Health
ഫിറ്റ്‌നസ് ചലഞ്ച്; നഗരത്തിലുടനീളം നിരവധി പ്രവര്‍ത്തനങ്ങള്‍
ദിവസവും 30 മിനുട്ട് വ്യായാമം ചെയ്യാന്‍ എല്ലാ താമസക്കാരെയും പ്രോത്സാഹിപ്പിക്കുന്നതാണ് ഇവന്റ്.
ദുബൈ | ഒക്ടോബര്‍ 24-ന് ആരംഭിക്കുന്ന ദുബൈ ഫിറ്റ്‌നസ് ചലഞ്ച് എട്ടാം പതിപ്പ് എക്കാലത്തെയും വലിയതായിരിക്കുമെന്ന് സംഘാടകര്‍. ഈ വര്‍ഷം, നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ നഗരത്തിലേക്ക് വരുമെന്ന് ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് സി ഇ ഒ. അഹമ്മദ് അല്‍ ഖാജ പറഞ്ഞു. വര്‍ഷങ്ങളായി സ്ഥാപിച്ച റെക്കോര്‍ഡ് സംഖ്യകള്‍ മറികടക്കുന്ന, ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ചലഞ്ച് ആയിരിക്കും ഈ വര്‍ഷത്തേതെന്നും അദ്ദേഹം പറഞ്ഞു.
ദിവസവും 30 മിനുട്ട് വ്യായാമം ചെയ്യാന്‍ എല്ലാ താമസക്കാരെയും പ്രോത്സാഹിപ്പിക്കുന്നതാണ് ഇവന്റ്. സഞ്ചരിക്കുന്ന മൊബൈല്‍ ജിംബോക്‌സ് മുതല്‍ വെള്ളത്തിനടിയിലുള്ള പ്രവര്‍ത്തനങ്ങള്‍ വരെയുള്ള ധാരാളം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവും. ദുബൈ റൈഡ് നവംബര്‍ പത്തിന് നടക്കും. രണ്ട് ഘട്ടങ്ങള്‍ ഇതിനുണ്ട്. 12 കിലോമീറ്റര്‍, നാല് കിലോമീറ്റര്‍ റെയ്ഡില്‍ കഴിഞ്ഞ വര്‍ഷം 35,000-ത്തിലധികം പേര്‍ പങ്കെടുത്തിരുന്നു.
ഈ വര്‍ഷം നഗരത്തിലുടനീളം മൂന്ന് ഫിറ്റ്‌നസ് വില്ലേജുകളും 23-ലധികം ഫിറ്റ്‌നസ് ഹബ്ബുകളും ഉണ്ടാകും. പുതിയ ക്രിക്കറ്റ് സോണ്‍, റണ്ണിംഗ് ക്ലബ്, സ്പിന്നിംഗ് സോണ്‍, കിഡ്‌സ് ഫിറ്റ്‌നസ് സോണ്‍ എന്നിവയുള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഫിറ്റ്‌നസ് സോണുകളിലുണ്ടാവും. പ്ലസ് 500 സിറ്റി ഹാഫ് മാരത്തണ്‍ ഒക്ടോബര്‍ 27ന് നടക്കും. ആദ്യമായി പ്രീമിയര്‍ പാഡല്‍ പി1 ടൂര്‍ണമെന്റ് നവംബര്‍ മൂന്നിന് ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നീസ് സ്റ്റേഡിയത്തില്‍ നടക്കും. പുരുഷ-വനിതാ വിഭാഗങ്ങളിലായി എട്ട് മില്യണ്‍ ദിര്‍ഹം സമ്മാനമായി നല്‍കും.
ജനപ്രിയ ദുബൈ റണ്‍ നവംബര്‍ 24 ഞായറാഴ്ചയാണ് നടക്കുക. ശൈഖ് സായിദ് റോഡിലൂടെ അഞ്ച് കിലോമീറ്ററിനും പത്ത് കിലോമീറ്ററിനും ഇടയിലുള്ള റൂട്ടുകളില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുക്കും. ദുബൈ റൈഡിന്റെ രജിസ്‌ട്രേഷനുകള്‍ ആരംഭിച്ചതായി സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.