Connect with us

Kerala

ഡീഗോ ഗാര്‍ഷ്യ ദ്വീപിന്റെ സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം; ബ്രിട്ടീഷ് സേനയുടെ പിടിയിലായ 10 ഇന്ത്യക്കാര്‍ക്ക് മോചനം

ബോട്ടിന്റെ ഉടമസ്ഥനായ തമിഴ്‌നാട് തൂത്തുര്‍ സ്വദേശി ബോസ്‌കോ ജെറിന്‍ ചാള്‍സ്, എട്ട് അസാം സ്വദേശികള്‍, ഒരു ജാര്‍ഖണ്ഡ് സ്വദേശി ഉള്‍പ്പെടെയുള്ളവരെയാണ് വിഴിഞ്ഞം തീര സംരക്ഷണ സേന ഏറ്റുവാങ്ങി വിഴിഞ്ഞത്തെത്തിച്ചത്.

Published

|

Last Updated

തിരുവനന്തപുരം| ഡീഗോ ഗാര്‍ഷ്യ ദ്വീപില്‍ ബ്രിട്ടീഷ് സേനയുടെ പിടിയിലായ തമിഴ്‌നാട് സ്വദേശി ഉള്‍പ്പെടെയുള്ള പത്ത് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. ഇന്ത്യന്‍ തീര സംരക്ഷണ സേനക്ക് കൈമാറിയ ഇന്ത്യക്കാരെ ഇന്നലെയാണ് വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചത്.

ബോട്ടിന്റെ ഉടമസ്ഥനായ തമിഴ്‌നാട് തൂത്തുര്‍ സ്വദേശി ബോസ്‌കോ ജെറിന്‍ ചാള്‍സ്, എട്ട് അസാം സ്വദേശികള്‍, ഒരു ജാര്‍ഖണ്ഡ് സ്വദേശി ഉള്‍പ്പെടെയുള്ളവരെയാണ് വിഴിഞ്ഞം തീര സംരക്ഷണ സേന ഏറ്റുവാങ്ങി വിഴിഞ്ഞത്തെത്തിച്ചത്. കഴിഞ്ഞ മാസം ഇരുപതിന് തൂത്തൂര്‍ തീരത്ത് നിന്നാണ് സംഘം മത്സ്യം പിടിക്കാന്‍ പുറപ്പെട്ടത്.പത്ത് ദിവസത്തെ യാത്രക്കൊടുവില്‍ ഈ മാസം ഒന്നിനാണ് ഇവര്‍ ബ്രിട്ടീഷ് അധീനതയിലുള്ള ഡീഗോ ഗാര്‍ഷ്യാ ദ്വീപിന്റെ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ചത്.

വില പിടിപ്പുള്ള മീനുകള്‍ ധാരാളമുള്ള കടല്‍ മേഖലയില്‍ നിന്ന് മീന്‍ പിടിത്തം തുടരുന്നതിനിടയില്‍ ഇക്കഴിഞ്ഞ ആറിന് ബ്രിട്ടിഷ് സേന ഇവരെ പിടികൂടുകയായിരുന്നു. ദ്വീപിന് ചുറ്റുവട്ടത്തെ ഇരുന്നൂറ് കിലോമീറ്റര്‍ ചുറ്റളവില്‍ മീന്‍ പിടിത്ത നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത് അറിയാതെ 120 കിലോമീറ്റര്‍വരെ ഉള്ളിലേക്ക് പ്രവേശിച്ച സംഘത്തെ കസ്റ്റഡിയിലെടുത്ത സേന ദ്വീപിലേക്ക് കൊണ്ടുപോയി. ബ്രിട്ടീഷ് സേന ഒരാഴ്ച ഇവരെ തടവില്‍ പാര്‍പ്പിച്ചു.

പിന്നാലെ മത്സ്യബന്ധന ബോട്ടിന് 66000 പൗണ്ട് (ഏകദേശം 66 ലക്ഷം രൂപ) പിഴയിട്ടു. പിഴത്തുക അടക്കുന്നതുവരെ ബോട്ട് പിടിച്ചുവെച്ച അധികൃതര്‍ മത്സ്യത്തൊഴിലാളികളെ വിട്ടയക്കുകയായിരുന്നു. ബി.ഐ.ഒ.ടി എന്ന കപ്പലില്‍ ഉള്‍ക്കടലില്‍ എത്തിച്ച ശേഷം ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ കപ്പലായ സി. 427 ഉല്‍ക്കടലില്‍ എത്തി ഇന്നലെ രാവിലെ മത്സ്യ തൊഴിലാളികളെ ഏറ്റുവാങ്ങുകയായിരുന്നു.

ഉച്ചക്ക് വിഴിഞ്ഞത്ത് കൊണ്ടുവന്ന തൊഴിലാളികളെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷം ഫിഷറീസ് അധികൃതര്‍ക്ക് കൈമാറിയതായി വിഴിഞ്ഞം സ്റ്റേഷന്‍ കമാണ്ടര്‍ കമാണ്ടന്റ് ജി.ശ്രീകുമാര്‍ പറഞ്ഞു. തുടര്‍ന്ന് തമിഴ്‌നാട് ഫിഷറീസ് അധികൃതര്‍ എത്തി വൈകുന്നേരത്തോടെ സംഘത്തെ ഏറ്റുവാങ്ങി തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോയി.

 

 

 

Latest