Kerala
പെരിയാറിലെ മത്സ്യക്കുരുതി;വെള്ളത്തില്‍ അപകടകരമായ അളവില്‍ രാസ സാന്നിധ്യം കണ്ടെത്തിയതായി കുഫോസ്
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തല്‍ തള്ളിയിരിക്കുകയാണ് കുഫോസ് പഠനസമിതി.

ആലുവ | പെരിയാറിലെ മത്സ്യക്കുരുതിയില്‍ കുഫോസ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പെരിയാറിലെ ജലത്തില്‍ അമോണിയയും സള്‍ഫൈഡും അപകടകരമായ രീതിയില്‍ ഉണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് കുഫോസ് സംസ്ഥാന ഫിഷറീസ് വകുപ്പിന് സമര്‍പ്പിച്ചത്.
റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി കുഫോസ് ഗവേഷക സംഘം ചത്ത മത്സ്യങ്ങളുടെയും പെരിയാറിലെ ജലത്തിന്റെയും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. വിശദമായ റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്ന് കുഫോസ് വിസി അറിയിച്ചു.
പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ കാരണം രാസമാലിന്യമല്ലെന്നും വെള്ളത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞെന്നുമാണ് മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തല്‍ തള്ളിയിരിക്കുകയാണ് കുഫോസ് പഠനസമിതി.
അമോണിയയും സള്‍ഫൈഡും ജലത്തില്‍ കലര്‍ന്നത് ജൈവ മാലിന്യത്തില്‍ നിന്നും രാസമാലിന്യത്തില്‍ നിന്നുമാകാം. ഇതില്‍ സ്ഥിരീകരണം നടത്താന്‍ വിശദമായ പരിശോധന വേണമെന്നും വെള്ളത്തില്‍ ഓക്‌സിജന്റെ ലെവല്‍ കുറവായിരുന്നുവെന്നും കുഫോസ് ഫിഷറിസ് വകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫിഷറീസ് വകുപ്പിന്റെ നിര്‍ദേശാനുസരണം സര്‍വകലാശാല വിസിയാണ് ശാസ്ത്രീയ പഠനത്തിന് ഉത്തരവിട്ടത്.