National
നാടിനെ നടുക്കി വീടിനുള്ളില്‍ അഞ്ച് മൃതദേഹങ്ങള്‍; മരണം സംഭവിച്ചത് 2019ല്‍
2019 ജൂലൈ മുതല്‍ വീട് ആള്‍ താമസം ഇല്ലാത്ത നിലയിലായിരുന്നു.

ബെംഗളൂരു | കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ നാടിനെ നടുക്കി ഒരു വീട്ടില്‍ നിന്നും അഞ്ച് അസ്ഥികൂടങ്ങള്‍ കണ്ടെടുത്തു. റിട്ട. പി.ഡബ്ലു.ഡി എന്‍ജിനീയര്‍ ജഗന്നാഥ് റെഡ്ഡി (80), ഭാര്യ പ്രേമക്ക (72),മക്കളായ ത്രിവേണി (55), നരേന്ദ്ര (53) കൃഷ്ണ (51) എന്നിവരുടെ മൃതദേഹമാണ് പോലീസ് വീടിനുള്ളില്‍ കണ്ടെത്തിയത്. 2019ല്‍ മരണം സംഭവിച്ചിട്ടുണ്ടാകാമെന്നാണ് പോലീസ് പ്രാഥമികമായി വിലയിരുത്തുന്നത്.
ആള്‍താമസം തോന്നാത്ത വീട്ടിലേക്ക് അവിചാരിതമായി എത്തിയ പ്രദേശവാസിയാണ് മറവുചെയ്യാത്ത ഒരു അസ്ഥികൂടം ആദ്യം കണ്ടത്. തുടര്‍ന്ന് ഇയാള്‍ മാധ്യമപ്രവര്‍ത്തകനെ വിവരം അറിയിച്ചു. മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും വീട് പരിശോധിക്കുകയും ചെയ്തു. പരിശോധനയില്‍ നാലു മൃതദേഹങ്ങള്‍ കൂടി ഒരുമുറിയിലായി കണ്ടെത്തി. രണ്ട് മൃതദേഹങ്ങള്‍ ബെഡിലും രണ്ട് മൃതദേഹങ്ങള്‍ തറയിലുമായാണ് ഉണ്ടായത്.
2019 ലെ കലണ്ടറും ഇതേവര്‍ഷം അടച്ച വൈദ്യുതി ബില്ലുമാണ് മരണം നടന്നത് അഞ്ച് വര്‍ഷം മുന്നേ ആവാം എന്ന അനുമാനത്തിലെത്താന്‍ പോലീസിനെ സഹായിച്ചത്. അതേസമയം ആത്മഹത്യയോ കൊലപാതകമോ ആകാം നടന്നതെന്ന് പോലീസ് വ്യക്തമാക്കി.
പ്രദേശവാസികളുമായി അകല്‍ച്ച പാലിച്ചുകൊണ്ടുള്ള ജീവിത രീതിയായിരുന്നു ജഗന്നാഥ റെഡ്ഡിക്കും കുടുംബത്തിനും. സാധനങ്ങള്‍ വാങ്ങാനായി മാത്രമാണ് റെഡ്ഡി പുറത്തിറങ്ങാറുള്ളതെന്നാണ് അയല്‍ക്കാര്‍ പോലീസില്‍ അറിയിച്ചത്. മറ്റുള്ളവരുമായി വല്ലപ്പോഴും ജനല്‍ വഴിയാണ് ഇവര്‍ സംസാരിച്ചിരുന്നത്.
മരിച്ച അഞ്ചുപേര്‍ക്കും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. 2014ല്‍ ഇവരുടെ മകന്‍ മഞ്ജുനാഥ് മരണപെട്ടിരുന്നു. ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയ മറ്റ് മൂന്നു മക്കളും വിവാഹിതരായിരുന്നില്ല. 2019 ജൂലൈ മുതല്‍ വീട് ആള്‍ താമസം ഇല്ലാത്ത നിലയിലായിരുന്നു.
ഫോറന്‍സിക് പരിശോധന ഫലം വരുന്നതോടെ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളെന്ന് പോലീസ് വ്യക്തമാക്കി.