരീക്ഷിച്ചത്. ആദ്യ മിനിറ്റില്‍ തന്നെ കൊമ്പന്‍സ് പോര്‍മുഖം ഹെന്‍ഡ്രി കിസേക്ക വിറപ്പിച്ചെങ്കിലും കോര്‍ണര്‍ വഴങ്ങി അപകടമൊഴിവാക്കി. ഒമ്പതാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ ഫസലുറഹ്മാന്‍ മിത്ത് അഡേക്കറിന് നല്‍കി. വലതു വിങ്ങില്‍ നിന്ന് മിത്ത് നല്‍കിയ ക്രോസ് ഗുര്‍ജീന്ദര്‍ ഹെഡ് ചെയ്‌തെത് കൊമ്പന്‍സ് കീപ്പര്‍ മൈക്കിള്‍ സാന്റോസ് തടഞ്ഞു.
ഹെന്‍ഡ്രിയും ഫസലുവും ബ്രസീലിയന്‍ താരം ബാര്‍ബോസ ജൂനിയറും അക്രമിച്ചു കളിച്ചെങ്കിലും കൊമ്പന്‍മാര്‍ കോട്ട കാത്തു. 36-ാം മിനിറ്റില്‍ ആര്‍ത്തിരമ്പിയ ഗാലറിയെ നിശബ്ദമാക്കി കൊമ്പന്‍സ് ആദ്യം കുലുക്കി. പന്തുമായി കുതിച്ച ഓട്ടമെര്‍ ബിസ്‌പോയെ ബോക്‌സില്‍ നന്ദു കൃഷ്ണ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ബിസ്‌പോ തന്നെ പോസ്റ്റില്‍ അടിച്ചു കയറ്റി (സ്‌കോര്‍ 1-0).ര ണ്ടാം പകുതി ആരംഭിച്ച ആദ്യ മിനിറ്റില്‍ കൊമ്പന്‍സ് മലപ്പുറത്തെ ഞെട്ടിച്ചു. വലതുവിങ്ങില്‍ നിന്ന് മുഹമ്മദ് അസ്ഹര്‍ നല്‍കിയ പന്ത് സ്വീകരിച്ച പോള്‍, കീപ്പര്‍ മിഥുന്റെ തലക്ക് മുകളിലൂടെ കോരിയിട്ട് ലീഡുയര്‍ത്തി. (സ്‌കോര്‍ 2.0 ).
52ാം മിനിറ്റില്‍ തിരുവനന്തപുരം ലീഡുയര്‍ത്തി. അസ്ഹര്‍ നല്‍കിയ ക്രോസിന് ബിസ്‌പോ കാല് വെച്ചെങ്കിലും മിഥുന്‍ രക്ഷപ്പെടുത്തി. 70-ാം മിനിറ്റില്‍ മലപ്പുറം ഒരു ഗോള്‍ തിരിച്ചടിച്ചു. പകരക്കാരനായി ഇറങ്ങി മിനിറ്റുകള്‍ക്കകം സ്പാനിഷ് താരം അലക്‌സ് സാഞ്ചസ് ബാര്‍ബോസയുടെ ക്രോസ് ഗോളാക്കി. (സ്‌കോര്‍ 2 -1 ). അവസാനം മലപ്പുറം ആക്രമണം കടുപ്പിച്ചെങ്കിലും കൊമ്പന്മാര്‍ക്കു മുമ്പില്‍ ഇടറി.