fisherman protest
ബോട്ടുകളുമായി മത്സ്യത്തൊഴിലാളികളുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച്
ബോട്ടുകളുമായി വന്ന വാഹനങ്ങള്‍ പോലീസ് തടഞ്ഞതില്‍ നേരിയ സംഘര്‍ഷം: ബോട്ടുകള്‍ റോഡിലിറക്കി പ്രതിഷേധിച്ചു
തിരുവനന്തപുരം വിഴിഞ്ഞം തുറമുഖ നിര്‍മാണത്ലെതെ തുടര്‍ന്നുള്ള തീരശോഷണമടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ലത്തീന്‍ രൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. കഴിഞ്ഞ പത്ത് ദിവസമായി സെക്രട്ടേറിയറ്റ് നടയില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായാണ് ഇന്ന് മത്സ്യത്തൊഴിലാളികള്‍ കുടുംബത്തോടെ പ്രതിഷേധത്തിനെത്തിയത്. നൂറ്മകണക്കിന് പേരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്, നഗരത്തിലെ പല ഭാഗത്ത് നിന്നുമാണ് മാര്‍ച്ച് സെക്രട്ടേറിയറ്റിലേക്ക് വരുന്നത്. തോണികളും ബോട്ടുകളുമായി അമ്പതോളം വാഹനങ്ങളാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.
സെക്രട്ടേറിയറ്റ് പരിസരത്തുവെച്ച് ബോട്ട് കത്തിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പദ്ധതിയുണ്ടെന്ന രഹസ്യ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസിനൊപ്പം അഗ്നിശമന വിഭാഗത്തേയും വിന്യസിച്ചിട്ടുണ്ട്. മാര്‍ച്ചിനെ തുടര്‍ന്ന് നഗരത്തില്‍ വലിയ തോതില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. മാര്‍ച്ച് പൂര്‍ണമായും സെക്രട്ടേറിയറ്റ് പരിരസത്ത് എത്തിയ ശേഷമായിരിക്കും ഉദ്ഘാടനം നടക്കുക. എന്നാല്‍ മാര്‍ച്ച് എപ്പോള്‍ പൂര്‍ത്തിയാക്കുമെന്നത് സംബന്ധിച്ച് പോലീസിനും വ്യക്തമായ വിവരമില്ല. ആക്രമ സംഭവങ്ങളുണ്ടായാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
അതിനിടെ സമരത്തിനായി ബോട്ടുകള്‍ കൊണ്ടുവന്നത് പോലീസ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി. തിരുവല്ലം, ഇഞ്ചക്കല്‍, ജനറല്‍ ആശുപത്രി ജംഗ്ഷന്‍, കഴക്കൂട്ടം തുടങ്ങിയ സ്ഥലങ്ങളിലാണ് മത്സ്യത്തൊഴിലാളികളുടെ ബോട്ടുമായി എത്തിയ വാഹനങ്ങള്‍ പോലീസ് തടഞ്ഞത്. ഇതേത്തുടര്‍ന്ന് പോലീസുമായി വാക്കേറ്റത്തിലേര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ പേട്ടയില്‍ തിരുവനന്തപുരം ബൈപ്പാസ് റോഡ് ഉപരോധിച്ചു. ബോട്ടുകളുമായി എത്തിയ വാഹനം കടത്തിവിടാതെ ഒരു വാഹനവും കടത്തിവിടില്ലെന്ന് സമരക്കാര്‍ നിലപാടെടുത്തു. ദീര്‍ഘസമയത്തെ തര്‍ക്കത്തിന് ശേഷം പൊലീസ് മത്സ്യത്തൊഴിലാളികളുടെ വാഹനം കടത്തിവിട്ടതോടെയാണ് ഗതാഗതക്കുരുക്കിന് ശമനമായത്. തുര്‍ന്നാണ് സെക്രട്ടേറിറ്റ് പരിസരത്ത് മാര്‍ച്ച് നടന്നത്.