Uae
യു എ ഇയില്‍ അഞ്ച് ,പത്ത് നോട്ടുകള്‍ പ്രചാരത്തിലായി
.ഈ നോട്ടുകള്‍ മോടിയുള്ള പോളിമര്‍ മെറ്റീരിയലുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്
ദുബൈ | യു എ ഇയില്‍ അഞ്ച് ,പത്ത് ,50 നോട്ടുകള്‍ പ്രചാരത്തിലായതായി യുഎഇ സെന്‍ട്രല്‍ ബേങ്ക് ശനിയാഴ്ച അറിയിച്ചു.പുതിയ നോട്ടുകളെക്കുറിച്ചു പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനും അവയുടെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനുമായി രാജ്യത്ത് എല്ലാ ബേങ്കുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട് . എടിഎമ്മുകളിലേക്കും അവ വിതരണം ചെയ്തിട്ടുണ്ട് .ഈ നോട്ടുകള്‍ മോടിയുള്ള പോളിമര്‍ മെറ്റീരിയലുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. കള്ളപ്പണം തടയുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളുമുണ്ട്. എമിറേറ്റ്‌സ് എന്‍ബിഡി, അബുദബി കൊമേഴ്‌സ്യല്‍ ബേങ്ക്, ഫസ്റ്റ് അബുദബി ബേങ്ക്, ബേങ്ക് ഓഫ് ഷാര്‍ജ എന്നിവ പുതിയ നോട്ടുകള്‍ക്കായി എടിഎമ്മുകള്‍ പ്രോഗ്രാം ചെയ്ത ദേശീയ ബേങ്കുകളില്‍ ഉള്‍പ്പെടുന്നു.
5 ദിര്‍ഹം നോട്ടിന്റെ രൂപകല്‍പ്പനയില്‍ യുഎഇ ദേശീയ ചിഹ്നങ്ങളും ലാന്‍ഡ്മാര്‍ക്കുകളും ഉള്‍പ്പെടുന്നു. മുന്‍വശത്ത് അജ്മാന്‍ കോട്ടയും പിന്നില്‍ റാസ്അല്‍ ഖൈമയിലെ ധയാഹ് കോട്ടയുമാണ്. 10 ദിര്‍ഹം നോട്ടില്‍ അബുദബിയിലെ ശൈഖ്‌സാ യിദ് ഗ്രാന്‍ഡ് മസ്ജിദും ഷാര്‍ജയിലെ ഖോര്‍ഫക്കന്‍ ആംഫി തിയേറ്ററുമാണ് .യുഎഇ രാഷ്ട്ര പിതാവ് അന്തരിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ഛായാചിത്രം ഉള്‍ക്കൊള്ളുന്ന സുതാര്യമായ ജാലകമാണ് മറ്റൊന്ന് . പ്രത്യേക പ്രിന്റിംഗ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സൃഷ്ടിച്ച ഫ്‌ലൂറസെന്റ് ഡ്രോയിംഗുകളും ലിഖിതങ്ങളും സഹിതം യുഎഇ ബ്രാന്‍ഡ് ലോഗോയും അവ അവതരിപ്പിക്കുന്നു.കഴിഞ്ഞ വര്‍ഷം യു എ ഇ 50-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ 50 ദിര്‍ഹം നോട്ട് പുറത്തിറക്കിയത് .