Connect with us

Kerala

മത്സ്യബന്ധന തൊഴിലാളിക്ക് വെടിയേറ്റ സംഭവം; വെടിയുണ്ട ശാസ്ത്രീയ പരിശോധനക്ക് അയക്കും

വെടിയുണ്ടയുടെ ഉറവിടം അറിയാന്‍ ആയുധ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്.

Published

|

Last Updated

കൊച്ചി | ഫോര്‍ട്ടു കൊച്ചിയില്‍ മീന്‍പിടിത്തം കഴിഞ്ഞ് മടങ്ങുകയായിരുന്ന സെബാസ്റ്റ്യന് വെടിയേറ്റ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. വെടിയുണ്ടയുടെ ഉറവിടം അറിയാന്‍ ആയുധ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. വെടിയുണ്ട ഇന്ന് ശാസ്ത്രീയ പരിശോധനക്ക് അയക്കും.

നാവികസേന ഉപയോഗിക്കുന്ന തരത്തിലുള്ള ബുള്ളറ്റാണ് സെബാസ്റ്റ്യന്റെ ചെവിയുടെ ഭാഗത്ത് തുളഞ്ഞുകയറിയത്. ഐ എന്‍ എസ് ദ്രോണാചാര്യയിലെ സൈനികര്‍ പരിശീലനത്തിന് ഉപയോഗിക്കുന്ന മേഖലയില്‍ വച്ചാണ് സംഭവമുണ്ടായത്. അതിനാല്‍ത്തന്നെ പരിശീലനത്തിനിടെ നേവി സൈനികന്റെ തോക്കില്‍ നിന്ന് ലക്ഷ്യം തെറ്റി വന്നതാകാം വെടിയുണ്ടയെന്ന് സംശയമുയര്‍ന്നിരുന്നു. എന്നാല്‍, ആരോപണം നിഷേധിച്ച് നാവികസേന രംഗത്തെത്തിയിരുന്നു. ബുള്ളറ്റ് പരിശോധിച്ച ശേഷമായിരുന്നു ഇത്. പോലീസ് അന്വേഷിക്കട്ടെയെന്നും സേന പറഞ്ഞിരുന്നു.

നാവിക സേന ഇന്നലെ ഫയറിങ് പരിശീലനം നടത്തിയ സമയം ഉള്‍പ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്. വെടിയേറ്റ മേഖലയിലും ബോട്ടിലും പോലീസ് തെളിവെടുപ്പ് നടത്തി. കരയില്‍ നിന്ന് തന്നെയാകാം വെടിയുതിര്‍ത്തതെന്നാണ് പ്രാഥമിക നിഗമനം.

വെടിയേറ്റ സെബാസ്റ്റ്യന്‍ ആലപ്പുഴ അന്ധകാരനഴി സ്വദേശിയാണ്. ഉച്ചക്ക് 12ഓടെ മത്സ്യബന്ധനം കഴിഞ്ഞ് ബോട്ടില്‍ മടങ്ങുമ്പോഴാണ് സംഭവം. ബോട്ടില്‍ നിന്ന് പിന്നീട് വെടിയുണ്ട കണ്ടെത്തി. സെബാസ്റ്റ്യന്റെ പരുക്ക് സാരമുള്ളതല്ല.

 

 

Latest