Connect with us

Articles

കടക്കെണിയൊരുക്കുന്ന സാമ്പത്തിക നയങ്ങള്‍

വന്‍കിടക്കാരില്‍ നിന്നുള്ള കുടിശ്ശിക പിരിച്ചെടുത്തും ധൂര്‍ത്ത് ഒഴിവാക്കിയും സാമ്പത്തിക അച്ചടക്കം പാലിച്ചുമുള്ള ധനകാര്യ മാനേജ്മെന്റ് സാമ്പത്തിക നില ഭദ്രമാക്കാന്‍ സഹായിക്കും. എല്ലാത്തരം നികുതികളും വര്‍ധിപ്പിച്ചിട്ടും കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ തന്നെയാണ്. ഇന്ന് കേരളത്തിന്റെ പൊതുകടം 3.90 ലക്ഷം കോടി രൂപയാണ്.

Published

|

Last Updated

കേരളത്തിന്റെ സാമ്പത്തിക നില ഭദ്രമല്ലെന്നാണ് സംസ്ഥാന ധനകാര്യ മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുള്ളത്. വന്‍കിടക്കാരില്‍ നിന്നുള്ള കുടിശ്ശിക പിരിച്ചെടുത്തും ധൂര്‍ത്ത് ഒഴിവാക്കിയും സാമ്പത്തിക അച്ചടക്കം പാലിച്ചുമുള്ള ധനകാര്യ മാനേജ്മെന്റ് സാമ്പത്തിക നില ഭദ്രമാക്കാന്‍ സഹായിക്കും. എല്ലാത്തരം നികുതികളും വര്‍ധിപ്പിച്ചിട്ടും കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ തന്നെയാണ്. ഇന്ന് കേരളത്തിന്റെ പൊതുകടം 3.90 ലക്ഷം കോടി രൂപയാണ്.

2021-22ലെ കണക്ക് ഓഡിറ്റ് ചെയ്ത സി എ ജിയുടെ റിപോര്‍ട്ട് ചില കാര്യങ്ങളെ സംബന്ധിച്ച് വ്യക്തത വരുത്തുന്നു. 2021-22ലെ റവന്യൂ വരുമാനം 1.16 ലക്ഷം കോടി രൂപയാണ്. ഇത് മൊത്തം വരുമാനത്തിന്റെ 41 ശതമാനമാണ്. എന്നാല്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ റവന്യൂ വരുമാനം 44 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ മൂന്ന് ശതമാനം കുറവ് 2021-22ലെ റവന്യൂ വരുമാനത്തില്‍ വന്നിരിക്കുന്നു. ഇതൊരു വീഴ്ചയായി തന്നെ കണക്കാക്കണം. അതുപോലെ 2021-22ല്‍ കേന്ദ്രത്തില്‍ നിന്ന് കിട്ടിയത് 47,837 കോടിരൂപ. ഇതും 2020-21ലേതിനേക്കാള്‍ മൂന്ന് ശതമാനം കുറവാണെന്നാണ് സി എ ജി റിപോര്‍ട്ടില്‍ പറയുന്നത്. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടത് കിട്ടിയില്ല എന്ന വാദമാണ് സംസ്ഥാന സര്‍ക്കാറിനുള്ളത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നത് കൊടുത്ത പണത്തിന്റെ കണക്ക് നല്‍കാത്തതുകൊണ്ടാണ് പണം ലഭിക്കുന്നതില്‍ കുറവ് വരുന്നത് എന്നാണ്. സാമ്പത്തിക ബാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ളത് കണക്കു പറഞ്ഞ് വാങ്ങിക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാറിനുണ്ട്. തനത് നികുതി വരുമാനം 2020-21ല്‍ 47,660 കോടി രൂപയായിരുന്നെങ്കില്‍ 2021-22ല്‍ അത് 10,680 കോടി രൂപ വര്‍ധിച്ച് 58,340 കോടി രൂപയായിരിക്കുന്നു. ഇത് സാമ്പത്തിക വളര്‍ച്ചയുടെ നേട്ടമായിട്ട് തന്നെ കാണണം. നികുതി കുടിശ്ശിക 28,258 കോടി രൂപയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ധനകാര്യ മന്ത്രി നിയമസഭയില്‍ പറഞ്ഞത് കേരളം ഉണ്ടായ കാലം മുതലുള്ള കുടിശ്ശികയാണ് ഇതെന്നാണ്. 2020-21ല്‍ നികുതി കുടിശ്ശിക 21,798 കോടി രൂപയായിരുന്നുവെങ്കില്‍ 2021-22ല്‍ 6,460 കോടി കൂടി 28,258 കോടിയായി മാറിയിരിക്കുന്നു. ഒറ്റവര്‍ഷം കൊണ്ട് 6,460 കോടി രൂപ കുടിശ്ശിക വര്‍ധിച്ചു. നികുതി കുടിശ്ശിക പിരിക്കുന്നതിന്റെ അലംഭാവം ഇതില്‍ നിന്ന് വ്യക്തമാണ്. ഇത്രയും തുക തരാനുള്ളത് സമ്പന്നന്മാരാണ്. അതേസമയം സാധാരണ ജനങ്ങള്‍ കൊടുക്കാനുള്ള തുച്ഛമായ തുകക്ക് പോലും കര്‍ശനമായി നടപടി സ്വീകരിക്കുകയും ചെയ്യുന്നു. ഈ ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നത് കൊണ്ടാണ് നികുതി കുടിശ്ശിക വര്‍ധിച്ചുകൊണ്ടിരിക്കുന്നത്.

വികസന പ്രവര്‍ത്തനം ത്വരിത ഗതിയില്‍ നടക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും കരാറുകാരുടെ കുടിശ്ശിക 16,000 കോടി രൂപയാണ്. സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് ചെലവായ 132.9 കോടി രൂപ കൊടുക്കാത്തതുമൂലം ഉച്ചഭക്ഷണം തന്നെ തടസ്സപ്പെട്ടു. എന്നാല്‍ ഈ പ്രശ്നത്തില്‍ ഹൈക്കോടതി ഇടപെടുകയും കുടിശ്ശിക മുഴുവന്‍ കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കോടതിയെ സമീപിക്കേണ്ട അവസ്ഥ സംജാതമാകുക എന്നത് തന്നെ നാണക്കേടാണ്.

കേരളത്തില്‍ 64,006 അതി ദരിദ്രര്‍ ഉണ്ടെന്നാണ് പിന്നാക്ക ക്ഷേമ മന്ത്രി ഈ അടുത്ത ദിവസം പ്രസ്താവിച്ചത്. ഇവരില്‍ 99 ശതമാനവും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവരാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന വിലാസിനി എന്ന വിദ്യാര്‍ഥിനി ദിവസങ്ങളായി ഭക്ഷണം കിട്ടാതെ വന്നതിന്റെ പേരില്‍ ആത്മഹത്യ ചെയ്തത്. നെല്ല് കൊടുത്ത ഇനത്തില്‍ ആറ് മാസം കഴിഞ്ഞിട്ടും കുടിശ്ശിക കിട്ടാത്ത കര്‍ഷകര്‍ ഇപ്പോഴും ഉണ്ട്. അതുകൊണ്ടാണ് അവര്‍ക്ക് തിരുവോണ ദിവസം പട്ടിണി സമരം നടത്തേണ്ടി വന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡി എ കുടിശ്ശിക ഇനത്തില്‍ 18,000 കോടി രൂപയും പെന്‍ഷന്‍കാര്‍ക്ക് 4,200 കോടി രൂപയും നല്‍കാനുണ്ട്.

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ 2021 മുതല്‍ 2026 വരെ അനുവദിച്ച 53,137 കോടി രൂപയില്‍ 39 605.33 കോടി രൂപ ഇതുവരെ സംസ്ഥാനം വാങ്ങിയിരിക്കുന്നു. 2026വരെ ഇനി ലഭിക്കാനുള്ളത് 13531.67 കോടി രൂപ മാത്രം. ഇത് ലഭിക്കാത്തതില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുന്നു. പ്രതിഷേധം ആവശ്യമാണ്, പക്ഷേ അതിന് ന്യായീകരണം ഉണ്ടായിരിക്കണം.

കെ എസ് ആര്‍ ടി സി അടക്കം ഒമ്പത് പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കെ എസ് ഇ ബിയുടെ മാത്രം നഷ്ടം 1,822.35 കോടി രൂപയാണ്. കെ എസ് ആര്‍ ടി സിയുടെ നഷ്ടം 1,976 കോടി രൂപയും. ഇങ്ങനെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഡീസല്‍ ഇടപാടില്‍ 100 കോടി രൂപ കാണാനില്ല എന്ന വാര്‍ത്തയും പ്രചരിച്ചിട്ടുണ്ട്. ഇതിനെതിരെ കേസ് കൊടുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകാത്ത സ്ഥിതിയാണുള്ളത്. കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കോടതി പറഞ്ഞിട്ട് പോലും കഴിയാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍.

അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുകയും അനര്‍ഹമായ ചെലവ് വരുത്തുകയും കേരളത്തെ കടക്കെണിയിലാക്കുകയും ചെയ്യുന്ന സാമ്പത്തിക നയങ്ങള്‍ ഏറെ അപകടം ചെയ്യും. സാമ്പത്തിക അച്ചടക്കം പാലിച്ചും ധൂര്‍ത്ത് ഒഴിവാക്കിയും കേന്ദ്ര സര്‍ക്കാറില്‍ നിന്ന് കിട്ടാനുള്ളത് വാങ്ങിച്ചെടുത്തും കേരളത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവരണം.

 

മുന്‍ എം എല്‍ എ